ചെറിയ വിജയ ലക്ഷ്യമായിരുന്നെങ്കിലും 49-ാം ഓവര്‍ വരെ നീണ്ട ഫൈനല്‍ മത്സരത്തിലാണ് ഇന്ത്യ ചാംപ്യന്‍സ് ട്രോഫിയിലെ ചാംപ്യന്‍മാരായത്. തുടക്കത്തിലെ മികച്ച വേഗത്തിലാണ് ഇന്ത്യന്‍ സ്കോറിങ് മുന്നോട്ട് പോയത്. രണ്ടാം പന്തില്‍ സിക്സ് അടിച്ച് തുടങ്ങിയ രോഹിത് ശര്‍മ, മൂന്ന് സിക്സും ഏഴ് ഫോറും സഹിതം 76 റണ്‍സെടുത്തു. തുടക്കത്തിലെ വേഗം പിന്നീട് കുറഞ്ഞെങ്കിലും മത്സരം കൈവിട്ട് പോകാതിരിക്കാന്‍ ഇന്ത്യന്‍ ബാറ്റിങിനായി.
ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. നാലുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യയുടെ മൂന്നാം ചാംപ്യന്‍സ് ട്രോഫിയാണിത്. തുടര്‍ച്ചയായ രണ്ടാം ഐസിസി കിരീടവും.
17 റണ്‍സിനെ പ്രധാന വിക്കറ്റുകള്‍ നഷ്ടമായിട്ടും പതറാകെ മുന്നോട്ട് കുതിക്കുന്ന ഇന്ത്യയെയാണ് ചാംപ്യന്‍സ് ട്രോഫി ഫൈനലലില്‍ കണ്ടത്. ശുഭ്മാന്‍ ഗില്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റാണ് തൊട്ടടുത്ത ഓവറുകളില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപ്പണില്‍ 105 റണ്‍സിന്‍റെ സെഞ്ചറി കൂട്ടുകെട്ട് ഉണ്ടാക്കിയശേഷമാണ് ഗില്ലിനെ നഷ്ടമായത്.
മിച്ചൽ സാൻ്റ്നറാണ് 19-ാം ഓവറില്‍ കൂട്ടകെട്ട് പൊളിക്കുന്നത്. ഗ്ലെന്‍ ഫിലിപ്പ്സിന്‍റെ പറക്കുന്ന ക്യാച്ചിലാണ് ഗില്‍ പുറത്തായത്. തൊട്ടടുത്ത ഓവറില്‍ മൈക്കൽ ബ്രേസ്‌വെലിന്‍റെ പന്തില്‍ കോലി ഒരു റണ്‍സിന് പുറത്തായി. 27-ാം ഓവറിലാണ് രോഹിത് ശര്‍മയെ രചിന്‍ രവീന്ദ്ര പുറത്താക്കുന്നത്. വിക്കറ്റ് പോകാതെ 105 എത്തിയ ഇന്ത്യയാണ് 122 ന് മൂന്നിലേക്ക് വീണത്.
തുടര്‍ന്ന് ശ്രേയസ് അയ്യരും അക്ഷര്‍ പട്ടേലും 61 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. സ്കോറിങിനൊപ്പം വിക്കറ്റു പോയതാണ് മത്സരത്തെ 49-ാം ഓവറു വരെ എത്തിയത്. അക്ഷര്‍ പട്ടേല്‍ 29 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 18 റണ്‍സും നേടി. വിജയ റണ്‍സ് നേടിയ രവീന്ദ്ര ജഡേജ ഒന്‍പത് റണ്‍സ് നേടി.
ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഒരു ക്യാപ്റ്റന്‍റെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോറാണ് രോഹിതിന്‍റേത്. 2000 ത്തില്‍ ന്യൂസീലന്‍ഡിനെതിരെ സൗരവ് ഗാംഗുലി നേടിയ 117 ആണ് ക്യാപ്റ്റന്‍റെ ടോപ്പ് സ്കോര്‍. ഏകദിന ഫൈനലില്‍ രോഹിതിന്‍റെ ഉയര്‍ന്ന സ്കോറും ഇതാണ്.