keraliteswbnews

തങ്ങള്‍ സുരക്ഷിതരെന്ന് തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്ക് നേരിയ പരുക്കുണ്ടെന്ന് സംഘത്തിലെ കിരണ്‍ മനോരമന്യൂസിനോട് പറഞ്ഞു. കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ കിരൺ, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണു അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. കൊറമാണ്ഡൽ എക്സ്പ്രസിൽ ചെന്നൈയിലെത്തി തുടർന്ന് തൃശൂരിലേക്കു വരാനായിരുന്നു ഉദ്ദേശ്യം. അപകടത്തില്‍ രഘുവിന്റെ ഒരു പല്ല് നഷ്ടപ്പെട്ടു, വൈശാഖിന് തലയിടിച്ച് അല്‍പം പരുക്കേറ്റിട്ടുണ്ട് ,അപകടം സംഭവിച്ചപ്പോള്‍ രക്ഷപ്പെട്ടെങ്കിലും  ഇന്ന് രാവിലെയായപ്പോള്‍ ആകെ ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടെന്നും കിരണ്‍ പറയുന്നു. . ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് നാലു പേരും.  ട്രെയിന്‍ മൂന്നുതവണ മറിഞ്ഞെന്ന് കിരണ്‍ പറയുന്നു.അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്സിറ്റ് കൈകൊണ്ട് തല്ലിപ്പൊട്ടിച്ചാണ്. തങ്ങളിരുന്ന കോച്ചിന്റെ  തൊട്ടുപുറകിലെ കോച്ച് അപകടത്തില്‍ രണ്ടു കഷ്ണമായി. അതിനു മുകളിലൂടെയാണ് ഇവര്‍ നടന്നു രക്ഷപ്പെട്ടത്. പാടത്തിലൂടെ ഒരു കിലോ മീറ്റര്‍ നടന്ന ശേഷം ഒരു വീട് കണ്ടെന്നും മലയാളികള്‍ പറയുന്നു. ഗ്രൗണ്ടില്‍ പന്തുരുളും പോലെ അപകടശേഷം അങ്ങോട്ടും ഇങ്ങോട്ടും ഉരുളുകയായിരുന്നെന്നും കിരണ്‍ മനോരമന്യൂസിനോട് പറഞ്ഞു. ഇത്രയും വലിയ അപകടമാണ് സംഭവിച്ചതെന്ന് പിന്നീടാണ് അറിഞ്ഞത്. തങ്ങളുടെ ബോഗിയില്‍ മറ്റു മലയാളികളാരും ഉണ്ടായിരുന്നില്ലെന്നും കിരണ്‍ പറയുന്നു.