ന്യൂസിലന്‍ഡിന് എതിരായ ബെംഗളൂരു ടെസ്റ്റിന്റെ മൂന്നാം ദിനം അവസാന പന്തില്‍ പുറത്താവുകയായിരുന്നു വിരാട് കോലി. കോലിയുടെ വിക്കറ്റ് വീണതിന് പിന്നാലെയുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രതികരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 49 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം അവസാനിപ്പിച്ചത്.
മൂന്നാം ദിനത്തിലെ അവസാന പന്തില്‍ ന്യൂസിലന്‍ഡിന്റെ ഗ്ലെന്‍ ഫിലിപ്പ്സിന് വിക്കറ്റ് നല്‍കിയാണ് കോലി മടങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ ഡെലിവറിയില്‍ ഫ്രണ്ട് ഫൂട്ടില്‍ നിന്ന് പ്രതിരോധിക്കാനായിരുന്നു കോലിയുടെ ശ്രമം. എന്നാല്‍ ഡെലിവറിയിലെ എക്സ്ട്രാ ബൗണ്‍സില്‍ കോലിയുടെ കണക്കുകൂട്ടല്‍ തെറ്റി. ബാറ്റിലുരസി പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. ഓണ്‍ഫീല്‍ഡ് അംപയര്‍ ഔട്ട് വിധിച്ചെങ്കിലും കോലി റിവ്യു എടുത്തു. അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റിലുരസുന്നു എന്ന് വ്യക്തമായതോടെ കോലി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി.
റിവ്യുവില്‍ കോലിയുടെ കോലിയുടെ ബാറ്റില്‍ നേരിയ തോതില്‍ ഉരസി പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തിയെന്ന് വ്യക്തമായതോടെ രോഹിത് ഉള്‍പ്പെടെ ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന ഇന്ത്യന്‍ താരങ്ങളുടെ നിരാശ പ്രകടമായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. 125 റണ്‍സ് കൂടിയാണ് ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോര്‍ മറികടക്കാന്‍ ഇന്ത്യക്ക് ഇനി വേണ്ടത്.