വയനാട്ടിലെ ദുരന്തമുഖത്ത് പ്രളയനാളുകളില്‍ ക്യാമറയുമായി നിന്ന അനുഭവം മനോരമ ന്യൂസിലെ മഹേഷ് പോലൂര്‍ എഴുതുന്നു.
കോരിച്ചൊരിയുന്ന മഴയിൽ വെള്ളം ഭൂതത്താൻകെട്ടിന്റെ താഴും തുറന്ന്, പെരിയാറിലേക്ക് കുതിക്കുന്ന സമയം. മഴക്കെടുതി റിപ്പോർട്ട് ചെയ്യാൻ മലബാറിലേക്ക് പോകണമെന്ന ഫോൺ കോൾ വന്നത് അപ്പോഴാണ്. അന്നു വൈകിട്ട് തന്നെ കോഴിക്കോട്ടേക്ക് തിരിച്ചു. സീനിയർ കറസ്പോണ്ടന്റ് നിഖിൽ ഡേവിസിനൊപ്പമാണ് യാത്ര.
ഇടവേളകളില്ലാതെ പെയ്ത കനത്തമഴ മനസ്സിനെ അലോസരപ്പെടുത്തി കൊണ്ടിരുന്നു. യാത്രക്കിടയിലാണ് വയനാട് മേപ്പാടി പുത്തുമലയാണ് ഞങ്ങളുടെ റിപ്പോർട്ടിംഗ് സ്പോട്ട് എന്നറിഞ്ഞത്. മേപ്പാടിയിൽ താമസിക്കുന്ന കോഴിക്കോട് കോണോട്ടുക്കാരനായ ലത്തീഫ്ക്കാ രാവിലെ മുതൽ വയനാട്ടിലെ മഴക്കെടുതികൾ അറിയിക്കുന്നുണ്ട്. മേപ്പാടി ചൂരൽമലക്കടുത്ത് പുത്തുമലയെന്ന സ്ഥലത്ത് ഉരുൾപ്പൊട്ടിയെന്നും ആളുകളെ കാണാതായതും ലത്തീഫ് ക്കാ വിളിച്ചറിയിച്ചത് വൈകിട്ടാണ്.
വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട്ടു നിന്നും ചുരം കയറാൻ തീരുമാനിച്ചു. ദേശീയ പാതയിൽ കൊടുവള്ളി നെല്ലാങ്കണ്ടിയിൽ വെള്ളക്കെട്ട്, ഒരുപാട് ചുറ്റി കറങ്ങിയാണ് താമരശ്ശേരിയിൽ എത്തിയത്. കനത്ത മഴയും മൂടൽമഞ്ഞും വയനാട് ചുരത്തിലെ യാത്ര ഭയപ്പെടുത്തി. അതിരാവിലെ മേപ്പാടിയിൽ എത്തി. അവിടെ നിന്ന് പുത്തുമലയിലേക്ക് യാത്ര നിയന്ത്രണമുണ്ട്. കള്ളാടി വരെ ഞങ്ങളുടെ വാഹനം കടത്തിവിടാമെന്ന് നാട്ടുകാർ പറഞ്ഞു. പുത്തമലയുൾപ്പെടുന്ന മലനിരകളുടെ താഴ്‌വാരമാണ് കള്ളാടി. മണ്ണിടിഞ്ഞ് മലവെള്ളം കുതിച്ചൊഴുകിയെത്തുന്ന കള്ളാടിയിൽ കണ്ട കാഴ്ചകൾ തന്നെ ആശങ്കയുണർത്തി.
പരുക്കേറ്റവരുമായി കുതിച്ചെത്തുന്ന രക്ഷാപ്രവർത്തകർ. പുത്തുമലയിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടുവരുന്ന കുറേയധികം സാധാരണ മനുഷ്യർ, ചിലർ വാവിട്ടു കരയുന്നു, കുട്ടികളുടെ മുഖത്ത് ഭീതിയൊഴിഞ്ഞിട്ടില്ല. തണുത്തു വിറച്ച് മലയിറങ്ങി വന്നവരെ പുതപ്പിനുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കുന്ന നാട്ടുകാർ. ആംബുലൻസുകൾ, പൊലിസ്, രക്ഷാപ്രവർത്തകർ അതിരാവിലെ തന്നെ കള്ളാടിയിൽ ജനക്കൂട്ടമാണ് പുത്തുമല തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം, മല നടന്നു കയറാൻ തീരുമാനിച്ചു.
