അമേരിക്ക/ദക്ഷിണ കൊറിയയുടെ യുദ്ധതന്ത്രങ്ങൾ ഉൾപ്പെടുന്ന സൈനിക രേഖകളും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ വധിക്കാനുള്ള പദ്ധതിയും ചോർത്തിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഉത്തര കൊറിയയുടെ ഹാക്കർമാരാണ് ഇവ ചോർത്തിയതെന്ന് ആരോപിച്ച് ദക്ഷിണ കൊറിയൻ പാർലമെന്റ് അംഗം റീ ഛിയാൾ–ഹീ രംഗത്തെത്തി.
ഡിഫൻസ് ഇന്റഗ്രേറ്റഡ് ഡേറ്റാ സെന്ററിൽനിന്നാണ് 235 ജിബി സൈനിക രേഖകൾ ചോർന്നത്. ഇതിൽ 80 ശതമാനത്തോളം രേഖകളും ഏതൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഹാക്കർമാർ ഇതു ചോർത്തിയത്. മേയിൽ ഉത്തര കൊറിയൻ ഹാക്കർമാർ വലിയതോതിൽ രേഖകൾ ചോർത്തിയതായി ദക്ഷിണ കൊറിയ വെളിപ്പെടുത്തിയെങ്കിലും ഏതൊക്കെയെന്നു പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഈ ആരോപണം ഉത്തര കൊറിയ നിഷേധിച്ചിരുന്നു.
പ്രതിരോധ മന്ത്രാലയത്തിൽ നിന്നാണ് ഈ വിവരം ചോർന്നത്. ചോർത്തിയത് കിം ജോങ് ഉന്നിന്റെ രഹസ്യ സൈബർ സേനയാണെന്നാണ് ആരോപണം. നിരവധി തവണ ലോകത്തിന് തന്നെ തലവേദനയായ സൈബർ സംഘമാണ് ഉത്തരകൊറിയയുടേത്.
ലോകത്തെ ഒട്ടുമിക്ക വൻ സൈബർ കൊള്ളകൾക്കും വൈറസ് ആക്രമണങ്ങൾക്കും പിന്നിൽ ഉത്തരകൊറിയൻ സൈബർ സേനകളാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ഉത്തരകൊറിയയുടെ രഹസ്യ സൈബർ സൈന്യമാണ് ബ്യൂറോ 121. രാജ്യത്ത് പട്ടിണിയാണെങ്കിൽക്കൂടി ഇക്കൂട്ടർക്ക് സഹായം നൽകുന്നതിൽ ഒരു മുടക്കവും വരുത്തില്ല സർക്കാർ. ചിലപ്പോഴൊക്കെ രാജ്യത്തിനാവശ്യമായ പണം തട്ടിയെടുത്തു നൽകുന്നതും ഈ സൈബർ കൊള്ളക്കാരാണ്. ഉത്തരകൊറിയൻ ചാരസംഘടനയുടെ കീഴിലുള്ള ഈ സൈബർ സെല്ലിൽ രാജ്യത്തെ ഏറ്റവും ബുദ്ധിശാലികളായ കംപ്യൂട്ടർ വിദഗ്‌ധരാണ് ഉള്ളത്. അന്യരാജ്യങ്ങളുടെ രഹസ്യങ്ങൾ ചോർത്താനും അവരുടെ കംപ്യൂട്ടർ ശൃംഖലകൾ തകർക്കാനും ബ്യൂറോ 121നെ സർക്കാർ ഉപയോഗപ്പെടുത്താറുണ്ടെന്നത് പരസ്യമായ കാര്യമാണ്.