കടല്‍മാര്‍ഗമുള്ള രക്ഷാദൗത്യം സമുദ്രസേതുവിന്റെ ഭാഗമായുള്ള ആദ്യ കപ്പല്‍ നാളെ കൊച്ചിയിലെത്തും. മാലദ്വീപില്‍ നിന്നുള്ള യാത്രക്കാരുമായാണ് നാവികസേന യുദ്ധകപ്പല്‍ ജലാശ്വ നാളെ രാവിലെ ഒന്‍പതരയോടെ കൊച്ചിയിലെത്തും. കേരളത്തിന് പുറമേ 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരും ഈ കപ്പലില്‍ നാളെ കൊച്ചിയിലെത്തുന്നവരില്‍ ഉള്‍പ്പെടുന്നു.
മുപ്പത് മണിക്കൂറിലേറെ സമയം ഏതാണ്ട് ആയിരത്തോളം കിലോമീറ്റര്‍ താണ്ടിയാണ് കോവിഡ് ഭീതിയില്‍ നിന്ന് രക്ഷതേടി ജന്മനാടിന്റെ സ്നേഹതീരമണയുന്നത്. ഇന്നലെ സന്ധ്യയോടെയാണ് മാലദ്വീപ് തലസ്ഥാനത്തെ വെലന തുറമുഖത്ത് നിന്ന് കപ്പല്‍ യാത്രതിരിച്ചത്. 698 പേരില്‍ 19 ഗര്‍ഭിണികളും, പത്ത് വയസിന് താഴെ പ്രായമുള്ള 14 കുട്ടികളും ഉള്‍പ്പെടുന്നു. 20 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് 258 യാത്രക്കാര്‍. ഇവരെയെല്ലാം സുരക്ഷിതമായി ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് ഗര്‍ഭിണികളേയും, കുട്ടികളേയും, പ്രായമായവരേയും സ്വന്തം വീടുകളില്‍ ക്വാറന്റീന്‌ചെയ്യുന്നതിനുളള നടപടികളെല്ലാം പൂര്‍ത്തിയാക്കി വരുന്നു. ഇതരസംസ്ഥാനക്കാരെ മുഴുവന്‍ കൊച്ചിയില്‍ തന്നെ ക്വാറന്റീന്‍ ചെയ്യും. ഇവരെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടക്കിഅയക്കുക കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമായിരിക്കും.
കൊച്ചി തുറമുഖത്ത് സമീപമുള്ള അഞ്ച് കേന്ദ്രങ്ങളിലായിരിക്കും ജലാശ്വയിലെത്തുന്നവരുടെ ക്വാറന്റീന്‍. തുറമുഖത്തെ സാമുദ്രിക ടെര്‍മിനലില്‍ കസ്റ്റംസ്, എമീഗ്രേഷന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കും. കപ്പലെത്തി മൂന്ന് മണിക്കൂറിനുള്ളില്‍ ആളുകളെ മുഴുവന്‍ പുറത്തിറക്കണം. ഇതിന് മുന്നോടിയായുള്ള മോക്് ഡ്രില്ലും തുറമുഖത്ത് നടന്നു. ദുബായില്‍ നിന്നുള്ള പ്രവാസികളുമായുള്ള നാവികസേനയുടെ കപ്പലും അടുത്ത ദിവസം ഇവിടെയെത്തിച്ചേരും