മൂന്നു കിലോമീറ്റർ ദൂരം നടന്നു. വഴിയാകെ താറുമാറായിരുന്നു. പതിമൂന്നിടത്താണ് മണ്ണിടിച്ചിൽ, അതിൽ നാലോളം സ്ഥലങ്ങളിൽ ഉരുൾപ്പൊട്ടലിന് സമാനമാണ്. മുക്കാൽ മണിക്കൂറോളം രക്ഷാപ്രവർത്തകരുടെയും നാട്ടുകാരുടെയും ഇടയിലൂടെ നടന്ന് പുത്തുമലയിലെത്തി. തേയില തോട്ടത്തിന്റെ അടിവശത്ത് നിന്ന് ആളുകൾ ചിതറിയോടുന്നതാണ് പുത്തുമലയിൽ നിന്നും ക്യാമറയിൽ ആദ്യം പതിഞ്ഞത്. രക്ഷാപ്രവർത്തനം നടത്തുന്ന ഭാഗത്തേക്ക് വീണ്ടും മലയിടിഞ്ഞു വരുന്ന സാഹചര്യമുണ്ടായി.
സഹപ്രവർത്തകരായ റിപ്പോർട്ടർ സിനോജ് തോമസും ക്യാമറാമാൻ ജയിംസ് ശലോമനും ഉൾപ്പെടെ ആ ഭാഗത്തുണ്ടായിരുന്നു. ഏറെ പ്രയാസപ്പെട്ട് മഴവെള്ളപാച്ചിൽ കടന്നാണ് അവരെല്ലാം അക്കരെയെത്തിയത്. കണ്ണൊത്ത ദൂരത്തെ ഒരു മലയൊന്നാകെ ഒലിച്ചിറങ്ങിയതാണെന്ന് തോന്നി. പത്തടിയോളം ഉയരത്തിൽ മണ്ണും മരങ്ങളും വന്നടിഞ്ഞ് നിറഞ്ഞിരിക്കുകയാണ്. എവിടെയെങ്കിലും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ രക്ഷാപ്രവർത്തകർ ചിതറിയോടി നടക്കുകയാണ്, പരുക്കേറ്റവരെ കൊണ്ടുവരാൻ മലവെള്ളപാച്ചിലിന് കുറുകെ വടം കെട്ടി ശ്രമിക്കുകയാണ് നാട്ടുകാർ.
മനുഷ്യ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും അവിടെ നടന്നു. മൊബൈൽ ഫോണുകൾക്ക് റേഞ്ച് കിട്ടുന്നില്ല എടുത്ത ദൃശ്യങ്ങൾ. പുറംലോകത്തറിയിക്കാൻ മേപ്പാടി വരെയെത്തണം ഞങ്ങൾ മലയിറങ്ങി, പകുതി ദൂരം പിന്നിട്ടപ്പോൾ രക്ഷാ പ്രവർത്തനത്തിയ ചെറുപ്പക്കാർ അവരുടെ ജീപ്പിൽ മേപ്പാടി വരെയെത്തിച്ചു തന്നു. അടുത്ത ദിവസം വീണ്ടും പുത്തുമലയിലെത്തി അതിരാവിലെ തന്നെ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടങ്ങി. കിട്ടിയ മൃതദേഹങ്ങൾ ആരുടേതാണ് എന്നറിയാൻ നാട്ടുകാർ പ്രയാസപ്പെടുന്നുണ്ടായിരുന്നു. രക്ഷാപ്രവർത്തകർ അനുഭവിക്കുന്ന പ്രയാസങ്ങൾ നേരിട്ടു പകർത്താനായിരുന്നു ഞങ്ങളുടെ ശ്രമം. സുരക്ഷിത സ്ഥലമെന്ന് തോന്നിയ ഇടത്ത് നിന്നാണ് റിപ്പോർട്ടിംഗ്, വ്യൂ ഫൈന്ററിലൂടെ നോക്കി ദൃശ്യങ്ങൾ പകർത്തുമ്പോഴാണ് നിഖിൽഡേവിസിന്റെ വാക്കുകൾ അസാധാരണമായി മുറിഞ്ഞ് പോയത്, തിരിഞ്ഞു നോക്കുമ്പോൾ നിന്ന നിൽപ്പിൽ നിഖിൽ ഡേവിസിന്റെ കാലുകൾ മണ്ണിൽ താഴ്ന്നു പോയി, എത്രമാത്രം പ്രയാസപെട്ടാണ് രക്ഷാദൗത്യം പുത്തുമലയിൽ നടക്കുന്നത് എന്നറിയാൻ ആ ഒരൊറ്റ സംഭവം മതിയായിരുന്നു ഞങ്ങൾക്ക്.
