virat-kohli-new

ന്യൂസീലന്‍ഡിനെതിരായ വാങ്കഡെ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ഒരു റണ്‍സിന് പുറത്തായതോടെ കോലിക്കെതിരെ ആരാധകര്‍. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 100 റണ്‍സില്‍ താഴെയാണ് കോലി സ്കോര്‍ ചെയ്തത്. വാങ്കഡെയില്‍ ഒന്നാം ഇന്നിങ്സില്‍ കോലി റണ്‍ഔട്ടായിരുന്നു. രണ്ടാം ഇന്നിങ്സില്‍ അജാസ് പട്ടേലിന് മുന്‍പില്‍ വീണാണ് കോലി മടങ്ങിയത്. 

അജാസ് പട്ടേലിന്റെ ഡെലിവറിയിലെ എക്സ്ട്രാ ബൗണ്‍സ് കണക്കു കൂട്ടുന്നതില്‍ കോലിക്ക് പിഴച്ചപ്പോള്‍ ബാറ്റിലുരസി പന്ത് ഫസ്റ്റ് സ്ലിപ്പില്‍ ഡാരില്‍ മിച്ചലിന്റെ കൈകളിലേക്ക് എത്തി. ഇതോടെ 18-3 എന്ന നിലയിലേക്ക് ഇന്ത്യ വീണു. മുംബൈ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി അഞ്ച് റണ്‍സ് ആണ് കോലിക്ക് സ്കോര്‍ ചെയ്യാനായത്. രണ്ട് ഇന്നിങ്സിലുമായി ഒരു ടെസ്റ്റില്‍ കോലി ഏറ്റവും കുറവ് റണ്‍സ് സ്കോര്‍ ചെയ്യുന്ന മത്സരമായി വാങ്കഡെയിലേത് മാറി. 

13 പന്തുകളാണ് രണ്ട് ഇന്നിങ്സിലുമായി കോലി നേരിട്ടത്. ഒരു ടെസ്റ്റില്‍ കോലി നേരിടുന്ന ഏറ്റവും കുറവ് ഡെലിവറിയും വാങ്കഡെ ടെസ്റ്റിലേതാണ്. ന്യൂസീലന്‍ഡിന് എതിരായ പരമ്പരയില്‍ ആറ് ഇന്നിങ്സില്‍ നിന്ന് 93 റണ്‍സ് ആണ് കോലി സ്കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 15.50. ബംഗളൂരു ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ വന്ന 70 റണ്‍സ് ആണ് പരമ്പരയിലെ കോലിയുടെ ഉയര്‍ന്ന സ്കോര്‍. 

ന്യൂസീലന്‍ഡിന് എതിരായ പരമ്പരയില്‍ കോലി ബാറ്റിങില്‍ നിരാശപ്പെടുത്തിയതോടെ കോലി വിരമിക്കണം എന്ന മുറവിളിയുമായി ഒരു വിഭാഗം ആരാധകര്‍ എത്തിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തിലും കോലിക്ക് റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വിമര്‍ശമങ്ങള്‍ ശക്തമാകുമെന്ന് ഉറപ്പ്. 

ENGLISH SUMMARY:

Fans against Kohli after he was dismissed for one run in the second innings of the Wankhede Test against New Zealand. Kohli scored less than 100 runs in the three-Test series. Kohli was run out in the first innings at Wankhede.