കെനിയയില്‍ മതപ്രഭാഷകന്‍റെ വാക്ക് കേട്ട് പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം അന്‍പത് കടന്നു. തീരനഗരമായ മാലിന്ദിയില്‍ നിന്ന് കുട്ടികളുടേതടക്കം 58 മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. വനത്തിനുള്ളില്‍ മരണം കാത്ത് പട്ടിണി കിടന്ന പതിനഞ്ചോളംപേരെ പൊലീസ് രക്ഷപെടുത്തി.
ഗുഡ് ന്യൂസ് ഇന്‍റര്‍നാഷണല്‍ ചര്‍ച്ചിലെ പ്രഭാഷകനായ പോള്‍ മക്കെന്‍സിയുടെ വാക്കുകേട്ടാണ് വിശ്വാസികള്‍ പട്ടിണി കിടന്നത്. ദൈവത്തെ കാണാന്‍ പട്ടിണി കിടന്ന് മരിക്കണമെന്നായിരുന്നു നിര്‍ദേശം. ഷാകഹോല വനത്തിലാണ് വിശ്വാസികള്‍ പട്ടിണി കിടന്നത്. ഒരു കുടുംബത്തിലെ അഞ്ചുപേരുടെ കുഴിമാടമടക്കം ഇവിടെ നിന്ന് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. 800 ഏക്കറോളം വിശാലമായ വനത്തില്‍ കൂടുതല്‍ പരിശോധന നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി കിഥൂര്‍ കിന്‍ഡികി വ്യക്തമാക്കി. ഈ മേഖലയില്‍ നിന്ന് അടുത്തകാലത്തായി 112 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരെ കുഴിച്ചിട്ടതാരെന്നതടക്കം കാര്യങ്ങളില്‍ പൊലീസ് തെളിവ് ശേഖരിക്കുകയാണ്. പോള്‍ മക്കെന്‍സിയെ അറസ്റ്റ് ചെയ്തെങ്കിലും കുറ്റം നിഷേധിച്ചു. അടുത്ത അനുയായികളടക്കം ആറുപേരും പൊലീസ് കസ്റ്റഡിയിലാണ്. 2019 ല്‍ തന്‍റെ സംഘടനയെ പിരിച്ചുവിട്ടിരുന്നുവെന്നാണ് മക്കെന്‍സിയുടെ വിശദീകരണം.
In Kenya, the number of people who starved to death after hearing the preacher's words has crossed fifty