അടച്ചിടല്‍കാലത്ത് ചൂരലെടുക്കുയും ചീത്തവിളിക്കുകയും ചെയ്യുന്ന പൊലീസുകാരെ പേടിയോടെയാണ് പലരും കാണുന്നത്. ഇതിനിടയില്‍ പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നന്‍മയെ വാഴ്ത്തുകയാണ് കൊച്ചിയിലെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്ന എബ്രഹാം കോശി. തൃക്കാക്കര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സജിമോനാണ് വാര്‍ത്തയിലെ താരം..
വിയറ്റ്നാമില്‍ അവധിക്കാലമാഘോഷിക്കാന്‍ പോയ എബ്രഹാം കോശിയും ഭാര്യയും മാര്‍ച്ച് 18നാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. പരിശോധനാ പട്ടികയില്‍ ഇടംപിടിക്കാത്ത രാജ്യത്തുനിന്നാണ് വന്നതെങ്കിലും വിമാനത്താവളത്തില്‍ ഇരുവരും കൃത്യമായി ആരോഗ്യപരിശോധന പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളൊന്നുമില്ല. എങ്കിലും, പടമുകളിലെ വീട്ടിലെത്തി ഹോം ക്വാറന്റീനിലിരിക്കാന്‍ ഇരുവരും തീരുമാനിച്ചു. അന്ന് മുതല്‍ വീടിന്റെ മുകളിലെ നിലയില്‍ നിന്ന് അനങ്ങിയിട്ടില്ല. ആരോഗ്യവകുപ്പും പൊലീസുകാരും മുറതെറ്റിക്കാതെ എബ്രഹാമിനെ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സജിമോനായിരുന്നു പതിവായി വിളിച്ചിരുന്നത്.
അങ്ങനെയിരിക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മുടിവെട്ടാന്‍ സാധിക്കാത്തതിനാല്‍ എബ്രഹാം മൊട്ടയടിച്ചു. പതിയെ വീട്ടിലെ ഭക്ഷണസാധനങ്ങള്‍ പലതും തീര്‍ന്നു. പുറത്തേക്കിറങ്ങാനോ മറ്റാരെയെങ്കിലും വിട്ട് വാങ്ങിപ്പിക്കാനോ സാധിക്കില്ല.. വിഷമിച്ചിരിക്കെയാണ് കഴിഞ്ഞദിവസം പതിവുപോലെ സജിമോന്റെ വിളിവന്നത്. എബ്രഹാം കാര്യം പറഞ്ഞു.
അരമണിക്കൂറിനുള്ളില്‍ സ്വന്തം കാറില്‍ സജിമോന്‍ ആവശ്യമുള്ള സാധങ്ങളെല്ലാം വീട്ടിലെത്തിച്ചു. തീരുമ്പോള്‍ അറിയിച്ചാല്‍ മതിയെന്നും എന്ത് വേണമെങ്കിലും വാങ്ങിച്ച് തരാമെന്നും ഉറപ്പുംകൊടുത്തു. എന്നിട്ടൊരു ഉപദേശവും വീട്ടില്‍ തന്നെ തുടരണം. പുറത്തിറങ്ങരുത്.സജിമോനെ നന്ദിയോടെ സ്മരിക്കുകയാണ് എബ്രഹാം. മഹാമാരി പടരുമ്പോള്‍ രാപ്പകലില്ലാതെ പൊലീസ് ചെയ്യുന്ന സേവനങ്ങള്‍ മറന്ന് ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അടച്ചാക്ഷേപിക്കരുതെന്നും ഈ മനുഷ്യന്‍ വിളിച്ചുപറയുന്നു.