PTI Photo by Atul Yadav (Left), AP Photo By bikas Das (Right)

PTI Photo by Atul Yadav (Left), AP Photo By bikas Das (Right)

2008 ലെ ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മല്‍സരത്തിന് പിന്നാലെ മലയാളി താരം എസ്. ശ്രീശാന്തിനെ തല്ലിയതില്‍ വികാരാധീനനായി മാപ്പ് പറഞ്ഞ് ഹര്‍ഭജന്‍ സിങ്. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഹര്‍ഭജന്‍റെ മാപ്പുപറച്ചില്‍. എക്സില്‍ പഴയ വിഡിയോ പോസ്റ്റ് ചെയ്ത ആരാധകരില്‍ ഒരാള്‍ ' ഇതേ കുറിച്ച് എന്ത് പറയുന്നു ഭാജി സാബ്' എന്ന് ചോദിച്ചു. ഇതോടെയാണ്  വിഡിയോ റീ പോസ്റ്റ് ചെയ്ത്– ഇത് ഒരിക്കലും ശരിയായിരുന്നില്ല സഹോദരാ, എന്‍റെ തെറ്റാണ്. ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. പക്ഷേ ഞാനൊരു മനുഷ്യനല്ലേ, ദൈവമല്ലല്ലോ..അങ്ങനെ സംഭവിച്ചുപോയി' എന്ന് കൂപ്പുകൈകളോടെ താരം കുറിച്ചു. 

ഹര്‍ഭജന്‍റെ അടിയേറ്റ ശ്രീശാന്ത് കണ്ണുനിറഞ്ഞ് നില്‍ക്കുന്നതും കുമാര്‍ സംഗക്കാരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും അന്ന് വൈറലായിരുന്നു. ഇതോടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായിരുന്ന ഹര്‍ഭജനെ സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ കളിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. 17 വര്‍ഷങ്ങള്‍ക്കിപ്പുറം ഹര്‍ഭജന്‍ അന്നത്തെ സംഭവത്തില്‍ വീണ്ടും ഖേദം പ്രകടിപ്പിക്കുകയാണ്. മുന്‍പ് ഹര്‍ഭജന്‍ മാപ്പ് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വീണ്ടും സൗഹൃദത്തിലായിരുന്നു.

ഹര്‍ഭജന്‍റെ അന്നത്തെ ടീമായ മുംബൈ ഇത്തവണത്തെ സീസണില്‍ കടുത്ത പ്രതിരോധത്തിലാണ്. അ‍ഞ്ചുതവണ ചാംപ്യന്‍മാരായ മുംബൈ സീസണിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും തുടര്‍ച്ചയായി തോറ്റു. ശനിയാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനോട് 36 റണ്‍സിനാണ് തോറ്റത്. ബാറ്റിങിലും ബോളിങിലും ടീമിന് പിഴച്ചുവെന്നും ട്വന്‍റി20യില്‍ ചെറിയ സ്കോറിന് പിന്നിലാകുന്നത്  പോലും കളിയുടെ ഗതിയെ മാറ്റി മറിക്കുമെന്നും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പിന്നീട് തുറന്നടിച്ചിരുന്നു. ഗുജറാത്ത് മല്‍സരത്തിലുടനീളം മികച്ച കളിയാണ് പുറത്തെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിശ്ചിത സമയത്തില്‍ ബോളിങ് പൂര്‍ത്തിയാക്കാതിരുന്നതിനെ തുടര്‍ന്ന് മുംബൈ ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴ ലഭിച്ചിരുന്നു.  ഈ സീസണില്‍ ഓവര്‍ നിരക്കിന്‍റെ പേരില്‍ ശിക്ഷിക്കപ്പെടുന്ന  ആദ്യ ക്യാപ്റ്റനും ഹാര്‍ദികാണ്. കഴിഞ്ഞ സീസണില്‍ മൂന്ന് തവണയാണ് മുംബൈ ഓവറുകള്‍ വൈകിപ്പിച്ചത്. 

ENGLISH SUMMARY:

Harbhajan Singh revisits the infamous 2008 IPL slap incident involving Sreesanth, expressing regret on social media. The former cricketer admits his mistake and apologizes emotionally, saying, "I am human, not God."