ബെയ്ജിങ് വിന്റര്‍ ഒളിംപിക്സിനിടെ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടെങ്കിലും മല്‍സരിക്കാന്‍ അനുമതി ലഭിച്ച റഷ്യയുടെ കാമില വലൈവ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനം നേടി ഫൈനലിലേയ്ക്ക്. കാമില സ്വര്‍ണം നേടിയാലും മെഡല്‍ ഉടന്‍ സമ്മാനിക്കില്ല പതിനഞ്ചുകാരിയുടെ ഉത്തേജക പരിശോധന റിപ്പോര്‍ട് ന്യൂയോര്‍ക് ടൈംസ് പുറത്തുവിട്ടു.
ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടെങ്കിലും 15കാരിയായ റഷ്യന്‍ സ്കേറ്റര്‍ കാമിലയെ ഫ്രീ സ്കേറ്റില്‍ മല്‍സരിക്കാന്‍ കായിക കോടതി അനുവദിക്കുകയായിരുന്നു. 82.16 പോയിന്റ് നേടിയാണ് കാമില ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഫൈനലിലും കാമില വിജയിച്ചാല്‍ പരിശോധനകള്‍ പൂര്‍ത്തിയാകും വരെ മെഡല്‍ സമ്മാനിക്കില്ല. ടീം ഇവന്റില്‍ കാമില ഉള്‍പ്പെടുന്ന റഷ്യന്‍ ടീം സ്വര്‍ണം നേടിയതിന് പിന്നാലെയാണ് ഉത്തേജക പരിശോധന ഫലം പുറത്തുവന്നത്. മുത്തച്ഛന്റെ ഗുളിക മാറികഴിച്ചതാണ് ഉത്തേജക പരിശോധനയില്‍ പരാജയപെടാന്‍ കാരണമെന്നാണ് കാമിലയുടെ വാദം. മൂന്ന് മരുന്നുകളാണ് കമീലയുടെ സാംപിളില്‍ കണ്ടെത്തിയതെന്ന് ന്യൂ യോര്‍ക് ടൈംസ് റിപോര്‍ട് ചെയ്യുന്നു. ഇതില്‍ രണ്ട് മരുന്നുകള്‍ ഹൃദ്രോഗത്തിന് ചികില്‍സിക്കുന്നതാണ്. രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയോ റഷ്യന്‍ ഒളിംപിക്സ് കമ്മിറ്റിയോ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. പ്രായവും സാംപിളുകള്‍ ശേഖരിച്ചത് ആറ് ആഴ്ച മുമ്പാണ് എന്നതും പരിഗണിച്ചാണ് കമീലയ്ക്ക് ഒളിംപിക്സില്‍ തുടര്‍ന്നും മല്‍സരിക്കാന്‍ അനുമതി നല്‍കിയത്.