gambhir-jay-shah

ഫോട്ടോ:എഎഫ്പി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് മുന്‍ താരം ഗൗതം ഗംഭീറിനെ നിയമിക്കാന്‍ തീരുമാനിച്ചതായും ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും റിപ്പോര്‍ട്ടുകള്‍. ഗംഭീറിന്റെ നിയമനം തീരുമാനിച്ചുകഴിഞ്ഞതായി ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമകളില്‍ ഒരാളെ ഉദ്ധരിച്ച് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു.

പരിശീലകനായി ഗംഭീറിനെ തീരുമാനിച്ചതായും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ബിസിസിഐ ഉന്നത വൃത്തങ്ങളോട് അടുത്ത് നില്‍ക്കുന്ന ഐപിഎല്‍ ഫ്രാഞ്ചൈസി ഉടമകളിലൊരാള്‍ വ്യക്തമാക്കിയതായാണ് ക്രിക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗംഭീറിനെ പരിശീലക സ്ഥാനത്ത് കൊണ്ടുവരാന്‍ ബിസിസിഐ എല്ലാ ശ്രമങ്ങളും നടത്തുന്നതായും ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നതായും പ്രമുഖ കമന്റേറ്റര്‍മാരില്‍ ഒരാള്‍ അറിയിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. 

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടതോടെയാണ് പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീറിനെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. ഐപിഎല്‍ കലാശപ്പോരിന് പിന്നാലെ ഗ്രൗണ്ടില്‍ വെച്ച് ഗംഭീറുമായി ജയ് ഷാ സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. റിക്കി പോണ്ടിങ് ഉള്‍പ്പെടെ ഒരു മുന്‍ ഓസ്ട്രേലിയന്‍ താരത്തേയും പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ലെന്ന് ജയ് ഷാ വ്യക്തമാക്കിയിരുന്നു. 

റിക്കി പോണ്ടിങ്ങിനെ കൂടാതെ ജസ്റ്റിന്‍ ലാംഗറും പരിശീലക സ്ഥാനത്തേക്കായി തന്നെ പരിഗണിച്ചിരുന്നതായും എന്നാല്‍ താന്‍ ഓഫര്‍ നിരസിച്ചതായും അവകാശപ്പെട്ട് എത്തിയിരുന്നു. എന്നാല്‍ ഞാനോ ബിസിസിഐയോ ഏതെങ്കിലും ഓസീസ് മുന്‍ താരത്തെ സമീപിക്കുകയോ ഓഫര്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് പ്രസ്താവനയിലൂടെ ജയ് ഷാ വ്യക്തമാക്കി. ഇന്ത്യയുടെ ക്രിക്കറ്റ് സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയെയാണ് ബിസിസിഐ പരിഗണിക്കുന്നത് എന്ന് ജയ് ഷാ പറഞ്ഞതോടെ പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ താരം എത്തുമെന്ന് ഏറെ കുറെ ഉറപ്പായിരുന്നു. 

ENGLISH SUMMARY:

Gambhir's appointment as India head coach announcement soon