cristiano-goal-chance

തുര്‍ക്കിക്കെതിരായ മത്സരത്തിന്റെ 56ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിലേക്ക് ക്രിസ്റ്റ്യാനോ നല്‍കിയ പാസാണ് ഫുട്ബോള്‍ ലോകത്തെ ഇപ്പോഴത്തെ സംസാര വിഷയം. ഗോളടിക്കാന്‍ പാകത്തില്‍ അവസരം തന്റെ കണ്‍മുന്‍പില്‍ ഉണ്ടായിരുന്നിട്ടും പാസ് നല്‍കിയാണ് ക്രിസ്റ്റ്യാനോ തന്നിലുണ്ടായ മാറ്റത്തെ വരച്ചിടുന്നത്. യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ എന്ന നേട്ടവും ഇവിടെ ക്രിസ്റ്റ്യാനോ തന്റെ പേരിലേക്ക് എഴുതിയിട്ടു. ലോകത്തെ ഫുട്ബോള്‍ അക്കാദമികളില്‍ ക്രിസ്റ്റ്യാനോ നല്‍കിയ ആ അസിസ്റ്റ് കാണിക്കണം എന്നാണ് പോര്‍ച്ചുഗല്‍ കോച്ച് മാര്‍ട്ടിനസ് മത്സരത്തിന് ശേഷം പ്രതികരിച്ചത്. 

ഗോളാകാന്‍ പാകത്തിലുള്ള ചെറിയ സാധ്യതകള്‍ പോലും വിട്ടുകളയാത്ത നിശ്ചയദാര്‍ഡ്യവുമായി കളത്തിലിറങ്ങിയ ക്രിസ്റ്റ്യാനോയെ കണ്ടാണ് ഫുട്ബോള്‍ ലോകത്തിന് ശീലം. എന്നാല്‍ തുര്‍ക്കിക്കെതിരെ ഗോള്‍ നേടുന്നതിനേക്കാള്‍ ടീമിനാണ് പ്രാധാന്യം എന്ന് ക്രിസ്റ്റ്യാനോ ഇവിടെ കാണിച്ചുതന്നു എന്ന് മാര്‍ട്ടിനസ് തന്നെ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്റ്റ്യാനോയുടെ പരിചയസമ്പത്തും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവും സ്പേസുകള്‍ കണ്ടെത്തിയെടുക്കാനുള്ള മികവും ഈ യൂറോ കപ്പില്‍ ആരാധകര്‍ക്ക് കാണാനാവുമോ? ക്രിസ്റ്റ്യാനോയ്ക്ക് സഹ താരങ്ങള്‍ പാസ് നല്‍കാന്‍ മടിക്കുന്നു എന്ന ആരോപണം രണ്ടാമത്തെ മത്സരം കഴിയുമ്പോഴും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. 

2004ലാണ് ആദ്യമായി ക്രിസ്റ്റ്യാനോ യൂറോ കപ്പ് കളിക്കാനെത്തുന്നത്. ആ സമയം ഇംഗ്ലണ്ടിന്റെ വെയിന്‍ റൂണിയും കൗമാര സെന്‍സേഷനായി ശ്രദ്ധ പിടിച്ചിരുന്നു. എന്നാല്‍ 2024 യൂറോ കപ്പിലേക്ക് എത്തുമ്പോള്‍ 39ാം വയസിലും ക്രിസ്റ്റ്യാനോ കളിക്കാരന്റെ കുപ്പായത്തില്‍ നില്‍ക്കുമ്പോള്‍ റൂണി ഫുട്ബോള്‍ പണ്ഡിറ്റിന്റെ റോളിലാണ്. തന്റെ ഫിറ്റ്നസിന്റേയും നിശ്ചയ ദാര്‍ഡ്യത്തിന്റേയും കരുത്തില്‍ ക്രിസ്റ്റ്യാനോ കളി തുടരുമ്പോള്‍ ഇത്തവണ യൂറോ കപ്പില്‍ അത് പോര്‍ച്ചുഗലിനെ തുണയ്ക്കുമോ അതോ പിന്നോട്ട് വലിക്കുമോ എന്ന ചോദ്യം ശക്തമാണ്. 

ഇത്തവണ യൂറോ കപ്പില്‍ 180 മിനിറ്റ് ക്രിസ്റ്റ്യാനോ മൈതാനത്ത് പിന്നിടുമ്പോഴും ഒരു ഗോള്‍ പോലും നേടിയിട്ടില്ല. ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും വിരളമായിട്ടായിരുന്നു. തുര്‍ക്കിക്കെതിരെ നൂനോ മെന്‍ഡെസിന്റെ ക്രോസിലേക്ക് കാലെത്തിക്കാനാവാതെ ക്രിസ്റ്റ്യാനോ വീണപ്പോള്‍ പിന്നാലെ നിന്ന ബെര്‍ണാര്‍ഡോ സില്‍വയാണ് വല കുലുക്കി പോര്‍ച്ചുഗലിനെ ലീഡിലേക്ക് എത്തിച്ചത്. ടൂര്‍ണമെന്റില്‍ മുന്‍പോട്ട് പോകുംതോറും സ്പെന്‍, ജര്‍മനി അല്ലെങ്കില്‍ ഫ്രാന്‍സിന്റെ മുന്‍പിലേക്ക് എത്തിയാല്‍ ഇവരുടെ പ്രതിരോധ നിരയ്ക്ക് മുന്‍പില്‍ എങ്ങനെയാവും ക്രിസ്റ്റ്യാനോ കളിക്കുക എന്നത് ആശങ്ക നിറയ്ക്കുന്ന ചോദ്യമാണ്. ചരിത്രവും കണക്കുകളും എടുത്താല്‍ ക്രിസ്റ്റ്യാനോ നേട്ടങ്ങളുടെ കൊടുമുടിയിലാണ്. എന്നാല്‍ ക്രിസ്റ്റ്യാനോയ്ക്ക് അപ്പുറമുള്ള ഭാവിയിലേക്ക് പോര്‍ച്ചുഗല്‍ നോക്കേണ്ട സമയമെത്തി. 

ENGLISH SUMMARY:

Cristiano's pass to Fernandez in the 56th minute of the match against Turkey is currently the talk of the football world. Even though the opportunity to score is in front of his eyes, Cristiano paints a change in himself by passing