TOPICS COVERED

ഉപതിരഞ്ഞെടുപ്പ് കാലമാണ്.. എന്തിനും രാഷ്ട്രീയനിറം ലഭിക്കുന്ന, എന്തും തിരഞ്ഞെടുപ്പ് വിഷയമാകുന്ന സമയം.  പഴയതെല്ലാം ചികഞ്ഞെടുത്ത് എതിരാളികളെ ആക്രമിക്കാന്‍ കോപ്പുകൂട്ടുന്ന കാലം.  ഉപതിരഞ്ഞെടുപ്പ് കളത്തിലുള്ള ബി.ജെ.പിക്ക് ഇന്നലെ ഒരു പ്രഹരമേറ്റു.  കഴിഞ്ഞതിരഞ്ഞെടുപ്പില്‍  ഉറക്കംകെടുത്തിയ കൊടകര കുഴല്‍പ്പണക്കേസ് വെള്ളിടിയായി ഇപ്പൊഴുമെത്തി. പിടികൂടിയ കള്ളപ്പണം ബി.ജെ.പിയുടേത് തന്നെ എന്ന് ഉറപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍. കുത്തിപ്പൊക്കിയത് പക്ഷെ എതിരാളികളല്ല.. ബി.ജെ.പിയുടെ ഓഫിസിന്റെ കാവലാളായിരുന്ന പഴയ പ്രവര്‍ത്തകന്‍ തന്നെയായിരുന്നു അത്.. 

കൊടകരക്കേസിന്  ജീവന്‍ വയ്ക്കുന്നതായിരുന്നു ബി.ജെ.പിയുടെ മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ ഈ പ്രതികരണം. 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് മൂന്നുദിവസം മുന്‍പ് പൊലീസ് പിടിച്ചെടുത്ത പണം ബി.ജെ.പിയുടെ പാളയത്തിലേക്കുള്ളതായിരുന്നു എന്ന ആരോപണം അന്നേ ഉണ്ടായിരുന്നു.  കേരള പൊലീസ് അന്വേഷിച്ച് ഇ.ഡിക്ക് അന്വേഷണ ശുപാര്‍ശ നല്‍കിയ കേസ്. കരുവന്നൂരിലെത്താന്‍ തിടുക്കം കാട്ടിയ ഇ.ഡി  കൊല്ലം മൂന്ന് കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാത്ത കേസ്. കേരള പൊലീസ് അന്വേഷിച്ച് 23 പ്രതികൾക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു . ഈ കേസിലെ പ്രധാനപ്പെട്ട സാക്ഷിയാണ് സതീശൻ. അന്ന്, പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇതെല്ലാം ഏറ്റു പറഞ്ഞിരുന്നു. പക്ഷേ, മാധ്യമങ്ങൾക്ക് മുമ്പിൽ പറയാൻ സതീശൻ തയാറായതാണ് BJP യെ ഞെട്ടിച്ചത്.  ആരോപണങ്ങള്‍ അന്നേ നിഷേധിച്ച ബി.ജെ.പി നേതൃത്വം ഇക്കുറിയും അതാവര്‍ത്തിച്ചു. ഒപ്പം വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീശന്റെ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയായിരുന്നു പ്രതിരോധം 

എന്നാല്‍  പറഞ്ഞതിലുറച്ച് നില്‍ക്കുന്നതായി സതീശന്‍ ആവര്‍ത്തിച്ചു. കൊടകര കുഴല്‍പ്പണക്കേസില്‍ എല്ലാ സത്യങ്ങളും തുറന്നു പറയുമെന്ന്  സതീശന്‍ പറഞ്ഞു. . പണം കൈകാര്യം ചെയ്തതിന്‍റെ രേഖകള്‍ കൈവശമുണ്ടെന്നും കള്ളപ്പണം കൈകാര്യം ചെയ്തത് മുന്‍ ജില്ലാ ട്രഷററാണെന്നും സതീശന്‍ വെളിപ്പെടുത്തു  സതീശന്റെ വെളിപ്പെടുത്തല്‍ ബി.ജെ.പി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പഴയ ഹവാലാ ആരോപണത്തിലെ പൊലീസ് കണ്ടെത്തലിനെ ശരിവയ്ക്കുന്നതാണ്.  കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ ്കാലത്ത് കേരളത്തിലേക്ക് ബി.ജെ.പി. ഒഴുക്കിയത് നാല്‍പത്തിയൊന്നര കോടി രൂപയാണെന്നായിരുന്നു കേരള പൊലീസിന്റെ കണ്ടെത്തല്‍. കര്‍ണാടകയിലെ ബി.ജെ.പി. എം.എല്‍.എ. കൈമാറിയ കള്ളപ്പണമാണ് ഇതെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇ.ഡിയെ സമീപിച്ചെങ്കിലും കേട്ടതായി ഭാവിച്ചിട്ടില്ല. 

