TOPICS COVERED

രാഷ്ട്രീയജീവിതത്തിന് തുടക്കം കുറച്ച ജെ.എന്‍.യുവിന്‍റെ മണ്ണിലേക്ക് പ്രിയ സഖാവ് ഒരിക്കല്‍ കൂടിയെത്തി. റെഡ് സല്യൂട്ട് മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും ഒത്തുകൂടി. ആവേശം കൊള്ളിക്കുന്ന പ്രസംഗങ്ങള്‍ കൊണ്ടും ജ്വലിക്കുന്ന പോരാട്ട വീര്യം കൊണ്ടും ഈ മണ്ണില്‍ നിന്നാണ് സീതാരാമ റാവു, സഖാവ് സീതാറാം യച്ചൂരിയായത്. ആ സഖാവിന് ജെ.എന്‍.യുവിന്‍റെ മനസില്‍ മരണമില്ല.

ഒരുപിടി പുഷ്പങ്ങള്‍ അര്‍പ്പിച്ച്, മുഷ്ടി ചുരുട്ടി പ്രിയ സഖാവിന് അഭിവാദ്യം അര്‍പ്പിച്ച് പ്രകാശ് കാരാട്ട്. ജെ.എന്‍.യുവിലെ സജീവരാഷ്ട്രീയ കാലത്ത് സര്‍ലകലാശാല ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിച്ച പ്രകാശ്  കാരാട്ടിനായി വോട്ടുതേടിയായിരുന്നു യച്ചൂരിയുടെ ആദ്യ പ്രസംഗങ്ങള്‍. കാരാട്ടിനു പിന്നാലെ അഭിവാദ്യങ്ങളുമായി സഹപ്രവര്‍ത്തകും സഹപാഠികളും വിദ്യാര്‍ഥികളും. യച്ചൂരിയെന്ന സഖാവിന്‍റെ അവസാന യാത്രയുടെ തുടക്കവും ഈ കലാലയത്തിന്‍റെ മണ്ണില്‍ നിന്നുതന്നെയാകുമ്പോള്‍ അദ്ദേഹത്തെ ഓര്‍ത്തെടുക്കാന്‍ എളുപ്പമാണ്. പ്രായോഗിക വാദം കൊണ്ട് സി.പി.എമ്മിനെ നയിച്ച, നിലപാടുകള്‍ മയമില്ലാതെ പറഞ്ഞ പാര്‍ട്ടി ജനറല്‍ സെക്രട്ടറി. ശക്തരായ കേരള ഘടകത്തിന്‍റെ എതിര്‍പ്പുകള്‍ നിരന്തരം ഉണ്ടായിരുന്നിട്ടും വര്‍ഗീയ ശക്തികളെ നേരിടാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവരുമായി സഖ്യങ്ങളും ദേശീയതലത്തില്‍ വിശാലമുന്നണിയും വേണമെന്ന നിലപാടില്‍ ഉറച്ചുനിന്നയാള്‍. ഒറ്റക്കായിട്ട് പോലും, വി.എസ്.അചുതാനന്ദനു വേണ്ടി പടനയിച്ച്, ഇടതുപ്രസ്ഥാനത്തിനും മലയാളുകള്‍ക്കും പ്രിയങ്കരനായ യച്ചൂരി.

ജനനം ചെന്നൈയിലും ബാല്യം ആന്ധ്രയിലും. പഠനത്തിനായി ഡല്‍ഹിയിലെത്തിയ യച്ചൂരിക്ക്, പിന്നീടവിടം പ്രവര്‍ത്തന മണ്ഡലമായി. ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സിലെ ബിരുദ പഠനത്തിന് ശേഷം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നതോടെ സജീവരാഷ്ട്രീയക്കാരനായി. യച്ചൂരിയുടെ പ്രസംഗങ്ങള്‍ക്കും അതിലുപരി അദ്ദേഹത്തിലുണ്ടായിരുന്ന ജ്വലിക്കുന്ന പോരാട്ട വീര്യത്തിനും ജെ.എന്‍.യു കാലംതൊട്ടെ ആരാധകര്‍ ഉണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയെ ജെ.എന്‍.യു ചാന്‍സലര്‍ സ്ഥാനത്തുനിന്ന് രാജിവപ്പിച്ചതും വിദ്യാര്‍ഥിയായിരുന്ന മനേക ഗാന്ധിയെ ജെ.എന്‍.യുവിന്‍റെ പ്രധാന ഗേറ്റില്‍ തടഞ്ഞതുമെല്ലാം കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരനിലേക്കുള്ള വളര്‍ച്ചയിലെ ഏടുകളാണ്. 

