ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പര നേടി പുതിയ കോച്ച് ഗൗതം ഗംഭീറിന് ഗ്ലാമർ തുടക്കം സമ്മാനിച്ച ഇന്ത്യൻ ടീം ഏകദിന പരമ്പരയിൽ വെള്ളംകുടിക്കുകയാണ്.  സീനിയർ താരങ്ങളടക്കം കളിച്ചിട്ടും പരമ്പരയിൽഒരു വിജയം പോലും നേടാൻ ടീം ഇന്ത്യയ്ക്കായിട്ടില്ല. ആദ്യ ഏകദിനം ടൈ ആയതും രണ്ടാം ഏകദിനത്തിൽ 32 റൺസിൻറെ തോൽവിയും ഇന്ത്യയെ എത്തിച്ചത് ജീവൻമരണ പോരാട്ടതിൻറെ മുനമ്പിലാണ്. ബുധനാഴ്ച നടക്കുന്ന അവസാന ഏകദിനത്തിൽ ജയിച്ചേ മതിയാകൂ, അല്ലെങ്കിൽ 27 വർഷത്തിന് ശേഷം ശ്രീലങ്കയ്ക്കെതിരെ   ഏകദിന പരമ്പര അടിയറവച്ചെന്ന മാനക്കേടും ഏറ്റുവാങ്ങേണ്ടിവരും

ആദ്യ കളി അംപയർമാർ തോൽപ്പിച്ചതോ?

ആദ്യ മത്സരം ടൈ ആയിട്ടും സൂപ്പർ ഓവറിലേക്ക് കൊണ്ടുപോകാത്തതിനെയാണ് ക്രിക്കറ്റ് ആരാധകർ ചോദ്യം ചെയ്യുന്നത്. ടൈ ആകുന്ന സാഹചര്യങ്ങളിൽ സൂപ്പർ ഓവർ കളിക്കണമെന്ന ഐസിസി നിയമമുണ്ടായിട്ടും എന്തുകൊണ്ട് സൂപ്പർ ഓവറിലേക്ക് മത്സരം നീണ്ടില്ലാ എന്നതാണ് ആരാധകരുടെ ചോദ്യം. 

ശ്രീലങ്കൻ പര്യടനത്തിലെ ടി20 പരമ്പരയിലെ മൂന്നാം മത്സരം സൂപ്പർ ഓവറിലാണ് ഇന്ത്യ വിജയിച്ചത്. അതേസമയം ഏകദിനത്തിന് മുന്നോടിയായി ഇത് ഭേദഗതി ചെയ്തോ എന്നത് വ്യക്തമല്ല. അങ്ങനെയെങ്കിൽ ടൈ ആകുന്ന മത്സരത്തിൽ സൂപ്പർ ഓവറിലേക്ക് പോകണ്ടതില്ല. ഇക്കാര്യത്തിൽ  മാച്ച് റഫറി രഞ്ജൻ മദുഗലെയോ ഓൺ-ഫീൽഡ് അമ്പയർമാരായ ജോയൽ വിൽസണോ, രവീന്ദ്ര വിമലസിരിയോ വിശദീകരണം നൽകിയിട്ടില്ല. 

ഐസിസി നിയമം പ്രകാരം ഏകദിന മത്സരം സമനിലയിലാകുന്ന സന്ദർഭത്തിൽ മാച്ച് ഒഫീഷ്യൽസ് സൂപ്പർ ഓവർ നിയമം ഉപയോഗിക്കണം എന്നാണ്. അതേസമയം, ഐസിസി ടൂർണമെൻറുകളിലും മൾട്ടി നാഷണൽ ടൂർണമെൻറുകളിലും മാത്രമെ ഈ റൂൾ ഉപയോഗിക്കാറുള്ളൂ എന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അംഗം വിദേശ മാധ്യമത്തോട് പ്രതികരിച്ചത്. 

രണ്ടാം കളി ദയനീയം

രണ്ടാം ഏകദിനത്തിൽ ദയനീയമായാണ് ഇന്ത്യ തോറ്റത്.  ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 240 റൺസാണ് നേടിയത്. വിക്കറ്റ് നഷ്ടം കൂടാതെ 97 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യ നാൽപത്തി മൂന്നാം ഓവറിൽ 208 റൺസിന് ഓൾഔട്ടാവുകായായിരുന്നു.

കാത്തിരിക്കുന്നത് നാണക്കേട്

പരമ്പരയിലെ അവസാനത്തെയും മൂന്നത്തെയും ഏകദിനത്തിൽ ജയിക്കാനായില്ലെങ്കിൽ ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേടാണ്. 27 വർഷത്തിന് ശേഷം ആദ്യമായാകും ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഒരു പരമ്പര തോൽക്കുന്നത്. 1997 ലാണ് ഇന്ത്യ അവസാനമായി ശ്രീലങ്കയ്ക്കെതിരെ പരമ്പര തോറ്റത്. അർജുന രണതുംഗ നയിച്ച ശ്രീലങ്കൻ ടീം 3-0ത്തിനാണ് സച്ചിൻ ടെണ്ടുൽക്കറിൻറെ നേതൃത്വത്തിലുള്ള ടീമിനെ തോൽപ്പിച്ചത്. ഇതിന് ശേഷം 11 പരമ്പരകൾ ഹോം–എവെ അടിസ്ഥാനത്തിൽ ഇരു ടീമുകളും കളിച്ചെങ്കിലും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. 

ENGLISH SUMMARY:

India VS Srilanka; Indian cricket team want win in last ODI to avoid series loss against Srilanka in 27 years.