ഐസിസി ടി20 ലോകകപ്പ് മൽസരങ്ങളിൽ സഞ്ജു സാംസൺ ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻതാരം സുനിൽ ഗവാസ്കർ. സഞ്ജുവിൻറെ ബാറ്റിംഗിനെ വിമർശിച്ച ഗവാസ്കർ വിക്കറ്റ് കീപ്പിംഗിൽ സഞ്ജുവിനേക്കാൾ മാർക്ക് റിഷഭ് പന്തിന് നൽകുന്നു. ബംഗ്ലാദേശിനെതിരായ സന്നാഹ മൽസരത്തിൽ സഞ്ജു സാംസൺ ഒരു റൺസാണ് നേടിയത്. അതേസമയം, 32 പന്തിൽ 53 റൺസ് നേടിയാണ് പ്രകടനമായിരുന്നു പന്തിൻറേത്.
സഞ്ജുവിനെയും പന്തിനെയും ഗവാസ്കർ താരതമ്യം ചെയ്യുന്നത് ബാറ്റിംഗിന്റെയും വിക്കറ്റ് കീപ്പിംഗിന്റെയും അടിസ്ഥാനത്തിലാണ്. 'വിക്കറ്റ് കീപ്പിംഗ് കഴിവുകൾ പരിശോധിച്ചാൽ റിഷഭ് പന്ത് സഞ്ജുവിനേക്കാൾ മികച്ച കീപ്പറാണ്. ബാറ്റിംഗ് പ്രകടനങ്ങളും പ്രസക്തമാണ്. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ഋഷഭ് പന്ത് നന്നായി ബാറ്റ് ചെയ്തതായി കാണാം. മറുവശത്ത് സഞ്ജു കിട്ടിയ അവസരം നഷ്ടപ്പെടുത്തി' എന്നാണ് ഗവാസ്‌കറുടെ വിലയിരുത്തൽ.
ഐപിഎല്ലിൽ തുടക്കത്തിൽ മിന്നിയ സഞ്ജു അവസാനഘട്ടത്തിൽ ബാറ്റിംഗിൽ പിന്നോട്ടായിരുന്നു. അവസാന നാല് മൽസരങ്ങളിൽ 15,18, 17, 10 എന്നിങ്ങനെയായിരുന്നു സഞ്ജുവിൻറെ ബാറ്റിംഗ് ഇന്നിംഗ്സ്. 2024 ഐപിഎൽ സീസണിൽ 531 റൺസാണ് 16 മൽസരങ്ങളിൽ നിന്നായി സഞ്ജു നേടിയത്. 48 റൺസ് ശരാശരിയിൽ 153.46 സ്ട്രൈക്ക് റേറ്റാണ് സഞ്ജുവിനുള്ളത്. അപകടത്തിൽ പരിക്കേറ്റശേഷം 15 മാസത്തെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ പന്ത് 13 ഇന്നിംഗ്സിൽ 446 റൺസ് അടിച്ചെടുത്തു. 40.54 ശരാശരിയുള്ള പന്തിന് 155.40 സ്ട്രൈക്ക് റേറ്റുണ്ട്.
'ഐപിഎല്ലിലെ അവസാന മൽസരങ്ങളിൽ സഞ്ജുവിന് റൺസ് കണ്ടെത്താനായില്ല. അതിനാൽ തന്നെ ബംഗ്ലാദേശിനെതിരായ മൽസരം സഞ്ജുവിന് അവസരമായിരുന്നു. ഈ മൽസരത്തിൽ സഞ്ജു 50-60 റൺസ് നേടിയിരുന്നെങ്കിൽ വേറെ ചോദ്യം ഉണ്ടാകുമായിരുന്നില്ല. സെലക്ഷൻ കമ്മിറ്റി കീപ്പർ സ്ഥാനത്തേക്ക് സഞ്ജുവിന് പകരം പന്തിനെ തിരഞ്ഞെടുക്കാനാണ് സാധ്യതയെന്നാണ് തോന്നുന്നത്', ഗവാസ്കർ പറഞ്ഞു.
സഞ്ജു ഉണ്ടായിട്ടും ബംഗ്ലാദേശിനെതിരെ പന്താണ് വിക്കറ്റ് കീപ്പിംഗ് സ്ഥാനത്തുണ്ടായതെന്നത് ശ്രദ്ധേയമാണ്. ജൂൺ അഞ്ചിന് ന്യൂയോർക്കിൽ അയർലാൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം.