kerala-assembly

 

നിയമസഭ കയ്യാങ്കളി കേസില്‍ യു.ഡി.എഫ് മുന്‍ എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തു. ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എം.എ.വാഹിദ്, എ.ടി.ജോര്‍ജ് എന്നിവരാണ് പ്രതികള്‍. സി.പി.എ മുന്‍ എം.എല്‍.എ ഗീതാ ഗോപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസിന്‍റെ നടപടി.

 

എട്ട് വര്‍ഷമായി മന്ത്രിമാരടക്കം ഇടത് നേതാക്കള്‍ മാത്രം പ്രതികളായിരുന്ന കേസില്‍ ഒടുവില്‍ യു.ഡി.എഫ് നേതാക്കളും പ്രതിപ്പട്ടികയിലായി. തുടരന്വേഷണം നടത്തി ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നാല് മുന്‍ യു.ഡി.എഫ് എം.എല്‍.എമാരെ പ്രതി ചേര്‍ത്ത് കഴിഞ്ഞമാസം മ്യൂസിയം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. 

 

ശിവദാസന്‍ നായരാണ് ഒന്നാം പ്രതി. ശിവദാസന്‍ നായര്‍ ഗീതാ ഗോപിയെ തള്ളി താഴെയിട്ടപ്പോള്‍ ഡൊമിനിക് പ്രസന്റേഷന്‍, എം.എ.വാഹിദ്, എ.ടി.ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഗീതയെ തടഞ്ഞുവച്ചെന്നുമാണ് എഫ്.ഐ.ആറിലെ ആരോപണം. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പടെ പ്രതിയായ കേസ് അവസാനിപ്പിക്കാനായി സര്‍ക്കാര്‍ സുപ്രീംകോടതി വരെ പോയെങ്കിലും പരാജയപ്പെട്ടിരുന്നു. ഒടുവില്‍ വിചാരണയിലേക്ക് കടക്കാനൊരുങ്ങവെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആവശ്യപ്പെട്ടത്. വനിത എം.എല്‍.എമാരുടെ പരാതിയില്‍ അന്വേഷണം നടന്നില്ലെന്നതായിരുന്നു കാരണം പറഞ്ഞത്. അതിന്‍റെ അടിസ്ഥാനത്തിലാണ് നിലവിലെ കേസിനൊപ്പമല്ലാതെ പുതിയ കേസെടുത്തത്.

 

Assembly ruckus case