പുത്തുമലയിലെ ദുരന്തഭൂമിയിൽ നിൽക്കുമ്പോൾ ഏറെ പ്രതീക്ഷ നൽകിയ ഒരു ദൃശ്യം അങ്ങ് ദൂരെ ഭവാനി പുഴയുടെ തീരത്തു നിന്നും കാണാനായി. സഹപ്രവർത്തകരായ വിവേക് മുഴക്കുന്നും, രമേശ് മണിയും അട്ടപ്പാടിയിലെ രക്ഷാപ്രവർത്തനം തൽസമയം നൽകിയത് ശ്വാസമടക്കിപിടിച്ചാണ് ഇവിടെ നിന്നും കണ്ടത്. പുഴയ്ക്ക് കുറുകെ അച്ഛന്റെ നെഞ്ചിൽ കിടന്ന് വന്ന ആ കുഞ്ഞിന്റെ കൈകളിലേക്ക് രമേഷ്മണിയുടെ ക്ലോസ് ഷോട്ട് . ഈ ദുരന്തത്തിനിടെ ഏറ്റവും ആശ്വാസം ദൃശ്യം ആ കുഞ്ഞു കൈകളാണ്.
പുത്തുമലയിൽ പ്രതീക്ഷയറ്റ മൂന്നാം ദിനവും രക്ഷാപ്രവർത്തകർ ശ്രമം തുടരുകയാണ്, ഇത്തവണ പുത്തുമലയുടെ മുകൾ ഭാഗത്തേക്കാണ് യാത്ര, തേയിലത്തോട്ടത്തിലൂടെ കിലോമീറ്ററുകൾ നടന്നാണ് യാത്ര. അതിനകത്തെ വീടുകളിലെല്ലാം ആളുകൾ ഒഴിഞ്ഞിരിക്കുന്നു. വിശന്നു തളർന്ന് വാലാട്ടി വന്ന പട്ടിക്ക് തനിക്ക് കിട്ടിയ ഭക്ഷണം പങ്കുവെക്കുന്ന അനുരൂപ് എന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ കണ്ടത് ആ യാത്രക്കിടയിലാണ്.
സുന്ദരമായ, സ്വർഗതുല്യമായിരുന്ന പുത്തുമലയുടെ ഹൃദയത്തിൽ ചോരപ്പാടുകൾ ചിന്തിയ പോലെയാണ് ഉയരത്തിൽ നിന്നും നോക്കുമ്പോൾ തോന്നിയത്. വസ്ത്രങ്ങൾ കാണുന്നിടം തിരയുകയായിരുന്നു രക്ഷാപ്രവർത്തകർ, അടിഞ്ഞുകൂടിയ ചെളി മാറ്റുകയായിരുന്ന ദുരന്തനിവാരണ സേനയിലെ ചെറുപ്പക്കാരനെ ശ്രദ്ധയിൽപ്പെട്ടത് അപ്പോഴാണ്, ആ മുഖം മനസ്സിൽ പതിഞ്ഞതാണ് കൃത്യം ഒരു വർഷം മുമ്പ്, ഓർമ്മയിൽ മാഞ്ഞു പോകില്ല ആ കാഴ്ച, ചെറുതോണി പാലത്തിനു മീതേ കുഞ്ഞിനെ നെഞ്ചോടടക്കി നമ്മുടെ ഹൃദയത്തിലേക്ക് ഓടിക്കയറിയ ധീരൻ കനയ്യകുമാർ, രക്ഷാ ദൗത്യത്തിന് പുതിയ മാനവും ധൈര്യവും പകർന്നത് കനയ്യയുടെ ആ ശ്രമമായിരുന്നല്ലോ.
കനയ്യ ഉൾപ്പെടെയുള്ള ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥർ കഠിന പ്രയത്നത്തിലായിരുന്നു. സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയെങ്കിലും അതും ശ്രമം കണ്ടില്ല. സഹോദരി ഷൈലയെ തേടി ജോർജ്ജ് നാലു ദിവസമായി വീടുണ്ടായിരുന്ന സ്ഥലത്ത് നിന്ന് പോയിട്ടില്ല. യന്ത്രകൈകൾ കോരിയിടുന്ന ചെളിക്കകത്തേക്ക് നോക്കി നിൽക്കുകയാണ്. സഹോദരിയുടെ മുഖമൊന്നു കാണാൻ. ജീവന്റെ തുടിപ്പിനായി പരതുന്ന മനുഷ്യർക്കിടയിൽ പൂർണ്ണമായും പ്രതീക്ഷയറ്റ അഞ്ചാം ദിനവും കടന്നു പോയി. മലക്ക് മുകളിൽ ക്യാമറ ഉറപ്പിച്ച് നിഖിൽ ഡേവിസിനും മെൽബിൻ മാത്യുവിനും ഫ്രെയിം ഒരുക്കി. പുത്തുമലയെ കണ്ണീർ മലയാക്കി ഒഴുകിയെത്തിയ കൂറ്റൻ പാറക്കല്ലുകൾ പറയുന്നു, മനുഷ്യൻ എത്ര നിസ്സാഹായർ ആണെന്ന്. പുത്തുമലയിൽ നിന്നും തിരികെയിറങ്ങി. യാത്ര വയനാടിന്റെ ഉൾഗ്രാമങ്ങളിലേക്കാണ് പുത്തുമലയിലെ വാർത്താപ്രളയത്തിൽ ഒലിച്ചുപോയ മറ്റിടങ്ങൾ, മാനന്തവാടി, തിരുനെല്ലി ഭാഗത്തെ ആദിവാസി കോളനികൾ കണ്ട കാഴ്ചകൾ അതി ദയനീയം, കബനിയുടെ തീരത്തെ തുറമ്പൂർ കോളനിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീടുകൾ കയറി ക്ലീനിംഗ് ചെയ്തു നൽകുകയായിരുന്നു.