അടിയന്തരാവസ്ഥാക്കാലത്ത് ഒളിവില്‍ പോയങ്കിലും പിടിയിലായി. 1977-78ല്‍ ജെഎന്‍യു വിദ്യാര്‍ഥി യുണിയന്‍ പ്രസിഡന്റ്.  മൂന്ന് തവണ JNUSU അധ്യക്ഷനായി. 1984ൽ എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റായ യച്ചൂരി അതേവർഷം സിപിഎം കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവുമായി.  കേരളത്തിനും ബംഗാളിനും പുറത്തുനിന്നുള്ള എസ്എഫ്‌ഐയുടെ ആദ്യ പ്രസിഡന്റായിരുന്നു യച്ചൂരി. പിറ്റേവർഷം  കാരാട്ടിനും എസ്.രാമചന്ദ്രൻ പിള്ളയ്ക്കുമൊപ്പം കേന്ദ്ര കമ്മിറ്റിയംഗം. 1992ലാണ് മൂവരും പൊളിറ്റ് ബ്യൂറോയിലെത്തുന്നത്.  സമരമുഖങ്ങളിലായിരുന്നു എന്നും സഖാവ് യച്ചൂരി. സൗഹൃദങ്ങളലിധകും തുടങ്ങിയതും അവിടെനിന്നു തന്നെ. പ്രത്യയശാസ്ത്രത്തിനൊപ്പം പ്രായോഗികതയും പയറ്റുന്ന രാഷ്ട്രിയ ശൈലി. 2004ല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് യുപിഎ സഖ്യ സര്‍ക്കാരുണ്ടാക്കാന്‍ മുന്‍കയ്യെടുത്തതില്‍ യച്ചൂരിയുടെ ഈ ശൈലി വ്യക്തമാണ്. ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്‍റെ പ്രസക്തിതന്നെ ചോദ്യംചെയ്യപ്പെട്ട കാലത്ത് പാര്‍ട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്വം യച്ചൂരിയിലേക്ക് എത്തിയതും ഇതേ രാഷ്ട്രിയ ശൈലിയുടെ പിന്‍ബലത്തിലാണ്. സഖ്യപരീക്ഷണങ്ങള്‍ പലതും തുടക്കത്തില്‍ പാളിയെങ്കിലും യച്ചൂരി പിന്‍വാങ്ങിയില്ല.

ബി.ജെ.പിയും ഹിന്ദുത്വ രാഷ്ട്രീയവുമാണ് മുഖ്യശത്രുവെന്നും പോരാടാന്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളുമായി ഒന്നിച്ചുനില്‍ക്കണമെന്നും യെച്ചൂരി ആവര്‍ത്തിച്ചു.  കോണ്‍ഗ്രസുമായി സഖ്യം കേരളത്തിലെ നേതാക്കള്‍ക്കടക്കം അചിന്തനീയമായിരുന്നു.  പൊളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ജനറല്‍ സെക്രട്ടറിയുടെ നിലപാടിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ല. അധികാരമുള്ള കേരളത്തിന്‍റെ സമ്മര്‍ദത്തില്‍ കോണ്‍ഗ്രസുമായി നേരിട്ടുള്ള സഖ്യത്തില്‍നിന്ന് യെച്ചൂരി ആദ്യം പിന്‍വാങ്ങിയിരുന്നു.  വര്‍ഗീയതയ്ക്കെതിരെയുള്ള ശക്തമായ പൊരാട്ടത്തിനായി, എതിര്‍പ്പുകള്‍ നിരവധി ഉണ്ടായിരുന്നെങ്കിലും, ഇന്ത്യമുന്നണി രൂപീകരണത്തിന് അദ്ദേഹം മുന്നില്‍നിന്നു. പിന്നീടുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ആ നീക്കം ശരിയായിരുന്നുവെന്ന് തെളിയിച്ചു. സിപിഎമ്മിന് ഇന്ന് ലോക്സഭയിലുള്ള നാലംഗങ്ങളില്‍ മൂന്നുപേരുമെത്തിയത് ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായാണ്. കോണ്‍ഗ്രസുമായുള്ള സഖ്യത്തെ എതിര്‍ത്തിരുന്ന പാര്‍ട്ടിയിലെ ഭൂരിപക്ഷം യെച്ചൂരിയുടെ നിലപാടിലെ പ്രായോഗികവാദവും ദീര്‍ഘവീക്ഷണവും മനസിലാക്കി.  നിലപാടുകള്‍ മയമില്ലാതെ പറഞ്ഞിട്ടുള്ള കമ്മ്യൂണിസ്റ്റുകാരന്‍. അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ നിന്ന് ഉള്‍പ്പടെ പലപ്പോഴും എര്‍പ്പുകള്‍ നേരിടേണ്ട വന്നിട്ടുള്ള നേതാവ്. എങ്കിലും വാക്കുകൊണ്ടോ നോക്കുകൊണ്ടോ യച്ചൂരി ആരെയും വേദനപ്പിച്ചിട്ടില്ല. അതാണ് അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രയിങ്കരനാക്കുന്നതും.

