ശിവരാത്രി ഉല്‍സവത്തിന്റെ ഭാഗമായുള്ള ബലിതർപ്പണം ആലുവ മണപ്പുറത്ത് തുടരുന്നു. പിതൃതർപ്പണ പുണ്യം തേടി ഇന്നലെ മുതൽ പതിനായിരങ്ങളാണ് മണപ്പുറത്ത് എത്തിയത്.
അർധരാത്രി ശിവരാത്രി വിളക്കിനും എഴുന്നള്ളിപ്പിനും ശേഷമാണ് ഔപചാരികമായി ആലുവ മണപ്പുറത്തെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. വൈകീട്ട് തന്നെ ബലിത്തറകൾ ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. മണപ്പുറത്ത് 114 ബലിത്തറകളാണ് ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. അമാവാസി അവസാനിക്കുന്ന നാളെ രാവിലെ 11 വരെ ബലിതർപ്പണം നീണ്ടുനിൽക്കും. ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതർപ്പണത്തിനായി ആയിരങ്ങളാണ് എത്തുന്നത്.
1250 പൊലീസുകാരെയാണ് മണപ്പുറത്തും പരിസരപ്രദേശങ്ങളുമായി സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. രാവിലെ തിരക്കൊഴിവാക്കാൻ ഘട്ടം ഘട്ടമായാണ് ഭക്തരെ മണപ്പുറത്തേക്ക് കടത്തിവിട്ടത്. ഭക്തർക്കായി പ്രത്യേക ഗതാഗത സൗകര്യം കെഎസ്ആർടിസിയും കൊച്ചി മെട്രോയും ഒരുക്കിയിരുന്നു.