കേരളത്തിലേക്ക് പലഘട്ടങ്ങളിലായി എത്തിച്ച നാല്‍പ്പത്തി ഒന്നരക്കോടിയില്‍ ഉള്‍പ്പെട്ട മൂന്നരക്കോടി രൂപയാണ് കൊടകര കേസിലേത്. തൃശൂരില്‍ നിന്ന് ആലപ്പുഴയിലേക്കായിരുന്നു പണം കൊണ്ടുപോയത്. ഹവാലാസംഘം തൃശൂര്‍ ദേശീയപാതയില്‍ കൊടകരയില്‍ എത്തിയപ്പോള്‍  പത്തംഗ ക്രിമിനല്‍സംഘം പണം തട്ടിയെടുത്തു. കള്ളപ്പണ ഇടപാടുകാരന്‍ കോഴിക്കോട് സ്വദേശിയായ ധര്‍മരാജനായിരുന്നു പണത്തിന് അകമ്പടി പോയത്. ധര്‍മരാജന്‍ വിശ്വസിച്ച് പണം ഏല്‍പിച്ച കോഴിക്കോട്ടുകാരന്‍ ഷംജീര്‍ ക്രിമിനല്‍സംഘത്തിന് ഒറ്റുകൊടുക്കുകയായിരുന്നു. പുലർച്ചെ 4.40നു കൊടകര മേൽപാലം കഴിഞ്ഞു 100 മീറ്റർ മാറിയപ്പോൾ പിന്നാലെ വന്ന കാർ ഈ  വാഹനത്തിൽ ഇടിപ്പിച്ചു. അപകടമെന്നു കരുതി വാഹനം നിർത്തിയപ്പോൾ പിന്നില്‍ മറ്റൊരു കാറിലുണ്ടായിരുന്നവർ ആക്രമിച്ചു വാഹനം തട്ടിയെടുത്തു കടന്നു. പൊലീസ്  നടത്തിയ അന്വേഷണത്തിൽ ഉൾഭാഗം കുത്തിപ്പൊളിച്ച് രഹസ്യ അറയില്‍ നിന്ന് പണമെടുത്തശേഷം കാർ ഇരിങ്ങാലക്കുട ഭാഗത്ത് ഉപേക്ഷിച്ചതായി കണ്ടെത്തി.  ഭൂമി ഇടപാടിന് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് ധര്‍മരാജന്‍ തന്നെയാണ് പൊലീസിന് പരാതി നല്‍കിയത്. അന്വേഷണത്തില്‍ ഇത് തെറ്റാണെന്നും കാറിലുണ്ടായിരുന്നത് മൂന്നരക്കോടിയാണെന്നും കണ്ടെത്തി. ഡിവൈ.എസ്.പി: വി.കെ.രാജുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസന്വേഷിച്ചു. ഒരു കോടി അറുപതു ലക്ഷം രൂപ കണ്ടെടുത്തു. ഇരുപത്തിമൂന്നു പ്രതികളേയും പിടിച്ചു.  ധര്‍മരാജന്റെ ബി.ജെ.പി ബന്ധവും ശാസ്ത്രീയമായി കണ്ടെത്തി. കര്‍ണാടകത്തിലെ ബി.ജെ.പി എം.എല്‍.എ: ലെഹര്‍സിങ് ഉള്‍പ്പെടെ അ‍ഞ്ചു പേരാണ് നാല്‍പത്തിയൊന്നര കോടി രൂപ കൈമാറിയതെന്ന് ധര്‍മരാജന്‍ പൊലീസിന് മൊഴിനല്‍കിയിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന ഓഫിസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ തുക കേരളത്തിലെ പലയിടങ്ങളിലും എത്തിച്ചതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. ഇക്കാര്യം, വ്യക്തമാക്കി പൊലീസ് ആവശ്യപ്പെട്ട ഇ.ഡി. അന്വേഷണം മൂന്നുവര്‍ഷമായിട്ടും തുടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ പൊലീസ് അന്വേഷണം മൂന്നരക്കോടി തട്ടിയെടുത്ത കേസിലെ കുറ്റപത്ര സമര്‍പ്പണത്തില്‍ ഒതുങ്ങി. കള്ളപ്പണമൊഴുക്കിന്റെ രാഷ്ട്രീയബന്ധം തിരയാനുള്ള പരിമിതി പൊലീസിനുണ്ട്. അങ്ങനെയിരിക്കെയാണ് അത് പൊലീസിന്റെ കെട്ടുകഥയല്ലെന്ന് സാക്ഷ്യപ്പെടുത്തി സതീശന്‍ എത്തുന്നത്.. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പലവിധ ചര്‍ച്ചാവിഷയങ്ങളെല്ലാം കൊടകര കേസിലേക്ക്  ഒതുങ്ങിപ്പോയി. സ്വാഭാവികമായും  ഏറ്റവുമധികം പ്രതിരോധത്തിലായതാവട്ടെ ബി.ജെ.പിയും. ബിജെപി കള്ളപ്പണം ഒഴുക്കുന്നെന്ന സിപിഎം ആരോപണത്തിന്  കേരളം ഭരിക്കുന്നത് ബിജെപിയല്ലെന്നും  ഇവിടെ പൊലീസ് ഇല്ലേ എന്നും ചോദിച്ചാണ് കെ.സുരേന്ദ്രന്‍ പ്രതികരിച്ചത്. 

