പാകിസ്ഥാനെതിരെ ചരിത്രത്തിലാദ്യമായി ടെസ്റ്റ് വിജയവുമായി ബംഗ്ലദേശ്. റാവിൽപിണ്ടി ടെസ്റ്റിൽ 10 വിക്കറ്റിനാണ് ബംഗ്ലദേശ് ആതിഥേയരായ പാകിസ്ഥാനെ തോൽപ്പിച്ചത്. 23 വർഷ ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാനെതിരെ ബംഗ്ലദേശ് ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇതിന് മുൻപ് 13 ടെസ്റ്റിൽ ഇതുവരെ ഇരുടീമുകളും പരസ്പരം കളിച്ചപ്പോൾ 12 ജയവും പാകിസ്താനൊപ്പമായിരുന്നു. ഒരു മത്സരം സമനിലയിലായി.
ആദ്യ ഇന്നിങ്സിൽ മികച്ച പ്രകടനം നടത്തി 448 റൺസിന് ഡിക്ലയർ ചെയ്ത പാകിസ്ഥാന് രണ്ടാം ഇന്നിങ്സിലെ കൂട്ടത്തകർച്ചയാണ് തിരിച്ചടിയായത്. ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശ് 565 റൺസാണ് നേടിയത്. 191 റൺസ് നേടിയ വിക്കറ്റ് കീപ്പർ മുഷ്ഫിക്കർ റഹീമിന്‍റെ സെഞ്ചുറിയാണ് ബംഗ്ലദേശിന് ഒന്നാം ഇന്നിങ്സ് ലീഡ് നൽകിയത്. അതേസമയം രണ്ടാം ഇന്നിങ്സിൽ പാകിസ്ഥാൻ 146 റൺസിന് ഓൾഔട്ടായതോടെ കളിമാറി. 30 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലദേശ് 6.3 ഓവറിൽ വിക്കറ്റു പോകാതെ വിജയത്തിലെത്തുകയായിരുന്നു.
പാകിസ്ഥാനിൽ പര്യടനത്തിനെത്തിയ ഒരു ടീം ടെസ്റ്റിൽ അവരെ 10 വിക്കറ്റിന് തോൽപ്പിക്കുന്നതും ആദ്യമാണ്. 2001ൽ ശ്രീലങ്കയും ഉൾപ്പെട്ട ഏഷ്യൻ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലാണ് പാക്കിസ്ഥാനും ബംഗ്ലാദേശും ആദ്യമായി ഏറ്റുമുട്ടിയത്. ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് ശ്രീലങ്ക ചാംപ്യൻമാരായി. 2002 ലാണ് പാക്കിസ്ഥാനും ബംഗ്ലദേശും ആദ്യമായി പരമ്പരയിൽ കളിക്കുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ബംഗ്ലദേശ് പാകിസ്ഥാനെതിരെ ടെസ്റ്റ് ജയിക്കുന്നത്.
ഇതുവരെ 143 ടെസ്റ്റ് കളിച്ച ബംഗ്ലദേശിന്റെ ഇരുപതാം വിജയമാണിത്. എവേ മത്സരത്തിലെ ഏഴാമത്തേതും. വെസ്റ്റ് ഇൻഡീസിനെയും സിംബാവെയും രണ്ടു തവണയും ശ്രീലങ്ക, ന്യൂസിലാൻഡ് എന്നിവരോട് ഓരോ വിജയങ്ങളുമാണ് ഇതിന് മുൻപ് ശ്രീലങ്ക നേടിയത്. ജയത്തോടെ ഐസിസി ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ബംഗ്ലദേശ് പാകിസ്ഥാനെ മറികടന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയമാണ് ബംഗ്ലാദേശിനുള്ളത്. ആറു കളികളിൽ നാലിലും തോറ്റ പാകിസ്ഥാൻ എട്ടാം സ്ഥാനത്താണ്.