ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റന്‍സിനെ 11 റണ്‍സിന് തോല്‍പിച്ചു. 244 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സിന് 232 റണ്‍സ് മാത്രമാണ് നേടാനായത്. പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ 41 പന്തിൽ 74 റൺസെടുത്ത ഓപ്പണിങ് ബാറ്റർ സായ് സുദർശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. 33 പന്തിൽ 54 റൺസടിച്ച് ജോസ് ബട്‍ലറും അർധ സെഞ്ചറി തികച്ചു. അര്‍ഷ്ദീപ് സിങ്ങ് രണ്ടുവിക്കറ്റ് വീഴ്ത്തി.
സായ് സുദർശനും ക്യാപ്റ്റൻ ഗില്ലും ചേർന്ന് 61 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് ഗുജറാത്തിനായി പടുത്തുയര്‍ത്തിയത്. പക്ഷേ പവർപ്ലേ തീരുംമുൻപേ ഈ കൂട്ടുകെട്ട് പൊളിക്കാൻ പഞ്ചാബിനു സാധിച്ചു. ആറാം ഓവറിലെ അഞ്ചാം പന്തിൽ ശുഭ്മൻ ഗില്ലിനെ (33) മാക്സ്‌വെല്‍ പുറത്താക്കി. ഗുജറാത്ത് ജഴ്സിയിൽ ആദ്യ മത്സരം കളിക്കുന്ന ജോസ് ബട്‍ലറും തകർത്തടിച്ചു. സ്കോർ 145 ൽ നിൽക്കെ സായ് സുദർശനെ പഞ്ചാബ് വീഴ്ത്തി. അർഷ്ദീപ് സിങ്ങിന്റെ പന്തിൽ ശശാങ്ക് സിങ് ക്യാച്ചെടുത്ത് സുദർശനെ പുറത്താക്കുകയായിരുന്നു. ജോസ് ബട്‌ലറെ മാർകോ യാൻസൻ പുറത്താക്കിയതു കളിയിൽ വഴിത്തിരിവായി.
അവസാന ഓവറില്‍ 27 റൺസായിരുന്നു ഗുജറാത്തിനു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാല്‍ അർഷ്ദീപ് സിങ്ങിന്റെ ആദ്യ പന്തിൽ രാഹുൽ തെവാത്തിയ (ആറ്) റൺ ഔട്ടായി. 28 പന്തിൽ 44 റണ്‍സെടുത്ത ഷെർഫെയ്ന്‍ റുഥർഫോർഡ് അവസാന ഓവറിൽ ബോൾഡായി. ഇതോടെ ഗുജറാത്ത് 232 റൺസിലൊതുങ്ങി. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ പഞ്ചാബ് പേസർ വിജയകുമാർ വൈശാഖിന്റെ ഓവറുകൾ ഗുജറാത്ത് ബാറ്റർമാരെ പ്രതിരോധത്തിലാക്കി. മൂന്നോവറുകൾ പന്തെറിഞ്ഞ താരം ആദ്യ രണ്ടോവറുകളിൽ 10 റൺസ് മാത്രമാണു വഴങ്ങിയത്. പഞ്ചാബിനായി അർഷ്ദീപ് സിങ് രണ്ടും മാർകോ യാൻസൻ, ഗ്ലെൻ മാക്സ്‌വെൽ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.