കബനി കരകവിഞ്ഞും ഗതിമാറിയും വഴിവെട്ടിയും ഒഴുകിയപ്പോൾ തെല്ലൊന്നുമല്ല ഉൾപ്രദേശങ്ങൾ ഭീതിയിലായത്. ബംഗലൂരുവിൽ നിന്നും വന്ന റിപ്പോർട്ടർ മെൽബിൻ മാത്യുവിനൊപ്പമാണ് ഉൾപ്രദേശങ്ങളിലെ ജനത അനുഭവിക്കുന്ന ദുരിതം പുറത്ത് കൊണ്ടുവന്നത്. മീൻകൊല്ലിയിൽ റിപ്പോർട്ടിംഗിനിടെ കണ്ട കാഴ്ച മനസ്സുലയ്ക്കുന്നതായിരുന്നു. ബാവലി പുഴയിലെ കലക്കു വെള്ളം കുടിക്കാൻ വിധിക്കപ്പെട്ട ഒരു ജനതയുടെ ഇടയിൽ നിന്നും ഇവിടേക്ക് ആശ്വാസ നടപടി എത്തിയേ തീരൂ എന്ന് മെൽബിൻ ഉറപ്പിച്ചു പറയുന്നുണ്ടായിരുന്നു.
തിരുനെല്ലി നെട്ടറ കോളനിയിലേക്കുള്ള യാത്ര അവസാനിച്ചത് പുഴയ്ക്ക് നടുവിലാണ്. അതേ പുഴയ്ക്ക് നടുഭാഗം വരെയെ പാലം ഉള്ളൂ, ബാക്കി ഭാഗം ഒലിച്ചുപോയി. ക്യാമ്പിലെത്തിയവർക്ക് തിരിച്ചു പോകാൻ പോലും സാധ്യമല്ലാത്ത അവസ്ഥ. മാനം തെളിഞ്ഞു തുടങ്ങി, മഴ മാറി. വാർത്തയും ഫലംകണ്ടു തുടങ്ങി. ആദിവാസി ഊരുകളിലേക്ക് സഹായങ്ങൾ എത്തി തുടങ്ങി. എറണാകുളത്ത് നിന്ന് എത്തിയ യുവാക്കൾ കിലോമീറ്ററുകൾ കാട്ടിലൂടെ നടന്ന് അവശ്യസാധനങ്ങൾ വിതരണം ചെയ്തു. എടക്കൽ ഗുഹ ഉൾപ്പെടുന്ന മലനിരകളിൽ ഉരുൾപ്പൊട്ടലിന്റെ മുന്നറിയിപ്പുകൾ മലവെള്ളപ്പാച്ചിലായും, മണ്ണിടിച്ചിലായും പ്രദേശവാസികൾ അറിയുന്നു. മറ്റൊരു കവളപ്പാറയോ, പുത്തുമലയോ ആവാൻ ഈ നാടിനാവില്ല. മലക്ക് മുകളിൽ തുരക്കുന്ന റിസോർട്ടുകൾക്കെതിരെ ജനം സംഘടിക്കുകയാണ്.
9 ദിവസത്തെ വയനാട് ദൗത്യം പൂർത്തിയായി ചുരമിറങ്ങുകയാണ്, നാലാം വളവിലെത്തി. നാടാകെയുള്ള സ്നേഹം പൊതിഞ്ഞുകെട്ടി ഒരുപാട് വാഹനങ്ങൾ ഞങ്ങൾക്ക് എതിരെ ചുരം കയറുന്നുണ്ട്. അതിജീവിക്കും, കരകയറും, മുഖത്ത് പുഞ്ചിരിയും നെഞ്ചിൽ സ്നേഹവും മാത്രമുള്ള ഒരു ജനതയല്ലേ വയനാട്ടുകാർ. അവരെ ചേർത്തുപിടിക്കാൻ കേരളമൊന്നാകെയില്ലേ.