rohit-t20

ഗയാനയിലെ പ്രോവിഡൻസ് പിച്ചിൽ ബാറ്റിങ് ബുദ്ധിമുട്ടാണെന്ന് ആദ്യംതന്നെ തിരിച്ചറിഞ്ഞിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. പിച്ചും സാഹചര്യവും മനസിലാക്കി കളിക്കാൻ കഴിഞ്ഞതുകൊണ്ടാണ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അനായാസവിജയം നേടിയതെന്ന് മൽസരത്തിനുശേഷം രോഹിത് പറഞ്ഞു. 'ഈ പിച്ചിൽ 140-150 റൺസ് നല്ല സ്കോറാണെന്നാണ് തോന്നിയത്. ആദ്യ പവർപ്ലേയ്ക്ക് ശേഷം റൺ കണ്ടെത്താൻ കഴിഞ്ഞതും സൂര്യകുമാറിനൊപ്പം നല്ലൊരു പാർട്ണർഷിപ് ഉണ്ടായതും ആശ്വാസമായി. അപ്പോൾ ഞങ്ങൾ പറഞ്ഞത്, ഒരു 25 റൺസ് കൂടി, ബാക്കിയൊക്കെ വരുന്നതുപോലെ എന്നായിരുന്നു...'

'എനിക്ക് മനസിൽ ഒരു ടാർജറ്റ് സെറ്റ് ചെയ്യാൻ കഴിയും. ഇന്നലെയും അതുണ്ടായിരുന്നു. പക്ഷേ അത് മറ്റുള്ളവരോട് പറഞ്ഞില്ല. അവരെല്ലാം സ്വതസിദ്ധമായി കളിക്കുന്നവരാണ്. അതുകൊണ്ടുതന്നെ വിക്കറ്റുപോകുമോ എന്ന് പേടിക്കാതെ ബാറ്റുവീശാൻ എനിക്ക് ധൈര്യം വന്നു'. പാർ സ്കോറിനെക്കുറിച്ച് ചിന്തിക്കാതെ ബാറ്റ് ചെയ്യാൻ കഴിഞ്ഞത് സാഹചര്യങ്ങളെക്കുറിച്ചും ടീമിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരുന്നതുകൊണ്ടാണെന്നും രോഹിത് പറഞ്ഞു.

ഇംഗ്ലണ്ടിനെ അക്ഷരാർഥത്തിൽ വെള്ളം കുടിപ്പിച്ച ഇന്ത്യൻ സ്പിന്നർമാരെ ക്യാപ്റ്റൻ അഭിനന്ദനങ്ങൾ കൊണ്ടുമൂടി. 'ഗൺ സ്പിന്നർമാർ' എന്നാണ് അക്സർ പട്ടേലിനെയും കുൽദീപ് യാദവിനെയും രോഹിത് വിശേഷിപ്പിച്ചത്. അനുകൂല്യമായ സാഹചര്യങ്ങളിൽ അവർക്കെതിരെ ബാറ്റ് ചെയ്യുക തീർത്തും ദുഷ്കരമാണ്. തീർച്ചയായും അവർക്കുമേൽ സമ്മർദമുണ്ടായിരുന്നു. പക്ഷേ സംയമനത്തോടെയും മനസ്സാന്നിധ്യത്തോടെയും അവർ സാഹചര്യത്തെ നേരിട്ടു'. ഗംഭീര പ്രകടനമാണ് ഇരുവരും പുറത്തെടുത്തതെന്നും ക്യാപ്റ്റൻ പറഞ്ഞു.

172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ വെറും 103 റൺസിന് കെട്ടുകെട്ടിച്ചാണ് ഇന്ത്യ മൂന്നാംതവണയും ട്വൻ്റി ട്വൻ്റി ലോകകപ്പ് ഫൈനലിൽ ഇടംനേടിയത്. എറിഞ്ഞ ആദ്യപന്തിൽത്തന്നെ ഫോമിലുള്ള ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ട്ലറെ പുറത്താക്കിയ അക്സർ പട്ടേൽ അപകടകാരികളായ മോയിൻ അലിയെയും ജോണി ബെയർസ്റ്റോയെയും വീഴ്ത്തി മൽസരം ഇന്ത്യയുടെ വരുതിയിലാക്കി. ഹാരി ബ്രൂക്ക്, സാം കറൻ, ക്രിസ് ജോർദൻ എന്നിവരെ മടക്കി കുൽദീപ് യാദവ് ജയം ഉറപ്പിച്ചു. കുൽദീപും അക്സറും ചേർന്ന് ലിയാം ലിവിങ്സ്റ്റണെ റണ്ണൌട്ടാക്കുകയും ചെയ്തു. അക്സർ നാലോവറിൽ 23 റൺസും കുൽദീപ് 19 റൺസും മാത്രം വഴങ്ങിയാണ് മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയത്.

ENGLISH SUMMARY:

Rohit Sharma's response after semi final win against England in T20 World Cup 2024.