തിരൂര്‍ സതീശനെ സി.പി.എം പണംകൊടുത്തുവാങ്ങിയെന്ന്  ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.  സ്ഥിരം സിനിമാ ഡയലോഗായിരുന്നു  കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മറുപടി. സിബിഐയെ വിളിക്കാന്‍ പറയെന്നായിരുന്നു പ്രതികരണം. മാധ്യമപ്രവര്‍ത്തകരാണ് കേസിന്റെ ഉദ്ധാരകരെന്നും അദ്ദേഹം വിമര്‍ശിച്ചു. വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന് പിന്നില്‍ പിആര്‍ ഏജന്‍സിയെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ പ്രതികരണം. അതേസമയം സര്‍ക്കാര്‍ – ബി.ജെ.പി ഒത്തുകളിയാണ് കേസിലെ രാഷ്ട്രീയ ബന്ധത്തില്‍ തൊടാത്തതിന് പിന്നിലെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. 

കുഴല്‍പ്പണക്കടത്തില്‍ പൊലീസ് കേസെടുക്കാത്തത് ഡീലിന്റെ ഭാഗമാണെന്നായിരുന്നു കെ.മുരളീധരന്റെ ആരോപണം. കൊടകരയിലേത് കവര്‍ച്ചക്കേസ് മാത്രമാക്കിയതിന്‍റെ ഗുണം പിണറായി വിജയന് കിട്ടിയെന്നും മുരളീധരന്‍ പറഞ്ഞു. ഇതിനിടെ തൃശൂരില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കൊടകരക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടു. ബിജെപി ഓഫിസില്‍ കോടികള്‍ കൊണ്ടുവന്നത് ഞെട്ടിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ഇഡി, ആദായനികുതി വിഭാഗങ്ങളോട്   അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. അതിനെതിരെ വി.ഡി.സതീശന്‍ ഒന്നും പറയുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ ആരോപിച്ചു. 

തിരഞ്ഞെടുപ്പുകാലത്ത് വീണുകിട്ടിയ രാഷ്ട്രീയ ആയുധം ഉപയോഗിക്കാന്‍ തന്നെയായിരുന്നു സര്‍ക്കാരിന്റെയും തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം നേരിട്ട് ആവശ്യപ്പെടുകകൂടി ചെയ്തതോടെ മറ്റൊന്നും ആലോചിക്കാനുമില്ലായിരുന്നു പിണറായി വിജയന്. സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാതെ തിരുവനന്തപുരത്ത് തുടര്‍ന്ന മുഖ്യമന്ത്രി ഡി.ജി.പിയെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. തൊട്ടുപിന്നാലെ കൊടകര കള്ളപ്പണക്കേസില്‍ നാടകീയമായി തുടരന്വേഷണവും പ്രഖ്യാപിച്ചു. സാങ്കേതികമായ കടമ്പകള്‍ ഏറെയുണ്ടെങ്കിലും രാഷ്ട്രീയമായ നേട്ടത്തില്‍ മാത്രമാണ് സര്‍ക്കാരിന്റെ കണ്ണ്.

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം രാഷ്ട്രീയകേരളം ശ്രദ്ധയോടെ പിന്തുടര്‍ന്ന ഒന്നാണ്.  ബി.ജെ.പി – സി.പി.എം ഒത്തുകളി ആരോപണം യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍  പ്രത്യേകിച്ചും.  ഇ.ഡിയുെട നനഞ്ഞ നിസംഗത ഉയര്‍ത്തുന്ന സന്ദേഹങ്ങള്‍ വേറെ.  പുതിയ വെളിപ്പെടുത്തല്‍ ഇതിലേക്കെല്ലാം നേരിട്ടും അല്ലാതെയും വിരല്‍ചൂണ്ടുന്നുമുണ്ട്.  തുടരന്വേഷണവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോള്‍ രാഷ്ട്രീയമായി പ്രതിരോധിക്കേണ്ടത് ബി.ജെ.പിയുടെ ബാധ്യതയാണ്.  ഈ ഉപതിരഞ്ഞെടുപ്പുകാലം അതിന്റെയെല്ലാം വേഗംകൂട്ടുമെന്നുറപ്പ് . 

ENGLISH SUMMARY:

Special programme on Kodakara robbery case