ദിനേശന് എല്ലാവരെയും കാണണം. അവര്‍ക്കാകട്ടെ ദിനേശനെയും. വന്യമായ ഏതോ സ്വപ്നത്തിന്റെ വേരറ്റുപോയിരിക്കുന്നു. ദിനേശന്‍റെ മുഖത്ത് ഇടയ്ക്ക് നിര്‍വികാരത തളംകെട്ടി. ഈ മടങ്ങിവരവ് സാധ്യമാകുമെന്ന് പ്രതീക്ഷിച്ചതല്ല. അങ്ങേയറ്റം പരിതാപകരമായ പ്രവാസത്തിനിടെ ഇങ്ങനെയൊരു മടക്കം സ്വപ്നംകാണാന്‍ പോലും കഴിയില്ലായിരുന്നു. യെമനിലെ ഭീതിയുടെ മുള്‍മുനയില്‍നിന്ന് ദിനേശന്‍ മലയാളത്തിന്റെ മണ്ണില്‍ കാലുകുത്തി. തൃശൂരിലെത്തി പ്രിയപ്പെട്ടവരെയല്ലാം കണ്ടു. കരഞ്ഞു.കുടുംബവീടിന്റെ ഉള്ളിലേക്കാണ്ട് ഒരുനിമിഷം നിശ്ചലനായിനിന്നു. ഇനി പുതിയ ജീവിതമാണ്. ദുഃസ്വപ്നം മാത്രമായിരുന്നു കഴിഞ്ഞ പത്തുവര്‍ഷമെന്ന് സ്വയം വിശ്വസിപ്പിച്ചാണ് ഇനിയുള്ള യാത്ര. അതിന് തണലായി കുടുംബം മാത്രമല്ല, ദിനേശന്റെ നാടും സുഹൃത്തുക്കളുമുണ്ട്.
തൃശൂര്‍ നെടുമ്പാള്‍ സ്വദേശിയായ കെ.കെ.ദിനേശന്‍ 2014 ഓഗസ്റ്റിലാണ് ജോലി തേടി യെമനില്‍ എത്തുന്നത്. പിന്നാലെ യുദ്ധംപൊട്ടിപുറപ്പെട്ടു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ കുടുങ്ങി. ആദ്യത്തെ രണ്ടു വര്‍ഷം ഫോണില്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ആ വിളിയും ഇല്ലാതെയായി. 2021ല്‍ ദിനേശനെ നാട്ടില്‍ എത്തിക്കാന്‍ തീവ്രശ്രമങ്ങള്‍ തുടങ്ങി. ടൈല്‍ പണിക്കാരനായ ദിനേശന്‍ വിദേശത്തേക്ക് പോകുമ്പോള്‍ മൂത്ത മകള്‍ കൃഷ്ണവേണിയ്ക്കു രണ്ട് വയസായിരുന്നു. മകന്‍ സായികൃഷ്ണയ്ക്ക് ആറു മാസവും. ഇന്ന് ആ മക്കള്‍ ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലുമാണ്. കഴിഞ്ഞ പത്തു വര്‍ഷമായി അച്ഛനെ നേരില്‍ കണ്ടിട്ടില്ല. ഭാര്യ അനിതയാകട്ടെ ഭര്‍ത്താവിന്‍റെ കൂട്ടില്ലാതെ മക്കളെ വളര്‍ത്തി. ദിനേശന്‍റെ അച്ഛനും അമ്മയുമൊക്കെ മകനെ കാണാനുള്ള കാത്തിരിപ്പില്‍തന്നെ. പത്തുവര്‍ഷത്തിനുശേഷമുള്ള കണ്ടുമുട്ടല്‍.
ഇനി ഉറങ്ങിയുണരുമ്പോള്‍ വെടിയൊച്ചകളുണ്ടാകില്ല, യുദ്ധക്കൊതിയുടെ കാഴ്ചകളൊന്നും കാണേണ്ടതില്ല.. കാരണം യെമന്‍ കടന്ന് ദിനേശനെത്തിയത് സ്നേഹക്കൂട്ടിലേക്കാണ്. ഭീതിയുടെ പത്തുവര്‍ഷം അവസാനിച്ചിരിക്കുന്നു. ദിനേശനും ഉറ്റവരും തമ്മില്‍ക്കണ്ടു. അതിനപ്പുറം വലിയ സന്തോഷമെന്ത് ? ആ ചോദ്യം മനസ്സില്‍ സൂക്ഷിച്ച് സകുടുംബം ദിനേശന്‍ നാട്ടിലുണ്ടാകും– ആശംസകള്‍ സുഹൃത്തെ.