ഐസിസിയുടെ പുതുക്കിയ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടി. ബൗളര്‍മാരില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബ്രുംറയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. അശ്വിനും രണ്ട് സ്ഥാനം നഷ്ടപ്പെട്ടു. ബാറ്റിങ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക്  2018 ഡിസംബറിന് ശേഷമുള്ള ഏറ്റവും മോശം നിലയിലേക്ക് വീണു. വിരാട് കോലിയും റിഷഭ് പന്തും ആദ്യ പത്തില്‍ നിന്നും പുറത്തായി. 

ന്യൂസിലാന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ ഒറ്റ വിക്കറ്റ് നേടാന്‍ സാധിക്കാത്ത ബുംറ മൂന്നാം സ്ഥാനത്തേക്ക് വീണു. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയാണ് ആദ്യ സ്ഥാനത്ത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ നടത്തിയ മികച്ച പ്രകടനമാണ്  റബാഡയെ മുന്നിലെത്തിച്ചത്.

ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസൽവുഡ് രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യന്‍‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് സ്ഥാനം താഴേക്ക് വന്ന് നാലാം സ്ഥാനത്തെത്തി. ആറാം സ്ഥാനത്തായിരുന്ന രവീന്ദ്ര ജഡേജ രണ്ട് സ്ഥാനം നഷ്ടപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് എത്തി. 

ഇന്ത്യയ്ക്ക് ആകെ ആശ്വാസമായത് ഓപ്പണര്‍ യശ്വസി ജയ്സ്വാളിന്‍റെ പ്രകടനമാണ്. മൂന്നാം സ്ഥാനത്ത് തുടരുമ്പോഴും ഒരു പോയിന്‍റ് ഉയര്‍ത്താന്‍ ജയ്സ്വാളിനായി. പൂനെ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ 30, 77 റൺസ് പ്രകടനമാണ് ജയ്സ്വാള്‍ നടത്തിയത്. ഒന്‍പത് സ്ഥാനം താഴേക്ക് വീണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ 24–മതാണ്. പന്ത് അഞ്ച് സ്ഥാനങ്ങൾ താഴ്ന്ന് 11–ാമതും കോലി ആറ് സ്ഥാനങ്ങൾ നഷ്ടപ്പെടുത്തി 14–മതുമാണ്. 

ന്യൂസിലാന്‍ഡ് താരങ്ങള്‍ റാങ്കിംഗില്‍ കാര്യമായ നേട്ടമുണ്ടാക്കി. രചിന്‍ രവീന്ദ്ര എട്ട് സ്ഥാനം മുന്നേറി ആദ്യ പത്തിലെത്തി. ഡെവൺ കോൺവേ എട്ട് സ്ഥാനങ്ങൾ ഉയർന്ന് 28 ലും ടോം ലാഥം ആറ് സ്ഥാനം ഉയർന്ന് 34 ലുമെത്തി. ഓള്‍റൗണ്ടര്‍ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ തന്നെയാണ് ഒന്നാമത്. അശ്വിനാണ് രണ്ടാം സ്ഥാനത്ത്. 

ENGLISH SUMMARY:

Setback for Indian players in ICC test ranking.