മിസൈൽ– ആണവ പരീക്ഷണങ്ങളാൽ വിറപ്പിക്കുമ്പോഴും ഉത്തര കൊറിയയ്ക്കെതിരെ പിന്നോട്ടില്ലെന്നു സൂചന നൽകി അമേരിക്കയും ദക്ഷിണ കൊറിയയും. ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത നാവികാഭ്യാസം അടുത്തയാഴ്ച നടക്കും. മേഖലയിൽ സംഘർഷാന്തരീക്ഷം നിലനിൽക്കെ ഫലത്തിൽ ഉത്തരകൊറിയയ്ക്കെതിരെയുള്ള ശക്തിപ്രകടം കൂടിയാകും ഇത്.
ഐക്യരാഷ്ട്ര സംഘടനയുടെ ഉപരോധം നിലനിൽക്കെ അടുത്തിടെ തുടരെ തുടരെ മിസൈൽ പരീക്ഷണങ്ങളുമായി ഉത്തരകൊറിയ ശക്തി തെളിയിച്ചിരുന്നു. കൂടാതെ രാജ്യത്തിന്റെ ആറാമത്തെയും ഏറ്റവും ശക്തിയേറിയതുമായ ആണവ പരീക്ഷണവും നടത്തി. ഇതിനു മറുപടിയെന്നോണം മേഖലയിൽ അമേരിക്കയുടെ പ്രധാന സഖ്യശക്തികളായ ദക്ഷിണ കൊറിയയും ജപ്പാനുമൊത്തുള്ള സൈനികാഭ്യാസങ്ങളും തുടരുകയാണ്. ഇതിനു പിന്നാലെയാണ് യുഎസ് സേനയുമായി ചേർന്നു ദക്ഷിണ കൊറിയ നാവികാഭ്യാസം നടത്തുന്നത്.
ഒക്ടോബർ 16 മുതൽ 26 വരെ നടക്കുന്ന നാവികാഭ്യാസത്തിനായി വിമാനവാഹിനിക്കപ്പലായ യുഎസ്എസ് റൊണാൾഡ് റീഗനും മറ്റു രണ്ട് ഡിസ്ട്രോയർ കപ്പലുകളുമാണ് എത്തുക. സീ ഓഫ് ജപ്പാനിലും യെലോ സീയിലും നടക്കുന്ന അഭ്യാസം ഇരുനാവിക വിഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയവും പ്രവർത്തനത്തിലെ ഒത്തൊരുമയും വ്യക്തമാക്കുന്നതായിരിക്കുമെന്നും യുഎസ് നാവികസേന വ്യക്തമാക്കി.
യുഎസ്എസ് മിഷിഗന്‍ എന്ന ആണവ അന്തർവാഹിനിയും ദക്ഷിണ കൊറിയയിലേക്ക് എത്തുന്നുണ്ട്. യുഎസ്എസ് ടസ്കൻ എന്ന അന്തർവാഹിനി അഞ്ചു ദിവസത്തെ സന്ദർശനത്തിനു ശേഷം തിരികെ പോയതിനു പിന്നാലെയാണ് മിഷിഗനിന്റെ വരവ്.
ഈ നീക്കങ്ങൾ ഉത്തരകൊറിയയെ പ്രകോപിക്കുമെന്നത് വ്യക്തം. മേഖലയിൽ ഏതെങ്കിലും രീതിയിൽ സംയുക്ത നാവികാഭ്യാസം നടത്തിയാൽ പ്രതികരിക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുമുണ്ട്. യുഎസ് സാമ്രാജ്യത്വ ശക്തികളും ദക്ഷിണകൊറിയയിലെ ‘കളിപ്പാവകളും’ പ്രകോപനത്തിനാണു ശ്രമിക്കുന്നതെങ്കിൽ അത് അവരുടെ തന്നെ നാശത്തിനിടയാക്കുമെന്നാണ് കൊറിയന്‍ വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
രാത്രിയും പകലുമായുള്ള വ്യോമാഭ്യാസവും ദക്ഷിണകൊറിയയും ജപ്പാനുമൊത്ത് അമേരിക്ക അടുത്തിടെ നടത്തിയിരുന്നു. കൊറിയൻ പെനിൻസുലയ്ക്കു മുകളിലൂടെ യുഎസിന്റെ രണ്ട് സൂപ്പർ സോണിക് ബോംബർ വിമാനങ്ങൾ പറത്തിയായിരുന്നു അത്. ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന നാല് യുഎസ് എഫ്–35 ബി ഫൈറ്റർ ജെറ്റുകളും രണ്ട് ബി–1ബി വിമാനങ്ങളും പെനിൻസുലയ്ക്കു മുകളിലൂടെ പറന്നത് രണ്ടാഴ്ച മുൻപാണ്.
ഇത്തരത്തിൽ സംഘർഷം ശക്തമായിരിക്കെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി വാക്പോരു തുടരാനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നത്. ഉത്തരകൊറിയയുടെ മിസൈൽ–ആണവ പരീക്ഷണങ്ങൾക്ക് ഏതെല്ലാം രീതിയില്‍ ‘മറുപടി’ കൊടുക്കാമെന്നതു സംബന്ധിച്ച് സുരക്ഷാ ഏജൻസികളുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.
‘ഒരൊറ്റക്കാര്യം’ മാത്രമേ ഇനി ഉത്തരകൊറിയയ്ക്ക് മറുപടിയായി നൽകാനാകൂ എന്നും യുദ്ധത്തിലേക്കുള്ള പരോക്ഷ സൂചന നൽകി ട്രംപ് വ്യക്തമാക്കി. അതേസമയം രാജ്യത്തിനു നേരെയുള്ള എന്താക്രണവും നേരിടാനുള്ള ‘ആയുധനിധിശേഖര’മാണ് തങ്ങളുടെ കൈവശമുള്ള ആണവായുധങ്ങളെന്നാണ് കിം വ്യക്തമാക്കിയിരിക്കുന്നത്.