ഗോപന്‍ സ്വാമി എങ്ങനെ മരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മലയാളി ചോദിച്ച ചോദ്യം. അതിനുള്ള ഉത്തരത്തിലേക്കാണ് വ്യാഴം പുലര്‍ന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുക്കാനായി പൊലീസെത്തി. കല്ലറ പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഗോപന്‍ സ്വാമിയുടെ മക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതോടെയാണ് നേരെ വെളുക്കും മുന്നെ പൊലീസ് ആ മരണത്തിന്‍റെ കാരണത്തിലേക്ക് കല്ലറ പൊളിച്ചെത്താന്‍ വന്നത്. 

നേരം വെളുക്കും മുമ്പേ വിവാദ സമാധി കല്ലറ പൊളിക്കാനുള്ള ഒരുക്കങ്ങൾ പോലീസ് പൂർത്തിയാക്കി. കല്ലറയിൽ നിന്നും അരകിലോമീറ്റർ അകലെ തന്നെ റോഡ് അടച്ച് പുറത്തുനിന്നുള്ളവരുടെ വരവ് പോലീസ് തടഞ്ഞു. കല്ലറയിൽ നിന്നും 150 മീറ്റർ അകലെ മാധ്യമങ്ങളെയും. നെയ്യാറ്റിൻകര, നെടുമങ്ങാട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം. കല്ലറയും, സ്വാമിയുടെ വീടും, ക്ഷേത്രവും അടങ്ങുന്ന സ്ഥലം പൂർണ്ണമായും പോലീസ് നിയന്ത്രണത്തിൽ. ഫൊറൻസിക് സർജൻമാരും വിരലടയാള വിദഗ്ധരും കല്ലറ പൊളിക്കാനുള്ള തൊഴിലാളികൾ സ്ഥലത്ത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റാനുള്ള ആംബുലൻസും റെഡി. 7 മണിയോടെ സബ്കളക്ടർ ആൽഫ്രഡും എത്തിയതോടെ എല്ലാം സെറ്റ്.7.15ന് കല്ലറ ഇളക്കി തുടങ്ങി. പുറത്ത് സാക്ഷിയായി മാധ്യമങ്ങളും പ്രദേശവാസികളും മാത്രം. പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍

സമയം 7:29... കോമൺ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയതായുള്ള ആദ്യ വിവരം. മൃതദേഹം ഇരുന്ന നിലയിൽ. കഴുത്തുവരെ പൂജാ ദ്രവ്യങ്ങൾ. മുഖം കൃത്യമായി തിരിച്ചറിയാവുന്ന നിലയിലെന്നും ദൃക്സാക്ഷി. 8:13ന് മൃതദേഹം പൂർണമായി പുറത്തെടുത്തു. കഴുകി വൃത്തിയാക്കി ഇൻക്വസ്റ്റ് തുടങ്ങി. 8:45 ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക്. അങ്ങനെ കഴിഞ്ഞ ഒരാഴ്ചയായി കേരളം ചർച്ച ചെയ്യുന്ന സമാധി വിവാദത്തിന്റെ ചുരുളഴാന്‍ തുടങ്ങുകയാണ്. വിവാദ സമാധി കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തതോടെ അതിന്‍റെ ആദ്യഘട്ടം പിന്നിട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഈ സമാധി വിവാദത്തെ ചുറ്റിപ്പറ്റി ഉണ്ടായ നാടകീയതകൾ സംഘർഷ വൈകാരിക സഹചര്യങ്ങൾക്കെല്ലാം അവസാനമായിരിക്കുന്നു. ഇനി നിയമം നിയമത്തിന്‍റെ വഴിക്ക്. ഗോപന്‍ സ്വാമിയുടെ മരണകാരണം വ്യക്തമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍.  ആന്തരികാവയവ പരിശോധനാഫലം വരണമെന്ന് സി.ഐ. എസ്.ബി. പ്രവീണ്‍ വ്യക്തമാക്കി. സ്വാഭാവിക മരണമെന്ന് വിലയിരുത്താറായിട്ടില്ലെന്നും അന്വേഷണത്തിന്‍റെ ഭാഗമായി കുടുംബാംഗങ്ങളെ ചോദ്യംചെയ്യുമെന്നും സി.ഐ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. 

ENGLISH SUMMARY:

Special programme on neyyattinakara gopan swami samadhi case