രണ്ടു വർഷം മുൻപു മോഷണം പോയ സർട്ടിഫിക്കറ്റുകൾ പാലവേലി തെക്കേനാഗത്തുങ്കൽ ദേവി ജയശങ്കറിന്റെ പുരയിടത്തിലെ കിണറ്റിൽ നിന്നു കണ്ടെടുത്തു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കൃഷ്ണകുമാറിന്റെ 2021ൽ നഷ്ടപ്പെട്ട ബാഗും സർട്ടിഫിക്കറ്റുകളുമാണു കിണറ്റിൽ നിന്നു കിട്ടിയത്.ദേവിയുടെ പുരയിടത്തിൽ വീടിന്റെ നിർമാണം നടത്തിവരികയാണ്. ഇതിനു സമീപത്തെ കിണറ്റിൽ നോക്കിയപ്പോൾ വെള്ളത്തിനടിയിൽ 2 ബാഗ് കിടക്കുന്നതു ശ്രദ്ധയിൽപെട്ടു. തോട്ടി ഉപയോഗിച്ചു വെള്ളത്തിൽ നിന്നു ബാഗുകൾ പുറത്തെടുത്തു. ഒരു ബാഗിൽ വസ്ത്രങ്ങളും മറ്റൊരു ബാഗിൽ എസ്എസ്എൽസി ബുക്ക്, പ്രീഡിഗ്രി സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ഡിഗ്രി സർട്ടിഫിക്കറ്റ്, പിജി സർട്ടിഫിക്കറ്റ്, കംപ്യൂട്ടർ കോഴ്സ് സർട്ടിഫിക്കറ്റ്, ടൈപ്പ് റൈറ്റിങ്, എച്ച്ഡിസി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാസ്പോർട്ട് എന്നിവ അടങ്ങിയ ഫയലും കണ്ടെത്തി.
ബാഗ് കണ്ടെത്തിയ ഉടൻ ദേവി പൊലീസിൽ ഏൽപിച്ചു. ഫയലിനകത്തെ വക്കീൽ നോട്ടിസിലെ നമ്പറിൽ പൊലീസ് ബന്ധപ്പെട്ടപ്പോഴാണു സർട്ടിഫിക്കറ്റിന്റെ ഉടമ തിരുവനന്തപുരം ആറ്റിങ്ങൽ ജയലക്ഷ്മി വിലാസം കൃഷ്ണകുമാർ ആണെന്നു കണ്ടെത്തിയത്. 2021ൽ ലാപ്‌ടോപ്, 24 ഗ്രാം സ്വർണമാല, 12 ഗ്രാം സ്വർണവള, ക്യാമറ, ടാബ്‌ലറ്റ് കംപ്യൂട്ടർ, പണം, സർട്ടിഫിക്കറ്റുകൾ എന്നിവ അടങ്ങിയ ബാഗ് കൃഷ്ണകുമാറിന്റെ വീട്ടിൽ നിന്നു മോഷണം പോയിരുന്നു. പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല.
12 അടി താഴ്ചയുള്ള കിണറ്റിൽ 4 അടിയിലേറെ വെള്ളമുണ്ട്. ബാഗിനുള്ളിലെ ഫയലിൽ സൂക്ഷിച്ചിരുന്ന സർട്ടിഫിക്കറ്റുകൾ നനഞ്ഞെങ്കിലും നശിച്ചുപോയിട്ടില്ല. 2 വർഷം മുൻപു മോഷണം പോയ ബാഗ് അടുത്തയിടെയാണു കിണറ്റിൽ ഉപേക്ഷിച്ചതെന്നു കരുതുന്നു. സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ കൃഷ്ണകുമാറിന് എസ്ഐ പി.വി.മനോജ്, വെളിയന്നൂർ പഞ്ചായത്ത് മെംബർ ജിനി ചാക്കോ എന്നിവരുടെ സാന്നിധ്യത്തിൽ ദേവി ജയശങ്കർ കൈമാറി.