വിരുദ്ധ ധ്രവത്തിലാണെങ്കിലും കോണ്‍ഗ്രസ് നേതാക്കളുമായി ഹൃദ്യമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന കമ്മ്യൂണിസ്റ്റ് ആണ് യച്ചൂരി. രാജ്യസഭ അംഗമെന്ന നിലയില്‍ മികച്ച പാര്‍ലമെന്‍റേറിയന്‍ എന്ന പേര് വേഗത്തില്‍ സ്വന്തമാക്കിയ യച്ചൂരിക്ക് 2017ല്‍ കാലാവധി അവസാനിക്കുമ്പോള്‍ രാജ്യസഭയില്‍ തുടരണമെന്നുണ്ടായിരുന്നു. യച്ചൂരി പാര്‍ലമെന്‍റില്‍ വേണമെന്ന് സോണിയയും രാഹുലുമുള്‍പ്പെടെ ആഗ്രഹിച്ചു. മോദി സര്‍ക്കാരിനെതിരെ യച്ചൂരിയേക്കാള്‍ നന്നായി ശബ്ദമുയര്‍ത്താന്‍ മറ്റാരുമില്ലെന്ന് അവര്‍ക്കും ബോധ്യമുണ്ടായിരുന്നു. രാജ്യാന്തരരംഗത്തും ആദരവ് നേടിയ നേതാവാണ് സീതാറാം യച്ചൂരി. നേപ്പാളിൽ മാവോയിസ്റ്റുകളെ ജനാധിപത്യ പാതയിലേക്ക് നയിക്കാന്‍ നടത്തിയ ഇടപെടലുകൾ ശ്രദ്ധ നേടി.  കോവിഡ് ജീവനെടുത്ത മകന്‍ ആശിഷ് യച്ചൂരിയുടെ വേര്‍പാട് അവസാനകാലത്ത് യച്ചൂരിയെ ഏറെ  വേദനിപ്പിച്ചിരുന്നു. ഒടുവില്‍ രോഗത്തിന് കീഴടങ്ങുമ്പോഴും തന്‍റെ മൃതദേഹം തീനാളങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ വൈദ്യപഠനത്തിനായി നല്‍കണമെന്നായിരുന്നു യച്ചൂരിയെന്ന പ്രായോഗികവാദിയുടെ തീരുമാനം. യച്ചൂരിയെന്ന നേതാവ് വിടവാങ്ങുമ്പോഴും ഏകാധിപത്യത്തെ നേരിടാന്‍ കൈകോര്‍ത്തു ശക്തിനേടണമെന്ന സഖാവിന്‍റെ ഓര്‍മപ്പെടുത്തലിന് ഒരുകാലവും മരണമില്ല. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികള്‍ മുഷ്ടി ചുരുട്ടി ഉറക്കെ വിളിച്ചതുപോലെ... അമര്‍ രഹേ... അമര്‍ രഹേ...