ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചഹലും പങ്കാളി ധനശ്രീ വര്‍മയും തമ്മില്‍ പിരിയാന്‍ പോകുകയാണെന്ന വാര്‍ത്ത ഇന്നലെ മുതലാണ് പുറത്തുവന്നത്. ചഹലും ധനശ്രീയും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു കഴിഞ്ഞു. ഒന്നിച്ചുണ്ടായിരുന്നപ്പോൾ എടുത്ത ചിത്രങ്ങളും രണ്ടുപേരും സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കി. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. ഇരുവരും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ ധനശ്രീ വര്‍മയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് സമൂഹ മാധ്യമമായി എക്സില്‍ ചഹലിന്‍റെ ആരാധകര്‍ നടത്തുന്നത്.
ധനശ്രീ വര്‍മ മറ്റ് പുരുഷന്മാരുമായി അടുപ്പത്തിലാണെന്നും വേർപിരിയാന്‍ എടുത്ത ചാഹലിന്റെ തീരുമാനം മികച്ചതാണെന്നും വാദിക്കുന്നതാണ് പോസ്റ്റുകള്‍. ധനശ്രീ, വിരാട് കോഹ്‌ലിയെ വിവാഹം കഴിച്ച അനുഷ്‌ക ശർമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം എന്നിങ്ങനെയാണ് ആരാധകരുടെ പോസ്റ്റിന്‍റെ ഉള്ളടക്കം. വിവാഹത്തിലായിരിക്കുമ്പോൾ മറ്റ് പുരുഷന്മാരുമായി സോഷ്യൽ മീഡിയയിൽ അത്തരം ചിത്രം കാണിക്കുന്ന ഒരു സ്ത്രീക്ക് മറ്റെന്തെങ്കിലും മുൻഗണനകൾ ഉണ്ടായിരിക്കും എന്നാണ് ഒരു പോസ്റ്റ്.
റീല്‍സില്‍ ഡാന്‍സ് ചെയ്യുന്ന സ്ത്രീകളെ വിവാഹം ചെയ്യരുത് അവസാനം ഡിവോഴ്സിലേക്ക് എത്തും എന്നാണ് മറ്റൊരു പോസ്റ്റ്. ധനശ്രീയുടെയും നതാഷയുടെയും (ഹര്‍ദിക് പാണ്ഡ്യയുടെ മുന്‍ ഭാര്യ) ലോകത്ത് അനുഷ്കയും സാക്ഷിയുമാകൂ എന്നാണ് പോസ്റ്റിലെ ഉപദേശം. ഈ സ്വതന്ത്ര ഫെമിനിസ്റ്റ് എത്ര ജീവനാംശം ആവശ്യപ്പെടുന്നു എന്ന് നോക്കാം എന്നാണ് മറ്റൊരാള്‍ എഴുതിയത്.
ചഹലിന്‍റേയും ധനശ്രീയും ബന്ധത്തില്‍ വിള്ളലെന്ന വാര്‍ത്ത ഇതാദ്യമായല്ല പുറത്തുവരുന്നത്. രണ്ടു വർഷങ്ങൾക്ക് മുൻപ് ധനശ്രീ പേരില്‍നിന്നും ചഹലിന്‍റെ പേര് ധനശ്രീ ഒഴിവാക്കിയിരുന്നു. ഇതേസമയത്ത് ചഹല്‍ 'പുതിയ ജീവിതം ആരംഭിക്കുന്നു' എന്ന പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. സമാനമായൊരു പോസ്റ്റ് ചഹല്‍ ഇന്നും പങ്കുവച്ചിട്ടുണ്ട്.
'കഠിനാധ്വാനം വ്യക്തിത്വത്തെ ഉയര്‍ത്തികാട്ടും. നിങ്ങളുടെ യാത്ര നിങ്ങള്‍ക്കറിയാം, വേദനയും. ഇവിടെവരെയെത്താന്‍ എന്തെല്ലാം ചെയ്തെന്ന് നിങ്ങള്‍ക്കറിയാം. ലോകത്തിനറിയാം. നീ വിയർപ്പ് കളഞ്ഞ് പ്രവർത്തിച്ചത് അച്ഛന്‍റെയും അമ്മയുടെയും അഭിമാനം ഉയര്‍ത്താനാണ്. അഭിമാനിയായ മകനെപ്പോലെ എപ്പോഴും തലയുയർത്തി നിൽക്കുക' എന്നിങ്ങനെയാണ് പോസ്റ്റ്.
2020 ഡിസംബറിനായിരുന്നു നർത്തകിയും കൊറിയോഗ്രാഫറുമായ ധനശ്രീയെ ചഹല്‍ വിവാഹം ചെയ്തത്. ലോക്ക്ഡൗണ്‍ കാലത്തെ അടുപ്പം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.