ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ 200 റണ്‍സ് കടന്നു. ഇന്ത്യയ്ക്ക് തലവേദനയാകുന്ന ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും പുറത്തായി. ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ഓപ്പണര്‍ ട്രാവിഡ് ഹെഡിനെ 39 റണ്‍സില്‍ വരുണ്‍ ചക്രവര്‍ത്തി മടക്കി. ഇന്ത്യയ്ക്ക് ഭീഷണിയായിരുന്ന സ്റ്റീവ് സ്മിത്തിനെ പേസര്‍ മുഹമ്മദ് ഷമിയും മടക്കി.
96 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്സറും സഹിതം 76 റണ്‍സാണ് സ്മിത്ത് നേടിയത്. 21-ാം ഓവറില്‍ 36 റണ്‍സില്‍ നില്‍ക്കെ സ്മിത്തിന്‍റെ ക്യാച്ച് ഷമി നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ 37-ാം ഓവറില്‍ ഷമിയുടെ ഫുള്‍ടോസ് പന്തില്‍ സ്മിത്ത് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. 39 റണ്‍സുമായി അലക്സ് ക്യാരിയും ബെൻ ദ്വാർഷുയിസുമാണ് ക്രീസില്‍. 40–ാം ഓവര്‍ പിന്നിടുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് ഓസ്ട്രേലിയ നേടിയിട്ടുള്ളത്.
രണ്ട് ക്യാച്ച് അവസരങ്ങളാണ് ഷമി നഷ്ടപ്പെടുത്തിയത്. മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ ട്രാവിസ് ഹെഡിന്‍റെ ക്യാച്ചാണ് ഷമിയുടെ കയ്യിലേക്ക് എത്തിയത്. ആദ്യ പന്ത് വൈഡായാണ് മത്സരം തുടങ്ങിയത്. തൊട്ടടുത്ത പന്തില്‍ ഹെഡിന്‍റെ ബാറ്റില്‍ തട്ടി വന്ന പന്ത് ഷമിയുടെ വലത് കയ്യില്‍ തട്ടിയെങ്കിലും ക്യാച്ചിലേക്ക് എത്തിയില്ല. 21-ാം ഓവറിലെ നാലം പന്തിലാണ് സ്മിത്തിന്‍റെ ക്യാച്ച് നഷ്ടപ്പെടുന്നത്. ഷമിക്ക് നേര്‍ക്ക് വന്ന സ്മിത്തിന്‍റെ ഷോട്ട് കയ്യില്‍ തട്ടി തെറിക്കുകയായിരുന്നു.
ഐസിസി ഏകദിന ടൂര്‍ണമെന്‍റിലെ നോക്കൗട്ട് ഘട്ടത്തില്‍ സ്മിത്ത് മികച്ച ഫോമില്‍ കളിക്കുന്ന സ്മിത്ത് ഇതേ പ്രകടനം ഇന്ത്യയ്ക്കെതിരെയും തുടര്‍ന്നു. ഇന്ത്യയ്ക്കെതിരെ 2023 ഏകദിന ക്രിക്കറ്റ് ഫൈനലില്‍ നാല് റൗണ്‍സിന് ഔട്ടായത് ഒഴിച്ചാല്‍ 2015 മുതല്‍ സ്മിത്തിന്‍റെ പ്രകടനം അര്‍ധസെഞ്ചറി കടന്നിട്ടുണ്ട്. ഇതില്‍ 2015 ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയ്ക്കെതിരെ നേടിയ സെഞ്ചറിയും ഉള്‍പ്പെടും.
മത്സരത്തിലെ ആദ്യ വിക്കറ്റ് വീഴ്ത്തിയതും ഷമിയാണ്. ഷമിയുടെ പന്തില്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് കൂപ്പർ കനോലി പുറത്തായത്. ബാക്കി വിക്കറ്റുകള്‍ സ്പിന്നര്‍മാര്‍ക്കാണ്. രവീന്ദ്ര ജഡേജ രണ്ടും വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. മാർനസ് ലാബുഷാഗ്നെ, ജോഷ് ഇംഗ്ലിസ് എന്നിവരെയാണ് ജഡേജ പുറത്താക്കിയത്. അക്ഷര്‍ പട്ടേലിന്‍റെ പന്തില്‍ മാക്സ്‍വെല്‍ ബൗള്‍ഡാവുകയായിരുന്നു.
ട്രാവിസ് ഹെഡിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തുന്ന മുഹമ്മദ് ഷമി.