മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം പണം കണ്ടെത്താൻ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ വേറിട്ട ശ്രമം. ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തി കിട്ടുന്ന പണം ദുരിതാശ്വാസനിധിയിലേക്ക്കൈമാറും.
വീടുകൾ കയറി പാഴ് വസ്തുക്കൾ ശേഖരിയ്ക്കുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ. ഉപയോഗ ശൂന്യമായ പാത്രങ്ങൾ, കുപ്പികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പഴയ പത്രങ്ങൾ തുടങ്ങിയവയാണ് ശേഖരിയ്ക്കുന്നത്. ഇത് വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഒന്നും പാഴല്ല, ഒന്നും ചെറുതല്ല എന്ന സന്ദേശവുമായാണ് ഡിവൈഎഫ്ഐ വേറിട്ട രീതി തിരഞ്ഞെടുത്തത്. ജില്ലയിലെ 15 ബ്ലോക്കുകളിലുൾപ്പെട്ട 2463 യൂണിറ്റ് കമ്മിറ്റികളാണ് പാഴ് വസ്തുക്കൾ ശേഖരിക്കുന്നത്.
നേരത്തെ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി നിലമ്പൂരിലേക്കും വയനാട്ടിലേക്കും 27 ലോഡ് അവശ്യവസ്തുക്കൾ DYFI ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അയച്ചിരുന്നു.