mobile-shops

ലോക്ക്ഡൗണ്‍ കാലത്തെ അവശ്യസര്‍വീസുകളില്‍ മൊബൈല്‍ കടകളെ ഉള്‍പ്പെടുത്താത്തതിനാല്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് ബുദ്ധിമുട്ട്. ഓണ്‍ലൈനായി മൊബൈല്‍ റീച്ചര്‍ജുകള്‍ക്ക് സൗകര്യങ്ങളുണ്ടെങ്കിലും കടകളെ ആശ്രയിച്ചിരുന്നവരാണ് വലിയ വിഭാഗവും.

വാക്സീന്‍ രജിസ്ട്രേഷന്‍, കോവിഡ് പരിശോധനാ ഫലം, ഇ.പാസ് സൗകര്യം തുടങ്ങി അത്യാവശ്യങ്ങളൊക്കെയും മൊബൈലും ഇന്റര്‍നെറ്റ് സര്‍വീസും വഴിയാണ്. ഈ സാഹചര്യത്തില്‍ മൊബൈല്‍ ഷോപ്പുകളെ അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്താതെ പോയെന്നാണ് പരാതി.റീച്ചാര്‍ജിംഗിനൊപ്പം തന്നെ കേടായ ഫോണുകള്‍ നന്നാക്കുക, ചാര്‍ജര്‍ പോലുള്ള അത്യാവശ്യ വസ്തുക്കള്‍ വാങ്ങുക തുടങ്ങിയവയ്ക്ക് യാതൊരു നിവൃത്തിയുമില്ല.ദിവസവും ഫോണ്‍ നന്നാക്കുന്നതിനായി നിരവധി കോളുകള്‍ ലഭിക്കാറുണ്ടെന്ന് ഷോപ്പുടമകള്‍ പറയുന്നു.എന്നാല്‍ കടകള്‍ തുറക്കുന്നതിനോ വീടുകളില്‍ പോയി നന്നാക്കുന്നതിനോ ഉള്ള സാഹചര്യമില്ല.

ഇലക്ട്രിക് ഷോപ്പുകള്‍ക്കും നിര്‍മാണമേഖലയ്ക്കുമൊക്കെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതുപോലെ മൊബൈല്‍ ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കണമെന്നാണ് ആവശ്യം.ലോക്ക്ഡൗണില്‍ ആളുകള്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും ക്വാറന്റൈനില്‍ കഴിയുന്നവരില്‍ നിന്ന് വിവരം അറിയുന്നതിനുമള്ള മാര്‍ഗമായതിനാല്‍ അടച്ചുപൂട്ടിയ കടകള്‍ വെല്ലുവിളിയാണ്.