ഓസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ നിന്നുള്ള വാര്‍ത്തകള്‍ ചോര്‍ന്നതിനെ ചൊല്ലി വിവാദം വീണ്ടും കൊഴുക്കുന്നു. വാര്‍ത്തകള്‍ ചോര്‍ത്തിയത് സര്‍ഫറാസ് ഖാന്‍ ആണെന്ന് കോച്ച് ഗംഭീര്‍ പറഞ്ഞുവെന്ന് ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിസിസിഐയുടെ അവലോകന യോഗത്തിലായിരുന്നു ഗംഭീറിന്‍റെ ഈ പരാമര്‍ശമെന്നും വാര്‍ത്തയില്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗംഭീറിനെ വിമര്‍ശിച്ച് മുന്‍ താരം ഹര്‍ഭജന്‍ രംഗത്തെത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓസ്ട്രേലിയയിലും അതിന് ശേഷവും നടക്കുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. കളിയില്‍ ജയവും തോല്‍വിയും സാധാരണമാണ്. പക്ഷേ ഡ്രസിങ് റൂം കഥകള്‍ ഓരോന്ന് ഓരോ ദിവസവും എന്ന രീതിയില്‍ പുറത്തുവരാന്‍ പാടില്ല. ഡ്രസിങ് റൂമിലെ സംഭവങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് സര്‍ഫറാസാണെന്ന് കോച്ച് സാബ് പറഞ്ഞുവെന്ന് ഒരു റിപ്പോര്‍ട്ട് കണ്ടു. കോച്ച് അങ്ങനെ പറഞ്ഞുവെങ്കില്‍ അത് ഒഴിവാക്കേണ്ടതായിരുന്നു. ഓസ്ട്രേലിയയില്‍ വച്ച് സര്‍ഫറാസ് അങ്ങനെ ചെയ്തുവെങ്കില്‍ നിങ്ങളാണ് കോച്ച്, നിങ്ങള്‍ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുകയായിരുന്നു വേണ്ടത്. സര്‍ഫറാസ് കളിക്കാരനാണ്, പറഞ്ഞു മനസിലാക്കണം. ഒപ്പം ചെറുപ്പവും. ഭാവിയില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ളതാണ്'- ഹര്‍ഭജന്‍ തന്‍റെ യൂട്യൂബ് ചാനല്‍ വിഡിയോയില്‍ വ്യക്തമാക്കി.
'മുതിര്‍ന്ന താരങ്ങളെന്ന നിലയില്‍ യുവതാരങ്ങള്‍ക്ക് ബുദ്ധി ഉപദേശിക്കേണ്ടത് നമ്മുടെ കടമയാണ്. സര്‍ഫറാസ് അങ്ങനെ ചെയ്തുവെങ്കില്‍ അത് തെറ്റാണ്. ഡ്രസിങ് റൂമിലെ സംഭാഷണങ്ങള്‍ പുറത്തറിയാനുള്ളതല്ല. ഗംഭീര്‍ ഈ ജോലിയില്‍ പുതിയ ആളാണ്. അദ്ദേഹത്തിന് കുറച്ച് കൂടെ സമയം നല്‍കേണ്ടത് ആവശ്യമാണ്. പുതിയ സംവിധാനവുമായി പൊരുത്തപ്പെടാന്‍ കളിക്കാര്‍ക്കും സമയം വേണ്ടിവരുമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
ഡ്രസിങ് റൂമിലെ പടലപ്പിണക്കങ്ങള്‍ ഇരുന്ന് സംസാരിച്ച് പരിഹരിക്കേണ്ട വിഷയമാണ്. കഴിഞ്ഞ ആറുമാസക്കാലമായി ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് അഭ്യൂഹങ്ങള്‍ നിറയുകയാണ്. കോച്ചും കളിക്കാരും തമ്മിലുള്ള പൊരുത്തവും സഹകരണവും ടീമിന് അത്യാവശ്യമാണ്. ഗ്രെഗ് ചാപ്പല്‍ കോച്ചായിരുന്ന 2005–06 കാലത്തിലും ഇതേ സംഭവങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഹര്‍ഭജന്‍ ഓര്‍ത്തെടുത്തു.
അതേസമയം, ബിസിസിഐ യോഗത്തിലെ വാര്‍ത്തകള്‍ ചോരുന്നതിലും അദ്ദേഹം ആശ്ചര്യം മറച്ചുവച്ചില്ല. 'ആരാണിത് ചെയ്യുന്നത്? എന്തിന് വേണ്ടിയാണിത് ചെയ്യുന്നത്? സ്വന്തം കുടുംബാംഗങ്ങളെ കുറിച്ച് മോശം കാര്യങ്ങള്‍ പുറത്തിറങ്ങി പറയരുത്. അങ്ങനെയാണ് കുടുംബത്തിന്‍റെ പേര് ചീത്തയാകുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ ഒരു മല്‍സരത്തില്‍പോലും താരത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.