സിംപിളായി ഇന്ത്യ ജയിക്കേണ്ടിയിരുന്ന കളി. പക്ഷേ ഇന്ത്യ–ശ്രീലങ്ക ആദ്യ ഏകദിന മല്‍സരം അവസാനിച്ചത് 'ടൈ'യില്‍. ഡ്രസിങ് റൂമില്‍ വിജയാഘോഷത്തിന് തയാറെടുത്ത് നിന്ന രോഹിത്തും കോലിയും കോച്ച് ഗംഭീറും അടങ്ങുന്ന സംഘം ഞെട്ടിത്തരിച്ചു. ലങ്കന്‍ നായകന്‍ അസലങ്ക 48–ാം ഓവറിലെറിഞ്ഞ മൂന്നാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി ശിവം ദുബെ മടങ്ങി. 24 പന്തില്‍ രണ്ട് സിക്സറും ഒരു ഫോറുമായിരുന്നു ദുബെയുടെ സമ്പാദ്യം. അര്‍ഷ്ദീപുണ്ടല്ലോ എന്ന സമാധാനത്തിലായിരുന്നു ഇന്ത്യ. എങ്ങനെ ആയാലും ജയിക്കുമെന്നുറപ്പിച്ച ടീമിനെയും ശ്രീലങ്കയെയും അമ്പരപ്പിച്ചായിരുന്നു വിക്കറ്റിന് മുന്നില്‍ അര്‍ഷ്ദീപും കുടുങ്ങിയത്.

സിംഗിളെടുത്താലും ജയിക്കാമായിരുന്ന പന്തില്‍ അര്‍ഷ്ദീപ് ബൗണ്ടറിക്ക് ശ്രമിച്ചതാണ് കളി മാറ്റിമറിച്ചത്. അപംയറിന്‍റെ തീരുമാനം അര്‍ഷ്ദീപ് റിവ്യൂ ചെയ്തെങ്കിലും ഡി.ആര്‍.എസില്‍ തെളിഞ്ഞത് മൂന്ന് ചുവപ്പ്! ആദ്യ ഏകദിനത്തിന് അതിനാടകീയമായ അന്ത്യം. തുടര്‍ച്ചയായ പന്തുകളില്‍ രണ്ട് വിക്കറ്റ്. ശ്രീലങ്കയ്ക്കാവട്ടെ ജയിച്ചതിന് തുല്യമായ ടൈ.

ഗ്ലോറി ഷോട്ടിന് പോയി ഷൈന്‍ ചെയ്യാന്‍ നോക്കിയിട്ടല്ലേ, സാവധാനത്തില്‍ സിംഗിളെടുത്താല്‍ പോരായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം. വിന്‍ഡീസ് താരം ഷാനന്‍ ഗബ്രിയേലിനെ ഓര്‍മ വരുന്നുവെന്നായിരുന്നു ചിലരുടെ കമന്‍റുകള്‍. 2017ല്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റ് മല്‍സരത്തിനിടെയാണ് ഷാനന്‍ ഗബ്രിയേല്‍ കൂറ്റനടിക്ക് മുതിര്‍ന്ന് പുറത്തായത്. അതേസമയം, അര്‍ഷ്ദീപിനെ മാത്രം പഴിച്ചിട്ടെന്ത് കാര്യമെന്നും ഇന്ത്യന്‍ ബാറ്റിങ് അത്ര മെച്ചമൊന്നും അല്ലായിരുന്നുവെന്നും ചിലര്‍ കുറിച്ചു. ടി20 ലോകകപ്പിലെ അര്‍ഷ്ദീപിന്‍റെ പ്രകടനം മറന്ന് കളഞ്ഞ് ഇങ്ങനെ ട്രോളേണ്ട കാര്യമില്ലെന്നും അബദ്ധം ആര്‍ക്കും സംഭവിക്കാമെന്നുമാണ് അര്‍ഷ്ദീപിനെ തുണച്ചുള്ള കമന്‍റുകള്‍.

ടോസ് നേടി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണെടുത്തത്.  പാത്തും നിസങ്ക (56)യുടെയും ദുനി(67)തിന്‍റെയും അര്‍ധ സെഞ്ചറികളുടെ മികവിലാണ് ലങ്ക 230ലെത്തിയത്. 33 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റെടുത്ത് അക്സര്‍ പട്ടേലും അര്‍ഷ്ദീപ് 47 ന് രണ്ട് വിക്കറ്റുമാണ് ഇന്ത്യയ്ക്കായി എടുത്തത്. മുഹമ്മദ് സിറാജ്, ശിവം ദുബെ, കുല്‍ദീപ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 47 പന്തില്‍ മൂന്ന് സിക്സും ഏഴു ഫോറുമടക്കം 58 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശുഭ്മന്‍ ഗില്‍ (18), കോലി (24), ശ്രേയസ് അയ്യര്‍ (33), കെ.എല്‍. രാഹുല്‍ (31), അക്സര്‍ (33), ദുബെ 25 ഉം റണ്‍സ് നേടി. ഞായറാഴ്ചയാണ് ഇന്ത്യ– ശ്രീലങ്ക രണ്ടാം ഏകദിനം.

ENGLISH SUMMARY:

Arshdeep Singh roasted online for his 'glory shot' against Srilanka