ഹനോയ്∙ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് അഞ്ചു കിലോഗ്രാം തൂക്കം കാണുമെന്നു ഡോക്ടർമാർ പറഞ്ഞപ്പോൾ, വിയറ്റ്നാംകാരി ലിയെന് വലിയ പരിഭ്രമമൊന്നും തോന്നിയില്ല. നാലുവർഷം മുൻപു മൂത്തകുട്ടി ജനിച്ചപ്പോൾ 4.2 കിലോയുണ്ടായിരുന്നതാണ്.
പക്ഷേ, പ്രസവശസ്ത്രക്രിയ കഴിഞ്ഞു ബോധം വീണ ലിയെൻ കുഞ്ഞിനെ കണ്ടപ്പോൾ അദ്ഭുതപ്പെട്ടു കാണും: കുഞ്ഞിനു തൂക്കം അഞ്ചല്ല, 7.1 കിലോ! വിയറ്റ്നാമിലെ വടക്കൻ പ്രവിശ്യയായ വാൻ ഫുക്കിൽ ശനിയാഴ്ചയാണ് അച്ഛനമ്മമാരെയും ആശുപത്രിക്കാരെയും ഞെട്ടിച്ച് 7.1 കിലോ തൂക്കമുള്ള ആൺകുഞ്ഞു പിറന്നത്. ട്രാൻ ടിയെൻ ക്വോക് എന്നാണു ലിയെനും ഭർത്താവ് ക്വാനും കൂടി മകനു നൽകിയിരിക്കുന്ന പേര്. മൂന്നു മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്കാണു സാധാരണയായി ഏഴു കിലോ തൂക്കം.
∙ വിയറ്റ്നാമിൽ മുൻപും
2008ൽ ജിയ ലായ് പ്രവിശ്യയിൽ പിറന്ന ഏഴു കിലോയുള്ള പെൺകുഞ്ഞായിരുന്നു വിയറ്റ്നാമിൽ തൂക്കത്തിൽ ഇതുവരെ ഒന്നാം നമ്പർ താരം. ∙ ലോക റെക്കോർഡ് തൂക്കത്തിൽ ഗിന്നസ് റെക്കോർഡ് ഇറ്റലിയിലെ അവേഴ്സയിൽ 1955ൽ പിറന്ന 10.2 കിലോ തൂക്കമുള്ള ശിശുവിന്റെ പേരിലാണ്.