ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20, ഏകദിന പരമ്പരകള്‍ക്ക് മുന്‍പായി ബാറ്റിങ് കോച്ചിനെ നിയമിച്ച് ബിസിസിഐ. നിലവില്‍ ഇന്ത്യ എ ടീമിന്‍റെ ഹെഡ് കോച്ചാണ് സിതാന്‍ഷു. മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്‍റെ നിര്‍ദേശപ്രകാരമാണ് സിതാന്‍ഷുവിനെ ബാറ്റിങ് കോച്ചായി ബിസിസിഐ നിയമിച്ചിരിക്കുന്നത്. ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് ഗംഭീര്‍ ഈ നിര്‍ദേശം ബിസിസിഐക്ക് മുന്നില്‍ വച്ചത്.
'മുതിര്‍ന്ന ബാറ്റര്‍മാര്‍ക്കുള്‍പ്പടെ കഴിഞ്ഞ പരമ്പരകളില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. ബാറ്റിങിലെ ദൗര്‍ബല്യം പ്രകടമാണെന്നും ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ബിസിസിഐയും വിലയിരുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ല്‍ അയര്‍ലന്‍ഡിനെതിരെ ബുംറയ്ക്ക് കീഴില്‍ ഇന്ത്യ കളിച്ചപ്പോള്‍ ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്നു സിതാന്‍ഷു.
മുന്‍ സൗരാഷ്ട്ര താരമായിരുന്ന സിതാന്‍ഷു ആഭ്യന്തര ക്രിക്കറ്റിലെ അതികായനായിരുന്നു. 1992–93 മുതല്‍ 2013 വരെ കളിച്ച അദ്ദേഹം 8061 റണ്‍സുകള്‍ നേടിയിട്ടുണ്ട്. 130 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 15 സെഞ്ചറികളും 55 അര്‍ധ സെഞ്ചറികളും അദ്ദേഹം അക്കാലത്ത് നേടി. വിരമിച്ചതിന് പിന്നാലെ സൗരാഷ്ട്രയുടെ മുഴുവന്‍ സമയ കോച്ചായി ചുമതലയേറ്റു. പിന്നാലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുമെത്തി. കഴിഞ്ഞ നാലുവര്‍ഷമായി ഇന്ത്യ എ ടീമിന്‍റെ മുഖ്യ പരിശീലകനായി ബിസിസിഐക്ക് മറ്റാരെയും തേടേണ്ടി വന്നിട്ടില്ല.
മുഖ്യപരിശീലകനായ ഗംഭീറിന് പുറമെ മോണ്‍ മോര്‍ക്കല്‍ (ബോളിങ് കോച്ച്), അഭിഷേക് നയ്യാര്‍ (അസി. കോച്ച്) റയാന്‍ ടെന്‍ (അസി. കോച്ച്), ടി. ദിലീപ് (ഫീല്‍ഡിങ് കോച്ച്) എന്നിവരാണ് പരിശീലക സംഘത്തിലുള്ളത്.