നിലവിലെ ചാംപ്യന്മാരെ 68 റൺസിന് കെട്ടുകെട്ടിച്ച ആവേശം നാടെങ്ങും പടരുമ്പോൾ 2022 ലോകകപ്പ് സെമിക്കൊടുവിൽ ഡഗ് ഔട്ടിലിരുന്ന കരയുന്ന രോഹിത് ശർമയെയാണ് പലരും ഓർത്തത്. മിനിറ്റുകൾക്കകം ആ പഴയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ ഇതേ ഇംഗ്ലണ്ട് അന്ന് ഇന്ത്യയെ 10 വിക്കറ്റിനാണ് തകർത്തുവിട്ടത്.
കനത്ത തോൽവിയുടെ ആഘാതം രോഹിത്തിനെ തളർത്തി. ഇന്ത്യൻ ഡഗ് ഔട്ടിലേക്ക് ക്യാമറ തിരിഞ്ഞപ്പോൾ കണ്ടത് തലകുനിച്ചിരുന്ന് പലപ്പോഴും കയ്യിൽ മുഖം അമർത്തി കരയുന്ന ക്യാപ്റ്റനെയാണ്.ഏതാണ് 40 സെക്കന്റ് രോഹിത് അങ്ങനെ ഇരുന്നു. കോച്ച് രാഹുൽ ദ്രാവിഡ് പുറത്തുതട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും രോഹിത്ത് തല ഉയർത്തിയില്ല. ഇടയ്ക്ക് ഋഷഭ് പന്തും രോഹിത്തിനോട് സംസാരിക്കാൻ ശ്രമിക്കുന്നത് കാണാമായിരുന്നു.
2022ലെ സെമിഫൈനലിൽ കളിച്ച ഏതാണ്ട് അതേ കളിക്കാരാണ് ഇക്കുറി ഗയാനയിലും ഏറ്റുമുട്ടിയത്. അന്നില്ലാതിരുന്ന ഷമിക്കും അശ്വിനും പകരം ബുംറയും കുൽദീപും കെ.എൽ.രാഹുലിന് പകരം ദുബെയും ടീമിലെത്തിയതാണ് ആകെയുള്ള വ്യത്യാസം. പക്ഷേ ഇക്കുറി മൽസര ഫലം തീർത്തും വ്യത്യസ്തമായിരുന്നു. ഇംഗ്ലണ്ടിനെ ഇന്ത്യ വെറും 100 പന്തിൽ തീർത്തുവിട്ടു. അന്നത്തെ രോഹിത്തിന്റെ കണ്ണീരിന് അതേ നാണയത്തിലുള്ള പ്രതികാരം. ഫൈനലിൽ ഈ ആത്മവിശ്വാസം ഇന്ത്യയ്ക്ക് തുണയാകും.