lautaro-argentina

TOPICS COVERED

അര്‍ജന്റീന കോപ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടറില്‍. ഗോളവസരങ്ങളുടെ പെരുമഴകണ്ട ഗ്രൂപ്പിലെ രണ്ടാംമല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന ചിലെയെ തോല്‍പിച്ചത്. ചുവപ്പുകാര്‍ഡ് കണ്ട  മല്‍സരത്തില്‍ കാനഡ മറുപടിയില്ലാത്ത ഒരു ഗോളിന് പെറുവിനെ  തോല്‍പിച്ചു. 

 

കിക്കോഫിന് പിന്നാലെ ആക്രമണങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ചിലെ ഗോള്‍ മുഖത്തേക്ക്. അര്‍ജന്റീനയുടെ ഗോള്‍ ഷോട്ടുകളെ തട്ടിയകറ്റിയും തടുത്തിട്ടും ചിലെ നിര്‍വീര്യമാക്കി. ഇതി മുന്നില്‍ നിന്നത് എട്ടുസേവുകളുമായി ഗോള്‍ വലയക്ക് മുന്നില്‍ നിന്ന 41കാരന്‍ ക്ലോഡിയോ ബ്രാവോ. മെസിയും ലൗത്താരോ മാര്‍ട്ടിനെസും ഡീ പോളും പലവട്ടം ചിലെ പ്രതിരോധം ഭേദിക്കാന്‍ അടവുകള്‍ പുറത്തെടുത്തു. ഉലയാതെ ചിലെയും. ഒടുവില്‍ പ്രതിരോധക്കോട്ട തകര്‍ന്നത് 88മിനിറ്റില്‍. മെസിയെടുത്ത കോര്‍ണര്‍ കിക്കിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലൗട്ടാരോ മാര്‍ട്ടിനെസ് സ്കോര്‍ ചെയ്തു

ടൂര്‍ണമെന്റില്‍ മാര്‍ട്ടിനെസിന്റെ രണ്ടാം ഗോള്‍. 19 ഗോള്‍ഷോട്ടുകള്‍ക്ക് ശേഷം ലഭിച്ച ഗോള്‍ ആഘോഷത്തിനിടെ വാര്‍ചെക്ക് നടന്നെങ്കിലും അര്‍ജന്റീനയുടെ ആഹ്ലാദത്തിന് തടസമുണ്ടായില്ല. പ്രതിരോധപ്പൂട്ടിട്ട് നിന്നെങ്കിലും  ചിലെ മൂന്നുവട്ടം അര്‍ജന്റീനയെ പരിഭ്രാന്തരാക്കി.  മറ്റൊരു മല്‍സരത്തില്‍ കാനഡ എതിരില്ലാത്ത ഒരുഗോളിന് പെറുവിനെ കരയ്ക്കുകയറ്റി. ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്കുശേഷം അന്‍പത്തൊന്‍പതാം മിനിറ്റില്‍ മിഗ്വേല്‍ അറൗജോ ചുവപ്പ് കാര്‍ഡ് വഴങ്ങി പുറത്തായത് പെറുവിന് തിരിച്ചടിയായി. എഴുപത്തിനാലാം മിനിട്ടിലായിരുന്നു ജോന്നഥന്‍ ഡേവിഡിന്റെ ഗോള്‍.കനത്ത ചൂടില്‍ അസിസ്റ്റന്‍റ് റഫറി  ഹംബെര്‍ട്ടോ പന്ജോജ് കുഴഞ്ഞുവീണതോടെ മല്‍സരം അല്‍പസമയത്തേക്ക് നിര്‍ത്തിവച്ചിരുന്നു.

ENGLISH SUMMARY:

Argentina becomes first team to qualify for quarterfinals after win against Chile.