valparai-wild-animals-2501

വാൽപാറയിലെ ജനവാസ മേഖലയിൽ ആനക്കൂട്ടത്തിന് പിന്നാലെ പുലിയുടെയും കാട്ടുപോത്തിന്‍റെയും സാന്നിധ്യം. കഴിഞ്ഞദിവസം രാത്രിയിൽ വിനോദസഞ്ചാരികളുടെ വാഹനം നാല് മണിക്കൂറിലധികമാണ് പുലിപ്പേടിയിൽ വഴിയിൽ കിടന്നത്. കരുമല എസ്റ്റേറ്റിൽ രണ്ട് ദിവസത്തിനിടെ നാലിടങ്ങളിലാണ് പുലിയെക്കണ്ടത്.

 

ആനക്കൂട്ടം കൈയടക്കിയിരുന്ന തേയിലത്തോട്ടത്തിന്‍റെ നിയന്ത്രണം കാട്ടുപോത്ത് നിശ്ചയിക്കുന്ന മട്ടിലാണ് കാര്യങ്ങള്‍. തോട്ടത്തിൽ നിന്ന് പിന്മാറാൻ കൂട്ടാക്കാത്ത കാട്ടുപോത്ത് തൊഴിലാളികളുടെ ഉപജീവനമാർഗമാണ് മുട്ടിക്കുന്നത്. നിരന്തരം വന്യമ്യഗങ്ങൾ തോട്ടത്തിലുള്ളതിനാൽ തൊഴിലാളികൾക്ക് കൃത്യസമയത്ത് ജോലി ചെയ്യാനാവുന്നില്ല. ആരെങ്കിലും ബഹളം കൂട്ടിയാൽ അവർക്കരികിലേക്ക് ആക്രമിക്കാനെന്ന മട്ടിൽ കാട്ടുപോത്ത് ഓടിയെത്തും. ആന തകർത്ത ലയങ്ങൾ കാട്ടുപോത്തുകളാണ് നിരന്തരം വീണ്ടും കൊമ്പിൽ കോർക്കുന്നത്.

 

കരുമല എസ്റ്റേറ്റിൽ കഴിഞ്ഞദിവസം രാത്രിയിലെത്തിയ പുലി വിനോദ സഞ്ചാരികളുടെ യാത്രയും ഏറെ നേരം മുടക്കി. റോഡിനോട് ചേർന്ന് നിലയുറപ്പിച്ച പുലി വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന സ്ഥിതിയിലാണ്. ആനക്കൂട്ടവും ജനവാസ മേഖലയിൽ നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ട്. വനം വകുപ്പ് എന്ത് പ്രതിരോധം തീർത്താലും അതിനെ മറികടന്ന് തോട്ടത്തിലേക്ക് വന്യമൃഗങ്ങൾ എത്തുകയും പിന്നീട് വനാതിർത്തിയിൽ നിലയുറപ്പിക്കുകയും ചെയ്യുന്നത് ശീലമാക്കിയിട്ടുണ്ട്. 

 

ആന, പുലി, കരടി, കാട്ടുപോത്ത് അങ്ങനെ നീളുന്നു കാടിറങ്ങി വാൽപാറയിലും പരിസരത്തും യാതൊരു തടസവുമില്ലാതെ, ആരെയും പേടിക്കാതെ നിരന്തരം വനമേഖല വിട്ട് നാട് കാണാനിറങ്ങുന്നവർ. അന്തരീക്ഷത്തിൽ ചൂട് കൂടുന്നതോടെ വീണ്ടും കൂടുതൽ മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യതയുണ്ട്. ജനങ്ങളുടെ മുഴുവൻ ആവശ്യങ്ങളും മനസിലാക്കി കൃത്യമായ നിരീക്ഷണമുണ്ടാവുമെന്നാണ് ജനപ്രതിനിധികൾക്ക് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുള്ളത്. വന്യമൃഗ സാന്നിധ്യം കൂടിയതോടെ വിനോദ സഞ്ചാരികളും വാൽപാറയെ വിട്ട് മറ്റിടങ്ങളിലേക്ക് പോകുമെന്ന സ്ഥിതിയുണ്ട്. 

 

After elephants, the presence of tigers and wild buffaloes identified in the residential area of ​​Valparai.