'ലാമിൻ യമാലിന് യൂറോ ഫൈനലിൽ കളിക്കണമെങ്കിൽ, ഞങ്ങൾക്കെതിരെ ഇതുവരെ ചെയ്തതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടിവരും', യൂറോ കപ്പ് സെമിഫൈനൽ മൽസരത്തിന് മുൻപ് ഫ്രഞ്ച് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോ മുന്നറിയിപ്പായിരുന്നു. പറഞ്ഞത് പോലെ ചെയ്തു. യമലിന്റെ ചരിത്ര ഗോളിലാണ് ഫ്രാൻസിനെ തീർത്ത് സ്‌പെയ്ൻ യൂറോ കപ്പ് ഫൈനലിലെത്തുന്നത്. വെറും 16 വയസും 362 ദിവസവും പ്രായമുള്ള യമാൽ യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി. ഇനി ജൂലൈ 13 ന് 17-ാം പിറന്നാൾ ആഘോഷിക്കിക്കാനിരിക്കുകയാണ് താരം.
ഗോൾ വിശ്വസിക്കാനാനാകാതെ മുഖത്ത് കൈവച്ചിരിക്കുന്ന പെദ്രിയുടെയും യമാലിന്റെ ഗോൾ ആഘോഷത്തിനിടെയുള്ള എംബാപ്പെയുടെ പ്രതികരണവും ഇപ്പോൾ വൈറലാണ്. അടുത്ത സീസണിൽ റിയൽ മാഡ്രിഡിലേക്ക് ചേക്കേറിയ എംബാപ്പെയ്ക്ക് ലീഗിലെ എതിരാളിയാണ് ഈ ബാഴ്സ പയ്യൻ. യമാലിന്റെ ഗോളിന് മികച്ച പ്രതികരണങ്ങൾ വേറെയുമുണ്ട്. 'ഒരു സൂപ്പർ താരം ജനിച്ചു' എന്നാണ് മുൻ ഇംഗ്ലണ്ട് സ്‌ട്രൈക്കർ ഗാരി ലിനേക്കർ പറഞ്ഞത്. അത് മല്‍സരത്തിന്‍റെ നിമിഷമായിരുന്നു, ഒരുപക്ഷേ ടൂർണമെന്‍റിന്‍റെ നിമിഷവും എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മെസിക്കൊപ്പമുള്ള കുഞ്ഞ് യമാലിന്റെ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ‘രണ്ട് ഇതിഹാസങ്ങളുടെ ആരംഭം‘ എന്ന പേരിൽ യമാലിന്റെ പിതാവാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഏകദേശം 17 വർഷം മുൻപ് ചാരിറ്റി കലണ്ടറിനായുള്ള ഫോട്ടോ ഷൂട്ടിലാണ് ജോവാൻ മോൺഫോർട്ട് എന്ന ഫോട്ടോഗ്രാഫർ മെസിയും കുഞ്ഞ് യമാലിന്റെയും ചിത്രം പകർത്തിയത്.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്‌പെയ്‌നിന്റെ ജയം. ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. എട്ടാം മിനിറ്റിൽ കോളോ മുവാനിയിലൂടെ മുന്നിലെത്തിയെങ്കിലും ഫ്രാൻസിന് മിനുട്ടുകൾക്കകം മറുപടിയെത്തി. 21-ാം മിനിറ്റിലാണ് ലാമിൻ യമാലിന്റെ ചരിത്ര ഗോൾ പിറന്നത്. 25-ാം മിനിറ്റിൽ ഡാനി ഓൽമോയുടെ ഗോളുമെത്തിയതോടെ സ്‌പെയിൻ ഫൈനൽ ടിക്കറ്റ് മുറിച്ചു.
സ്വിറ്റസർലാൻഡിന്‍റെ ജോനാൻ വോൻലാദനൽ 2004 ൽ ഫ്രാൻസിനെിരെ നേടിയ ഗോളാണ് യമാൽ പഴയങ്കഥയാക്കിയത്. അന്ന് 18 വയസും 141 ദിവസവുമായിരുന്നു ജോനാന്റെ പ്രായം. മൂന്ന് അസിസ്റ്റും ഒരു ഗോളുമായി യൂറോയിൽ യമാൽ ചർച്ചയായി. അതേസമയം ബാഴ്‌സലോണയിലെ തകർപ്പൻ പ്രകടനത്തോടെ പല റെക്കോർഡും യമാൽ തിരുത്തിയെഴുതിയിരുന്നു. ബാഴ്സലോണയ്ക്ക് വേണ്ടി ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും യമാൽ സ്വന്തമാക്കിയിരുന്നു.