ഡാലസ്(യുഎസ്)∙ മലയാളി ദമ്പതികളുടെ വളർത്തുമകൾ ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ. വളർത്തച്ഛൻ വെസ്‌ലി മാത്യുവിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ഡിഎൻഎ സാംപിളുകൾ ലഭിച്ചിരുന്നു.
വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽ നിന്നു കണ്ടെടുത്ത മൂന്നു വയസ്സു തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം ഷെറിന്റേതു തന്നെയെന്നാണു പൊലീസിന്റെ നിഗമനം. എന്നാൽ, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലീസ്. വീട്ടിൽനിന്ന് അഞ്ചു മൊബൈൽ ഫോണുകൾ, മൂന്നു ലാപ്ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു കുഞ്ഞിനെ വീടിനു പുറത്തിറക്കി നിർത്തിയെന്നാണ് എറണാകുളം സ്വദേശിയായ വെസ്‌ലി പൊലീസിനു മൊഴി നൽകിയിരുന്നത്. 15 മിനിറ്റിനു ശേഷം നോക്കിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നുവെന്നും പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത വെസ്‌ലിയെ പിന്നീട് ഇലക്ട്രോണിക് നിരീക്ഷണത്തോടെ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.