rama-mla

വടകര നഗരസഭയുടെ കരട് വാര്‍ഷിക പദ്ധതി രേഖയില്‍ എംഎല്‍എയുടെ പേരിനുനേരെ തനിക്കുപകരം സി.കെ.നാണുവിന്റെ പേര് അച്ചടിച്ചത് യാദൃശ്ചികമല്ലെന്ന് കെ.കെ.രമ. വികസന രേഖയില്‍ തന്റെ പേര് വരാതിരിക്കാന്‍ കരുതിക്കൂട്ടി നടത്തിയ രാഷ്്ട്രീയനീക്കമാണ് വിവാദത്തിന് വഴിവച്ചതെന്നും അവര്‍ മനോരമന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. 

എംഎല്‍എയുടെ വാക്കുകള്‍

‘ഈ വിവാദത്തില്‍ പ്രതികരിക്കേണ്ടത് ഞാനല്ല, എന്നെ തിരഞ്ഞെടുത്ത വടകരയിലെ ജനങ്ങളാണ്. നഗരസഭയുടെ അവഗണന പുതിയ കാര്യമല്ല. എന്നെ ഒരുപരിപാടിയും അറിയിക്കാറില്ല, ക്ഷണിക്കുകയുമില്ല. ഒരു ജനപ്രതിനിധിയെ ഏതൊക്കെ രീതിയില്‍ അവഹേളിക്കാമോ അതൊക്കെ അവര്‍ ചെയ്യുന്നുണ്ട്. അതുതന്നെയാണ് പ്രധാന പ്രശ്നവും. നഗരസഭ സ്വകാര്യസ്ഥാപനമല്ല. എന്നെയും നഗരസഭയെയും തിരഞ്ഞെടുത്തത് ജനങ്ങളാണല്ലോ’. ആര്‍എംപി മാത്രമല്ല, കോണ്‍ഗ്രസും ലീഗും എല്ലാം നഗരസഭയുടെ അവഗണനയ്ക്കെതിരെ പലവട്ടം പ്രതിഷേധം രേഖപ്പെടുത്തുകയും കൗണ്‍സിലില്‍ത്തന്നെ ഉന്നയിക്കുകയും ചെയ്തിട്ടുണ്ടെന്നും രമ പറഞ്ഞു.

rema-two

‘കരടുരേഖയില്‍  സംഭവിച്ചത് അച്ചടിപ്പിശകാണെന്നാണ് നഗരസഭ വാദിക്കുന്നത്. അങ്ങനെയല്ലെന്ന് മനസിലാക്കാന്‍ രേഖയിലെ മറ്റ് പേരുകള്‍ പരിശോധിച്ചാല്‍ മാത്രം മതി. നഗരസഭയുടെ വൈസ് ചെയര്‍മാന്‍ മൂന്നുവട്ടം മാറിയിരുന്നു. മൂന്നാമത്തെയാളുടെ പേരും രേഖയില്‍ കൃത്യമായി വന്നിട്ടുണ്ട്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ പേരുകളും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.’ എംഎല്‍എയുടെ പേര് മാത്രം മാറ്റാതിരിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയമല്ലാതെ മറ്റെന്താണുള്ളത്’. വ്യക്തിപരമായി തന്നെ അംഗീകരിക്കാതിക്കുക എന്ന നിലപാടാണ് അവര്‍ക്കുള്ളതെന്നും രമ പറഞ്ഞു.

മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ പ്രോട്ടോക്കോള്‍ പ്രകാരം എംഎല്‍എ ആണ് അധ്യക്ഷത വഹിക്കേണ്ടത്. അത്തരം ചടങ്ങുകളില്‍പ്പോലും തന്നെ ക്ഷണിക്കാറില്ല. നിയമസഭാംഗത്തോട് കാട്ടുന്ന അവഹേളനത്തിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുന്നത് പരിഗണനയിലുണ്ട്. പാര്‍ട്ടിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. വികസനറിപ്പോര്‍ട്ട് മണ്ഡലത്തെക്കൂടി സംബന്ധിക്കുന്ന ആധികാരിക രേഖയാണല്ലോ. ആ രേഖയില്‍ തന്റെ പേര് വരരുത് എന്ന ഉദ്ദേശ്യത്തോടെയാകണം അവഗണനയെന്നും കെ.കെ.രമ പറഞ്ഞു. 

rema-one

ബുധനാഴ്ച ടൗൺഹാളിൽ നടന്ന വികസന സെമിനാറില്‍  വിതരണം ചെയ്ത 2024- 25 വർഷത്തെ വാര്‍ഷിക പദ്ധതി രേഖയിലാണ് രമയ്ക്കുപകരം മുന്‍ എംഎല്‍എയുടെ പേര് ഉള്‍പ്പെടുത്തിയത്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി പ്രധാനപരിപാടികളില്‍പ്പോലും കെ.കെ.രമയെ അവഗണിക്കുന്നുവെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കേയാണ് പുതിയ പരാതി. എംഎല്‍എയുടെ പേര് മാറിയതില്‍ നഗരസഭ ചെയര്‍പഴ്സണ്‍ മാപ്പുപറയണെന്ന് ആര്‍എംപി ആവശ്യപ്പെട്ടു. എന്നാല്‍ അന്തിമരേഖയില്‍ അച്ചടിപ്പിശക് തിരുത്തുമെന്നാണ് ചെയര്‍പഴ്സന്റെ വിശദീകരണം.

kk rema mla sidelined in vadakaramunicipality development document controversy