220 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 25 റണ്‍സ്. അതിന് തൊട്ടുമുന്‍പിലെ ഓവറില്‍ ഹര്‍ദിക്ക് പാണ്ഡ്യക്കെതിരെ ജാന്‍സെന്‍ അടിച്ചെടുത്തത് 24 റണ്‍സ്. ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കി ജാന്‍സന്‍ അവസാന ഓവറിലെ രണ്ടാമത്തെ പന്തില്‍ അര്‍ഷ്ദീപിനെതിരെ സിക്സ് പറത്തി. 16 പന്തില്‍ നിന്ന് തന്റെ അര്‍ധ ശതകവും കണ്ടെത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ജാന്‍സനെ ഡ്രസ്സിങ് റൂമിലേക്ക് മടക്കി ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി അര്‍ഷ്ദീപ്. ഒടുവില്‍ ഇന്ത്യക്ക് 11 റണ്‍സ് ജയം.
ജയത്തോടെ നാല് ട്വന്റി20 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് ലീഡ് എടുത്തു. 220 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്താനായത് 208 റണ്‍സ്. 56 പന്തില്‍ നിന്ന് 107 റണ്‍സോടെ പുറത്താവാതെ നിന്ന തിലക് വര്‍മയാണ് കളിയിലെ താരം.
ഇന്ത്യ 200ന് മുകളില്‍ വിജയ ലക്ഷ്യം മുന്‍പില്‍ വെച്ചപ്പോള്‍ അതേ രീതിയില്‍ തിരിച്ചടിക്കാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ശ്രമം. എന്നാല്‍ മൂന്നാം ഓവറില്‍ ഓപ്പണിങ് സഖ്യത്തെ ഇന്ത്യ പിരിച്ചു. 15 പന്തില്‍ നിന്ന് 20 റണ്‍സ് എടുത്ത് നിന്ന റിക്ലെറ്റനെ അര്‍ഷ്ദീപ് ക്ലീന്‍ ബോള്‍ഡാക്കി. ആറാം ഓവറില്‍ ഹെന്‍ഡ്രിക്സിനെ വരുണിന്റെ പന്തില്‍ സഞ്ജു സ്റ്റംപ് ചെയ്ത് മടക്കിയതോടെ ദക്ഷിണാഫ്രിക്ക ബാക്ക്ഫുട്ടിലായി. 13 പന്തില്‍ നിന്ന് 21 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു ഹെന്‍ഡ്രിക്സ് ആ സമയം.
കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക സമ്മര്‍ദത്തിലേക്ക് വീണു. 12 റണ്‍സ് എടുത്ത സ്റ്റബ്സിനെ അക്ഷര്‍ പട്ടേല്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റന്‍ മാര്‍ക്രം വരുണിന്റെ ഇരയായി. എന്നാല്‍ 22 പന്തില്‍ നിന്ന് 41 റണ്‍സോടെ ക്ലാസന്‍ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടി. ഡേവിഡ് മില്ലറെ കാര്യമായൊന്നും ചെയ്യാന്‍ അനുവദിക്കാതെ ഹാര്‍ദിക് പാണ്ഡ്യ മടക്കി. പിന്നാലെ അപകടകാരിയായ ക്ലാസനെ അര്‍ഷ്ദീപ് തിലക് വര്‍മയുടെ കൈകളിലെത്തിച്ചു.
24 പന്തില്‍ നിന്ന് 77 റണ്‍സ് ജയിക്കാന്‍ വേണം എന്നായി അവസ്ഥ. പിന്നെയങ്ങോട്ട് ജാന്‍സന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു സെഞ്ചൂറിയനില്‍. 17 പന്തില്‍ നിന്ന് നാല് ഫോറും അഞ്ച് സിക്സും സഹിതം 54 റണ്‍സ് ആണ് ജാന്‍സന്‍ അടിച്ചെടുത്തത്. എന്നാല്‍ അവസാന ഓവറില്‍ അര്‍ഷ്ദീപ് മനസാന്നിധ്യം കൈവിടാതിരുന്നതോടെ ഇന്ത്യ തകര്‍പ്പന്‍ ജയത്തിലേക്ക് എത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ തിലക് വര്‍മയുടെ സെഞ്ചറി കരുത്തിലാണ് 200ന് മുകളില്‍ സ്കോര്‍ കണ്ടെത്തിയത്. അഭിഷേക് ശര്‍മ 25 പന്തില്‍ നിന്ന് 50 റണ്‍സ് എടുത്തു. സഞ്ജു വീണ്ടും ഡക്കായി.