ഒരു വിസില്‍ മതി ഫുട്ബോളില്‍ മല്‍സരങ്ങള്‍ മാറിമറിയാന്‍. റഫറിയുടെ വിസിലടി ഒരു ടീമിന്റെ ഇടനെഞ്ച് തകര്‍ക്കുമ്പോള്‍ മറ്റൊരു ടീമിന്റെ സ്വപ്നത്തിന് സാക്ഷാത്കാരം നല്‍കുന്നു. ഫൗളും പെനല്‍റ്റിയും വിധികര്‍ത്താക്കളാകുന്ന അനേകം കാഴ്ചകള്‍ ഫുട്ബോള്‍ ലോകം കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു വശത്ത് റൊണാള്‍ഡോയും മറുവശത്ത് ബഫണും നില്‍ക്കുമ്പോള്‍ ആ കാഴ്ചയ്ക്ക് ആവേശവും വീറും കൂടും.
യുവന്റസ്–റയല്‍ മഡ്രിഡ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ഫൈനലിനുശേഷം ഫുട്ബോള്‍ ലോകത്തെ ചര്‍ച്ച റഫറിമാരുടെ തീരുമാനങ്ങളെക്കുറിച്ചാണ്. മല്‍സരം നിയന്ത്രിച്ച ഇംഗ്ലീഷ് റഫറി മൈക്കല്‍ ഒളിവര്‍ സ്വപ്നങ്ങള്‍ നശിപ്പിക്കുന്നവനെന്നും അദ്ദേഹത്തിന് ഹൃദയത്തിന്റെ സ്ഥാനത്ത് ചവറ്റുകൊട്ടയാണെന്നും മല്‍സരശേഷം യുവന്റസിന്റെ ഗോള്‍കീപ്പറും മുന്‍ ഇറ്റാലിയന്‍ താരവുമായ ജിയാന്‍ ലൂക്ക ബഫണ്‍ പറഞ്ഞു. ഒരു ടീം ജയത്തിനരികെ നില്‍ക്കുമ്പോള്‍ എങ്ങനെ ഒരു റഫറിക്ക് മനുഷ്യത്വരഹിതമായി പെരുമാറാനാവുന്നുവെന്നും ചോദിച്ച ബഫണ്‍ ഇത്തരക്കാര്‍ കളത്തിനുപുറത്ത് ഭാര്യയ്ക്കൊപ്പമിരുന്ന് സ്പ്രൈറ്റ് കുടിച്ച് കളികാണേണ്ടവരാണെന്നും ആക്ഷേപിക്കാന്‍ മറന്നില്ല. പക്ഷെ പെനല്‍റ്റി ഗോളിലൂടെ റയലിനെ രക്ഷിച്ച റൊണാള്‍ഡോ പറയുന്നത് എന്തിനാണ് യുവന്റസും ബഫണും ആ പെനല്‍റ്റിക്കെതിരെ പ്രതിഷേധിച്ചത് എന്ന് മനസിലാവുന്നില്ലെന്നാണ്. യുവന്റസും ബഫണും നല്ലവരാണെന്നും കൂട്ടിച്ചേര്‍ക്കാനും റോണാള്‍ഡോ മറന്നില്ല.
റയല്‍ മഡ്രിഡിനോട് ആദ്യപാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റ യുവന്റസ് രണ്ടാംപാദത്തില്‍ ചീറ്റപ്പുലിയെപ്പോലെ റയലിനുമേല്‍ പാഞ്ഞുകയറി. എതിരില്ലാത്ത മൂന്ന് ഗോളിന് രണ്ടാംപാദത്തില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ ഇഞ്ചുറി ടൈമില്‍ യുവന്റസിനും റയലിനുമിടയിലെത്തിയ പെനല്‍റ്റി ആരാധകരുടെ കളിക്കാരുടെ ടീമിന്റെ ആകെ താളം തെറ്റിച്ചു. റയല്‍ മാത്രം ആ പെനല്‍റ്റിയില്‍ സ്വപ്നക്കൂടുകൂട്ടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന കണിശക്കാരന്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ റയലിന് ഭയക്കേണ്ടതില്ല, ആശങ്കപ്പെടേണ്ടതില്ല. പക്ഷെ യുവന്റസിന് അതായിരുന്നില്ല സ്ഥിതി.
ആ പെനല്‍റ്റി അവരുടെ കഥകഴിക്കുമെന്ന ഉറച്ച ബോധ്യത്തെതുടര്‍ന്ന് അതിനെതിരെ പ്രതിഷേധവുമായി എത്തി. സഹതാരങ്ങള്‍ക്കൊപ്പം ഗോളി ജിയാന്‍ലൂക്ക ബഫണ്‍ കുറച്ചുകൂടി വൈകാരികമായി അതിനെ കണ്ടു. ഇംഗ്ലീഷുകാരനായ റഫറി മൈക്കല്‍ ഒളിവറിനെതിരെ ചീറിയടുത്ത ബഫണ്‍ ‘തനിക്ക് കണ്ണിലേടോ, ഹൃദയമില്ലേടോ’ എന്നൊക്കെ ചോദിച്ചകൂട്ടത്തില്‍ ഒരുതള്ളും കൂടി നല്‍കിയപ്പോള്‍ ചുവപ്പുകാര്‍ഡിലൂടെ മൈതാനത്തിനു പുറത്തുപോകേണ്ടി വന്നു ബഫണിന്.
കളിനിശ്ചിത സമയം കഴിഞ്ഞ് മൂന്ന് മിനിറ്റിന്റെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിലാണ് നാടകീയ നിമിഷങ്ങള്‍ എത്തിയത്. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍നില്‍ക്കെ ഗോളടിക്കാനുള്ള റയല്‍താരം ലൂക്കാസ് വാസ്ക്വസിന്റെ ശ്രമത്തെ നെഞ്ചിലിടിച്ചിട്ടത് യുവന്റസ് താരം മെദി ബെനാഷ്യ, റഫറി സ്പോട് കിക്കിന് വിരള്‍ ചൂണ്ടിയപ്പോള്‍ വിരണ്ടത് യുവന്റസ് താരങ്ങളാണ്. പെനല്‍റ്റിക്കെതിരെ പ്രതിഷേധവുമായെത്തിയ യുവന്റസ് താരങ്ങള്‍ക്കിടയിലൂടെ യുവന്റസിന്റെ ഗോളി ബഫണും പാഞ്ഞടുത്തു. വികാരം നിയന്ത്രിക്കാന്‍ പാടുപെട്ട ബഫണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നു. ലഭിച്ച പെനല്‍റ്റി ആറ്റിക്കുറുക്കി യുവന്റസ് വലയിലാക്കി റൊണാള്‍ഡോയും റയലും ചാംപ്യന്‍സ് ലീഗിന്റെ സെമിയിലേക്ക് . ബഫണും കൂട്ടരും കണ്ണീര്‍വാര്‍ത്ത് കളം വിട്ടു.