ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും അവസാനിക്കുമ്പോള്‍ ഓപ്പണിങ് കാര്യമായി തിളങ്ങാന്‍ മലയാളി ബാറ്റ്സ്മാന്‍ സഞ്ജു സാംസണിന് സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ 20 പന്തില്‍ 26 റണ്‍സ് നേടി മാന്യമായ തുടക്കം നല്‍കിയെങ്കിലും രണ്ടാം ട്വന്‍റി 20 യില്‍ അഞ്ച് റണ്‍സില്‍ സഞ്ജുവിന്‍റെ ഇന്നിങ്സ് അവസാനിച്ചു. രണ്ട് മത്സരത്തിലും ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കാണ് വിക്കറ്റ്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സഞ്ജുവിന്‍റെ ബാറ്റിങ് പ്രകടനം വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പേസര്‍മാര്‍ക്കെതിരെ സഞ്ജുവിന് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനാലിലെ വിഡിയോയില്‍ പറയുന്നത്. '140 കിലോ മീറ്ററിന് മുകളില്‍ വേഗത്തില്‍ വരുന്ന പന്ത് എങ്ങനെയാണ് സഞ്ജു നേരിടുന്നത് എന്ന കണക്ക് ലഭ്യമാണ്. അദ്ദേഹത്തിന്‍റെ പ്രകടനം വളരെ സാധാരണമാണ്. പേസര്‍മാരില്‍ സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റ് വളരെ കുറവാണ്. മാത്രമല്ല പേസര്‍മാരില്‍ സഞ്ജുവിന് വിക്കറ്റും നഷ്ടപ്പെട്ടു' എന്നാണ് ചോപ്രയുടെ വിലയിരുത്തല്‍
രണ്ട് മത്സരത്തിലും സഞ്ജു ഡീപ്പില്‍ ക്യാച്ച് നല്‍കി പുറത്തായതിലും ചോപ്ര വിലയിരുത്തല്‍ നടത്തുന്നുണ്ട്. 'ക്രീസിലേക്ക് ഇറങ്ങി സ്ക്വയര്‍ ലെഗിലേക്ക് ചരിഞ്ഞാണ് ഇത്തരം പന്തുകളെ സഞ്ജു നേരിടുന്നത്. പേസര്‍മാര്‍ ബൗണ്‍സര്‍ എറിഞ്ഞ് ഡീപ്പില്‍ ഫീല്‍ഡറെ നിര്‍ത്തി കെണി ഒരുക്കും. തുടരെ രണ്ട് മത്സരത്തിലും ഡീപ്പില്‍ ക്യാച്ച് നല്‍കിയാണ് സഞ്ജു ഔട്ടായത്', ചോപ്ര പറഞ്ഞു. ആദ്യ മത്സരത്തില്‍ ഗസ് അറ്റ്കിൻസനെതിരെ 22 റൺസ് നേടിയ ഓവർ മാറ്റിനിർത്തിയാൽ പേസ് ബോളർമാർക്കെതിരെ സഞ്ജുവിന് കാര്യമായി റൺസ് കണ്ടെത്താനായിട്ടില്ലെന്നും ആകാശ് ചോപ്ര പറയുന്നു.
അഞ്ച് മത്സരങ്ങളിൽനിന്ന് മൂന്നു സെഞ്ചറി നേടിയ താരമാണ് സഞ്ജു. സെഞ്ചറികളും അതിനിടയിൽ ഡക്കുകളുമൊക്കെ സംഭവിക്കുന്നുണ്ടെന്നും ചോപ്ര പറയുന്നു.
രോഹിത് ശര്‍മ ട്വന്‍റി 20യില്‍ നിന്നും വിരമിച്ചതോടെ നിലവില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് ഓപ്പണറാണ് സഞ്ജു. പരമ്പരയ്ക്ക് മുന്നോടിയായി
വിക്കറ്റ് കീപ്പര്‍ ആരെന്നതില്‍ സംശയങ്ങളൊന്നുമില്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വ്യക്തമാക്കിയിരുന്നു. ഇതിനാല്‍ സഞ്ജു അഞ്ച് മത്സരങ്ങളിലും ഇന്ത്യന്‍ നിരയിലുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ടീമില്‍ തുടരണമെങ്കില്‍ ഇനിയുള്ള മൂന്ന് മത്സരങ്ങളും സഞ്ജുവിന് നിര്‍ണായകമാണ്. ചൊവ്വാഴ്ച രാജ്കോട്ടിലാണ് അടുത്ത ട്വന്‍റി20