wasim-jaffer-rohit

ശ്രീലങ്കയ്ക്കെതിരായ പരമ്പര നഷ്ടത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ചാംപ്യൻസ് ട്രോഫി തയ്യാറെടുപ്പിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ടൂർണമെൻറിൻറ് മുന്നോടിയായി ഇന്ത്യയ്ക്ക് വിരലിലെണ്ണാവുന്ന ഏകദിന മത്സരങ്ങൾ മാത്രമാണ് മുന്നിലുള്ളതെന്ന് താരം ഓർമിപ്പിച്ചു. ശ്രീലങ്കയ്ക്കെതിരായ മത്സരം അവലോകനം ചെയ്തുള്ള എക്സ് കുറിപ്പിലാണ് വസീം ജാഫറുടെ പ്രതികരണം. 

മൂന്ന് മത്സരങ്ങളിലും ശ്രീലങ്കൻ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചെന്നാണ് വസീം ജാഫറിന്‍റെ പക്ഷം. ' ശ്രീലങ്കയുടേത് മികച്ച കളിയായിരുന്നു അവർക്ക് പരമ്പര അർഹിക്കുന്നുണ്. ഇന്ത്യയുടെ പരമ്പര നഷ്ടത്തിലല്ല എനിക്ക് പ്രശ്നം, ജയവും തോൽവിയും കളിയുടെ ഭാഗമാണ്. പക്ഷെ ചാംപ്യൻസ് ട്രോഫിക്ക് മുൻപായി ഇന്ത്യയ്ക്ക് മൂന്ന് ഏകദിന മത്സരങ്ങൾ മാത്രമാണുള്ളതെന്നതാണ് ആശങ്ക' വാസീം ജാഫർ കുറിച്ചു.

 27 വർഷത്തിന് ശേഷമാണ് ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ ഒരു പരമ്പര തോൽക്കുന്നത്. 1997 ലാണ് ഇന്ത്യ ഇതിന് മുൻപ് ശ്രീലങ്കയ്ക്കെതിരെ ഒരു പരമ്പര തോറ്റത്.ഇന്ത്യ അവസാനമായി ശ്രീലങ്കയ്ക്കെതിരെ പരമ്പര തോൽക്കുന്ന സമയത്ത് സച്ചിൻ തെന്‍ഡുല്‍ക്കറായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. ശ്രീലങ്കൻ പര്യടനത്തിൽ അർജുന രണതുംഗ നയിച്ച ശ്രീലങ്കൻ ടീം 3-0ത്തിനാണ് ഇന്ത്യൻ ടീമിനെ തോൽപ്പിച്ചത്. 

പരമ്പര തോൽവി അവസാനമല്ലെന്നും തോൽവിക്ക് ശേഷം എങ്ങനെ തിരച്ചു വരുന്നു എന്നതുമാണ് പ്രധാനമെന്നും ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. 'തെറ്റുകൾ സമ്മതിക്കേണ്ട സമയമാണ്, സ്പിന്നർമാർക്കെതിരെ ആക്രമിച്ച് കളിക്കാന്‌ ഞങ്ങൾക്കായില്ല. ലങ്കൻ സ്പിന്നർമാർ ഞങ്ങളെ സമ്മർദത്തിലാക്കി' എന്നും ക്യാപ്റ്റൻ സമ്മതിച്ചു. ഇടങ്കയ്യൻ സ്പിന്നർ ദുനിത് വെല്ലലഗെയുടെ മികവിലാണ് ശ്രീലങ്ക ഇന്ത്യയെ ചരിത്ര തോൽവിയിലേക്ക് തള്ളിയിട്ടത്. 27 റൺസിന് അഞ്ച് വിക്കറ്റെടുത്ത ദുനിത് ഇന്ത്യൻ ടോപ്-ഓർഡറിനെ തകർത്തു. ശ്രീലങ്ക ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 138 റൺസിന് പുറത്തായി. 

ENGLISH SUMMARY:

Former Indian player Wasim Jaffer worried about India's matches before ICC champions trophy