ഐപിഎല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയം. ഏഴു വിക്കറ്റിനാണ് ഡൽഹി സണ്‍റൈസേഴ്സിനെ തോല്‍പ്പിച്ചത്. സീസണിൽ ഹൈദരാബാദിന്റെ രണ്ടാം തോൽവിയാണിത്. ഹൈദരാബാദ് ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 16 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. ഡല്‍ഹിക്കായി അർധ സെഞ്ചറി നേടിയ ഫാഫ് ഡുപ്ലേസി മികച്ച തുടക്കമാണ് നല്‍കിയത്. 27 പന്തുകള്‍ നേരിട്ട ഡുപ്ലേസി 50 റൺസെടുത്തു.
ഓപ്പണർ ജേക് ഫ്രേസര്‍ മഗ്രുക് 38 റൺസും അഭിഷേക് പൊറേൽ 34 റൺസും എടുത്തു . വിയാൻ മുൾഡർ എറിഞ്ഞ 16–ാം ഓവറിലെ അവസാന പന്ത് സിക്സർ പറത്തി അഭിഷേക് പൊറേലാണു ഡൽഹിയുടെ വിജയ റൺസ് കുറിച്ചത്. 21 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സ് പുറത്താകാതെനിന്നു. നേരിട്ട കെ.എൽ. രാഹുൽ 15 റൺസ് നേടി. ഹൈദരാബാദിനായി സ്പിന്നര്‍ സീഷന്‍ അൻസാരി മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 18.4 ഓവറിൽ 163 റൺസെടുത്തു പുറത്തായി. മധ്യനിര താരം അനികേത് വർമയുടെ അർധ സെഞ്ചറിയാണ് പൊരുതാവുന്ന സ്കോറിലേക്ക് സൺറൈസേഴ്സിനെ എത്തിച്ചത്. 41 പന്തുകൾ നേരിട്ട അനികേത് ആറു സിക്സും അഞ്ചു ഫോറുകളുമുൾപ്പടെ 74 റൺസെടുത്തു പുറത്തായി. ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് അഞ്ചും കുൽദീപ് യാദവ് മൂന്നും വീതം വിക്കറ്റ് വീഴ്ത്തി.