messi-martinez

അര്‍ജന്റീനയുടെ പെറുവിനെതിരായ കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഗോള്‍ നേടിയതിന് ശേഷം ഡഗൗട്ടിലേക്കാണ് ലൗതാരോ മാര്‍ട്ടിനസ് ഓടിയെത്തിയത്, മെസിയെ കെട്ടിപ്പിടിക്കാന്‍. ഗോള്‍ കണ്ടെത്താന്‍ പ്രയാസപ്പെട്ട് നിന്നിടത്ത് നിന്ന് സ്കോറിങ്ങിലേക്ക് തന്നെ തിരികെ കൊണ്ടുവന്നതിന്റെ സന്തോഷം മുഴുവന്‍ നിറച്ചാണ് മെസിക്ക് ലൗതാരോ മാര്‍ട്ടിനസ് ആ ആലിംഗനം നല്‍കിയത്. റോഡ്രിഗോ ഡി പോള്‍ ഉള്‍പ്പെടെ ഡഗൗട്ടിലുണ്ടായിരുന്ന താരങ്ങള്‍ക്കും ഗ്യാലറിയിലും ടിവി സ്ക്രീനിലുമായി കളികണ്ട ലക്ഷങ്ങള്‍ക്കും വ്യക്തമാണ് ആ ആലിംഗനത്തിന്റെ ആഴം.  

കോപ്പ അമേരിക്കയ്ക്ക് മുന്‍പായുള്ള സൗഹൃദ മത്സരത്തിലാണ് ഗ്വാട്ടിമലയ്ക്ക് എതിരെ ലഭിച്ച പെനാല്‍റ്റി എടുക്കാന്‍ മാര്‍ട്ടിനസിന് മെസി അവസരം നല്‍കിയത്. ഞാന്‍ അദ്ദേഹത്തെ നോക്കി. അദ്ദേഹം എനിക്ക് അവസരം തന്നു. ഞാന്‍ നന്ദി പറഞ്ഞു. പരസ്യമായി തന്നെ ഞാന്‍ നന്ദി പറഞ്ഞു. ഒരു മഹാനായ കളിക്കാരന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവര്‍ത്തിയാണ് അത്. പിച്ചിനകത്തും പുറത്തും മെസി ജെന്റില്‍മാനാണ്. എനിക്കിത് ഏറെ പ്രധാനപ്പെട്ടതായിരുന്നു, അന്ന് പെനാല്‍റ്റി വലയിലാക്കി മാര്‍ട്ടിനസ് മെസിയെ കുറിച്ച് പറഞ്ഞതിങ്ങനെ. 

അന്ന് പെനാല്‍റ്റി വലയിലാക്കി തുടങ്ങിയതിന് ശേഷം വന്ന അര്‍ജന്റീനയുടെ മൂന്ന് കോപ്പ അമേരിക്ക മത്സരത്തിലും സ്കോര്‍ ഷീറ്റില്‍ ലൗതാരോ മാര്‍ട്ടിനസിന്റെ പേരുണ്ട്. കാനഡക്കെതിരെ 88ാം മിനിറ്റില്‍ വല കുലുക്കി. 2-0ന്റെ ജയത്തിലേക്ക് അര്‍ജന്റീന എത്തി. ചിലെക്കെതിരെ ഒരു ഗോളിന് അര്‍ജന്റീന ജയിച്ചു കയറിയപ്പോഴും ഗോള്‍ നേടിയത് ലൗതാരോ തന്നെ. തുടരെ രണ്ടാം മത്സരത്തിലും 88ാം മിനിറ്റില്‍ തന്നെയായിരുന്നു ഈ ഗോള്‍ എന്ന പ്രത്യേകതയുമുണ്ട്. 

പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് അര്‍ജന്റീന തകര്‍ത്തപ്പോള്‍ രണ്ട് ഗോളും വന്നത് ലൗതാരോ മാര്‍ട്ടിനസില്‍ നിന്ന്. 47, 86 മിനിറ്റുകളിലായിരുന്നു ഇത്. അന്ന് മെസി മാര്‍ട്ടിനസിന് നേരെ വെച്ചുനീട്ടിയ പെനാല്‍റ്റിയില്‍ നിന്ന് ആത്മവിശ്വാസം ഉള്‍ക്കൊണ്ടാണ് മാര്‍ട്ടിനസ് ഗോള്‍ വേട്ടകളിലേക്ക് തുടരെ എത്തുന്നതെന്ന് വ്യക്തം. പരുക്കിന്റെ ഭീഷണിയെ തുടര്‍ന്ന് മെസി ഡഗൗട്ടിലിരിക്കുമ്പോള്‍ കളി ജയിപ്പിക്കാന്‍ പാകത്തില്‍ മാര്‍ട്ടിനസ് വളരുന്നു. 

ENGLISH SUMMARY:

The depth of that embrace was evident to the stars in the dugout, including Rodrigo de Paul, and to the millions who watched the game in the gallery and on TV screens