ഫോട്ടോ: റോയിറ്റേഴ്സ്

TOPICS COVERED

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയിന്‍ അലി. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഇടംപിടിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഇംഗ്ലണ്ട് കുപ്പായം അഴിക്കാന്‍ മൊയിന്‍ അലി തീരുമാനിച്ചത്. ഇത് പുതുതലമുറയ്ക്കുള്ള സമയമാണ് എന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മൊയിന്‍ അലി പറഞ്ഞു. 

എനിക്ക് 37 വയസായി. ഈ മാസത്തെ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഇടം നേടാനായില്ല. ഇംഗ്ലണ്ടിനായി ഞാന്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചു. ഇനി പുതുതലമുറയ്ക്കുള്ള സമയമാണ്. ഇതാണ് ശരിയായ സമയം എന്ന് എനിക്ക് തോന്നുന്നു. എനിക്ക് ചെയ്യാനുള്ളതെല്ലാം ഞാന്‍ ചെയ്ത് കഴിഞ്ഞു, മൊയിന്‍ അലി പറയുന്നു. 

2014ലായിരുന്നു മൊയിന്‍ അലി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇംഗ്ലണ്ടിനായി 68 ടെസ്റ്റും 138 ഏകദിനങ്ങളും 92 ട്വന്റി20യും മൊയിന്‍ അലി കളിച്ചു. എല്ലാ ഫോര്‍മാറ്റില്‍ നിന്നുമായി 6678 റണ്‍സാണ് മൊയിന്‍ അലിയുടെ സമ്പാദ്യം. എട്ട് സെഞ്ചറിയും 28 അര്‍ധ സെഞ്ചറിയും നേടി. 366 വിക്കറ്റുകളാണ് വീഴ്ത്തിയത്. 

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് എതിരെയുള്ള സെമി ഫൈനല്‍ മത്സരമായിരുന്നു ഇംഗ്ലണ്ട് കുപ്പായത്തിലെ മൊയിന്‍ അലിയുടെ അവസാനത്തേത്. 'എനിക്ക് ഒരുപാട് അഭിമാനമുണ്ട്. ഇംഗ്ലണ്ടിനായി ആദ്യമായി കളിക്കുമ്പോള്‍ എത്ര മത്സരങ്ങള്‍ ഇനി ടീമിനായി കളിക്കാനാവും എന്നൊരു ഊഹവും നമുക്കുണ്ടാവില്ല. ആദ്യ വര്‍ഷങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റാണ് കൂടുതലും കളിച്ചത്. മോര്‍ഗന്‍ ഏകദിന ക്യാപ്റ്റനായതോടെ അതും രസകരമായി. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റാണ് പ്രോപ്പര്‍ ക്രിക്കറ്റ്', മൊയിന്‍ അലി പറയുന്നു.

ഇംഗ്ലണ്ടിനായി ഇനിയും കളിക്കാന്‍ ശ്രമിക്കാന്‍ എനിക്കാവും. എന്നാല്‍ യാഥാര്‍ഥ്യത്തില്‍ അതിന് സാധിക്കില്ലെന്ന് എനിക്കറിയാം. വിരമിക്കുന്നത് ഞാന്‍ മികച്ച താരം അല്ലായിരുന്നിട്ടലല്ല. എനിക്ക് ഇപ്പോഴും കളിക്കാനാവും. എന്നാല്‍ എങ്ങനെയാണ് കാര്യങ്ങള്‍ എന്ന് എനിക്ക് മനസിലായി, മൊയിന്‍ അലി പറഞ്ഞു. ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുമെന്നും കോച്ചിങ്ങിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുമെന്നും മൊയിന്‍ അലി വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

England all-rounder Moeen Ali has announced his retirement from international cricket. Moeen Ali decided to take off his England shirt when he could not be included in the series against Australia.