ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന് കാണ്‍പൂരില്‍ ഒരുങ്ങുന്നത് കറുത്ത കളിമണ്ണിലെ പിച്ച്. സ്പിന്നിനെ തുണയ്ക്കുന്ന കുറഞ്ഞ ബൗണ്‍സുള്ള പിച്ചാണ് ഗ്രീന്‍ പാര്‍ക്കിലേത്. ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഉന്നാവില്‍ നിന്നാണ് പിച്ച് നിര്‍മിക്കുന്നതിനാവശ്യമായ കളിമണ്ണ് എത്തിക്കുന്നത്.
കാണ്‍പൂര്‍ പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്നുറപ്പിച്ച് ഇന്ത്യ ഒരു സ്പിന്നറെക്കൂടി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ചെന്നൈയില്‍ കളിച്ച ഒരു പേസറെ ബെഞ്ചിലിരുത്താനാണ് സാധ്യത. ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിലെ പിച്ചില്‍ എത്രമാത്രം ടേണ്‍ ലഭിക്കുന്നു എന്ന് വിലയിരുത്തിയതിന് ശേഷമേ കുല്‍ദീപാണോ അക്ഷര്‍ പട്ടേലാണോ പ്ലേയിങ് ഇലവനില്‍ വേണ്ടത് എന്ന് തീരുമാനിക്കൂ.
ആദ്യ രണ്ട് ദിവസം കാണ്‍പൂര്‍ ടെസ്റ്റ് ബാറ്റേഴ്സിനെ തുണയ്ക്കും എന്നാണ് ബിസിസിഐയുടെ പിച്ച് ക്യുറേറ്റര്‍ ശിവ് കുമാര്‍ പിടിഐയോട് പ്രതികരിച്ചത്. ആദ്യ ദിനം രണ്ട് സെഷനുകളില്‍ ബൗണ്‍സ് ലഭിക്കും. എന്നാല്‍ അവസാന മൂന്ന് ദിവസം സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിരിക്കും കാര്യങ്ങള്‍ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഉന്നാവിലെ കുളത്തില്‍ നിന്നുള്ള കളിമണ്ണ് ഉപയോഗിക്കുന്നതിലൂടെ പിച്ചിലെ ഈര്‍പ്പം കൂടുതല്‍ സമയം നിലനിര്‍ത്താന്‍ സാധിക്കും എന്നാണ് കണക്കാക്കുന്നത്. ഉന്നാവിലെ കലി മിട്ടി ഗ്രാമത്തില്‍ നിന്നാണ് പ്രത്യേകതകളുള്ള കളിമണ്ണ് എത്തിക്കുന്നത്. ഈര്‍പ്പം നഷ്ടമാകുന്നത് അനുസരിച്ച് പിച്ച് കൂടുതല്‍ ദൃഡമാകും. പിച്ച് കൂടുതല്‍ വരണ്ടതാകുമ്പോള്‍ പിച്ചിന്റെ സ്വഭാവം പ്രവചനാതീതമാകുകയും സ്പിന്നര്‍മാരെ തുണയ്ക്കുകയും ചെയ്യും.
സെപ്തംബര്‍ 27നാണ് ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ രണ്ട് ദിനം മഴ കളി മുടക്കിയേക്കും എന്ന ആശങ്കയുണ്ട്. മഴ പെയ്യുകയാണെങ്കില്‍ ഈര്‍പ്പം കൂടുകയും ബൗണ്‍സ് കുറയുകയും ചെയ്യും. ഇത് ബാറ്റിങ് ദുഷ്കരമാക്കും. മൂടിക്കെട്ടിയ അന്തരീക്ഷമാണ് എങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കളി തീരാനും സാധ്യതയുണ്ട്.