അമേരിക്കയും ഉത്തരകൊറിയയും പ്രകോപനം തുടരുന്ന സാഹചര്യത്തിൽ മൂന്നാം ലോകമഹാ യുദ്ധ ഭീതിയിലാണ് ലോകം. ശത്രുതാനയം യുഎസ് അവസാനിപ്പിക്കും വരെ അണ്വായുധങ്ങൾ നശിപ്പിക്കുന്നതിൽ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് ഉത്തരകൊറിയ അറിയിച്ചു കഴിഞ്ഞു. കൊറിയൻ പെനിസുലയിലെ സംഘർഷം നിർണായക ഘട്ടത്തിലാണ്. ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നും യുഎന്നിലെ ഡപ്യൂട്ടി അംബാസഡർ കിം ഇൻ റയോങ് പറഞ്ഞത്.
ഇതിനിടെ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളില്‍ നിന്നും വെറും 42 കിലോമീറ്റര്‍ അകലെയുള്ള ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് മിസൈലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്തെങ്കിലും വ്യോമാക്രമണം നടന്നാല്‍ രക്ഷപ്പെടാനുള്ള ഭൂഗര്‍ഭ അറകള്‍ തങ്ങളുടെ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി നിര്‍മിക്കുന്ന തിരക്കിലാണ് ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍. എങ്കിലും തങ്ങളെ ലക്ഷ്യംവെച്ചു നില്‍ക്കുന്ന ഈ മിസൈലുകളെക്കുറിച്ച് സത്യത്തില്‍ ഒരു കോടിയോളം വരുന്ന സിയോള്‍ ജനത വലിയതോതില്‍ ആശങ്കപ്പെടുന്നില്ല.
ഒറ്റനോട്ടത്തില്‍ കണ്ടെത്താനാകാത്ത 3253 ഭൂഗര്‍ഭ അറകളാണ് ജനങ്ങള്‍ക്കുവേണ്ടി ദക്ഷിണകൊറിയ സിയോളില്‍ മാത്രം നിര്‍മിച്ചിരിക്കുന്നത്. പല ദക്ഷിണകൊറിയക്കാര്‍ക്കും ഇക്കാര്യം അറിയുകപോലുമില്ലെന്നതാണ് മറ്റൊരു വസ്തുത. ഷോപ്പിങ് മാളുകളുടെയും റെയില്‍വേ സ്റ്റേഷനുകളുടേയും ഹോട്ടല്‍ പാര്‍ക്കിങ്ങിന്റേയുമൊക്കെ ഭൂഗര്‍ഭ അറകള്‍ കൂട്ടാതെയാണ് ഇതെന്നതും ഓര്‍ക്കണം. ഇതുകൂടി കണക്കിലെടുത്താല്‍ വ്യോമാക്രമണ സമയത്ത് രക്ഷപ്പെടാനുള്ള അറകളുടെ എണ്ണവും വലിപ്പവും കൂടും. കുറച്ച് വര്‍ഷങ്ങളായി ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി നല്‍കുമ്പോള്‍ ഇത്തരം ഭൂഗര്‍ഭ അറകളുടെ സാന്നിധ്യം കൂടി പ്രോത്സാഹിപ്പിച്ചിരുന്നു.